ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിച്ച് ഉത്തരവിറക്കണമെന്നും പ്രതിഷേധക്കാരുടെ മേല്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളിയില്‍ തുടങ്ങിയ സത്യഗ്രഹ സമരത്തിന് ഏപ്രിൽ 20ന് ഒരുവര്‍ഷം തികയുന്നു. അന്നേദിവസം സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹസമരം നടത്തും.
സമരസമിതി ജില്ല ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് സമരപോരാളികളെ ആദരിക്കും. സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത മാടപ്പള്ളി റീത്തുപള്ളി ജങ്ഷനില്‍ മാര്‍ച്ച് 17ന് നടന്ന പൊലീസ് അതിക്രമം നടന്ന സ്ഥലത്താണ് സമരപ്പന്തല്‍ ഉയര്‍ന്നത്.
ദിവസവും രാവിലെ 10 മുതല്‍ 12 വരെയാണ് സമരം നടക്കുന്നത്. 90 ഓളം രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകള്‍ സത്യഗ്രഹ സമരം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കേന്ദ്രമന്ത്രി വി. മുരളീധരന്, രമേശ് ചെന്നിത്തല, പി.ജെ ജോസഫ്, മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കുറിലോസ് തുടങ്ങിയ നിരവധിപേര്‍ സമരത്തില്‍ പങ്കാളികളായി. സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.