പട്ടയം ലഭിക്കൽ ചുണ്ടിനും കപ്പിനും ഇടയിൽ വഴുതിയ കഥയാണ് ഏറ്റവും ഒടുവിലത്തേത്. അനുകൂലമായി ഹൈകോടതി വിധി ഉണ്ടായിട്ടും തൊടു ന്യായങ്ങൾ പറഞ്ഞ് അപ്പീൽപോയി നാട്ടുകാരുടെ പട്ടയ സാധ്യത ഇല്ലാതാക്കുകയായിരുന്നു കഴിഞ്ഞ പിണറായി സർക്കാർ.
വനഭൂമിയും തോട്ടഭൂമിയുമെല്ലാം തോട്ട ഉടമകൾക്കും വൻകിട ഭൂ ഉടമകൾക്കും യഥേഷ്ടം ഉപയോഗിക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ പഴുതുകൾ ഉണ്ടാക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാറാണ് പാവങ്ങൾക്ക് ഭൂമി സ്വന്തമാകുന്ന വിധി അട്ടിമറിച്ചത്.
രവീന്ദ്രൻ പട്ടയം വെളുപ്പിച്ചുനൽകാൻ നടപടിയെടുക്കുന്ന അതേ സർക്കാറാണ് പൊന്തൻപുഴയിൽ പാവങ്ങൾക്ക് പട്ടയം നൽകാനുള്ള അവസരം അട്ടിമറിച്ചതെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.
ഒന്നാം പിണറായി സർക്കാർ കേസ് അട്ടിമറിച്ചു
ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് നടന്ന ആ അട്ടിമറി കഥയിങ്ങനെയാണ്: വലിയകാവ്, ആലപ്ര, കരിക്കാട്ടൂർ എന്നീ വനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച ഒരു നൂറ്റാണ്ടിനുമേൽ പഴക്കമുള്ള വ്യവഹാര പരമ്പരയാണ് പൊന്തൻപുഴ വനം കേസ്. കേരള സർക്കാറും ഏഴുമറ്റൂർ നെയ്തല്ലൂർ കോവിലകവും തുടങ്ങിവെച്ച ഈ നിയമപോരാട്ടം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന സിവിൽ വ്യവഹാരമാണ്. 7000 ഏക്കറോളം വരുന്ന നിബിഡ വനം സ്വന്തമാക്കാൻ 283 സമ്പന്നരായ സ്വകാര്യ വ്യക്തികൾ സംയുക്തമായി സർക്കാറിനോട് പടവെട്ടുന്നു.
ആ സംഘത്തിൽ മൂന്നാർ മുതൽ ആലപ്പുഴവരെയും കൊല്ലം മുതൽ ഹോസ്ദുർഗ് വരെയുമുള്ള വ്യക്തികൾ, ട്രസ്റ്റുകൾ സൊസൈറ്റികളുണ്ട്. ഇവരുടെ നേതാവ് പാലാ സ്വദേശി പരിപ്പിൽ ഈറ്റതോട്ടത്തിൽ ചെറിയത് ജോസഫാണ്. ഇദ്ദേഹം മധ്യകേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിെൻറ ബന്ധുവാണ്.
മറ്റൊരാൾ പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവാണ്. സർക്കാറിനോട് പടവെട്ടുന്ന 283പേരിൽ വലിയകാവ് വനം ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന പെരുമ്പെട്ടി വില്ലേജിൽനിന്ന് ആരുമില്ല. വനവുമായി അതിർത്തി പങ്കിടുന്നവരായും ആരുമില്ല.
കോടതി നിശ്ചയിച്ച വിവിധ കമീഷനുകൾ സ്ഥലം സന്ദർശിച്ചപ്പോൾ തങ്ങളുടെ ഭൂമി എവിടെയാണെന്ന് കാണിച്ചുകൊടുക്കാൻ വനത്തിന് അവകാശവാദം ഉന്നയിച്ച ഇവർക്ക് കഴിഞ്ഞില്ല. 290 ഏക്കർ ഭൂമി വലിയകാവിൽ ഉണ്ടെന്ന് അവകാശപ്പെട്ടുവന്ന പ്രശസ്ത ഗാനരചയിതാവിന്, ഏഴുമറ്റൂർ വർമമാരുടെ കുടുംബത്തിൽനിന്നാണ് തെൻറ ഒരു വല്യമ്മ എന്നു മാത്രമാണ് പറയാനുണ്ടായിരുന്നത്. ആകെ അവർക്ക് പറയാനുള്ളത് തിരുവിതാംകൂർ രാജാവ് രണ്ടര നൂറ്റാണ്ടുമുമ്പ് ചെമ്പോലയിൽ ശാസനം എഴുതി ഏഴുമറ്റൂർ കോവിലകത്തിനുനൽകിയ ഭൂമിയാണ് ഇതെന്നാണ്. ആ പട്ടയം കോടതിയിൽ ഇവർ ഹാജരാക്കിയില്ല. പകരം അതിെൻറ തർജമ എന്നപേരിൽ ഒരു കടലാസ് മാത്രം സമർപ്പിച്ചു.
ഇവർ ഹാജരാക്കിയ മുഴുവൻ രേഖകളും വ്യാജമാണെന്ന് 1991ൽ ഹൈകോടതി വിധിച്ചു. ഇതിനെതിരെ സുപ്രീംകോടതിയിൽ പോയ സംഘം വീണ്ടും കേസ് പുനഃപരിഗണിക്കാനുള്ള ഉത്തരവ് 2003ൽ നേടി. 2016 മേയ് 25ന് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തി.
സർക്കാർ ഭാഗം സമർഥമായി അവതപ്പിച്ചിരുന്ന സുശീല ആർ.ഭട്ടിനെ തൽസ്ഥാനത്തുനിന്ന് നീക്കി. പകരം എം.പി. പ്രകാശിനെ പ്ലീഡറാക്കി. 2018ൽ വനംകേസിൽ സർക്കാർ പരാജയപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥത സ്വകാര്യ വ്യക്തികൾക്കാണെന്ന് കോടതി വിധിച്ചു.
എന്നാൽ, സർക്കാറിന് അനുകൂലമായ ഒരു അനുബന്ധ വിധിയും ഒപ്പം ഉണ്ടായിരുന്നു. ഉടമസ്ഥത സ്വകാര്യ വ്യക്തികൾക്കാണെങ്കിലും സ്വാഭാവിക വനം ആയതിനാൽ 1970ലെ സ്വകാര്യവനം ഏറ്റെടുക്കൽ നിയമമോ 2003ലെ പരിസ്ഥിതിലോല പ്രദേശം ഏറ്റെടുക്കൽ നിയമമോ ഉപയോഗിച്ച് ഭൂമി സർക്കാറിന് സ്വന്തമാക്കാം എന്നായിരുന്നു അത്. ഉത്തരവാദിത്തമുള്ള വനംവകുപ്പ് മേലധികാരികൾ ഉടൻ ഭൂമി ഏറ്റെടുക്കുകയല്ലേ വേണ്ടിയിരുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ചതിച്ചത് വനംമേധാവി ബെന്നിച്ചൻ തോമസോ?
പക്ഷേ, സംഭവിച്ചത് വീണ്ടും കോടതിയെ സമീപിക്കലായിരുന്നു. ഇപ്പോഴത്തെ വനം മേധാവി ബെന്നിച്ചൻ തോമസായിരുന്നു അതിന് പിന്നിലെന്നാണ് സമരസമിതിയുടെ ആരോപണം. വീണ്ടും പുനഃപരിശോധന ഹരജി നൽകിയത് ഇദ്ദേഹത്തിെൻറ താൽപര്യപ്രകാരമായിരുന്നത്രെ. ഇത് വനം മാഫിയയെ സഹായിക്കുന്ന നടപടിയായി. പെരുമ്പെട്ടി, ആലപ്ര മേഖലയിൽ വനം കൈയേറിയ കുറെ മനുഷ്യരുണ്ടെന്നും അവർക്ക് പട്ടയം നൽകണമെങ്കിൽ കേസ് നടത്തി ഭൂമിയുടെ ഉടമസ്ഥത നേടാമെന്നുമാണ് അദ്ദേഹം വാദിച്ചത്. അന്ന് ബെന്നിച്ചൻ തോമസ് വനം മാനേജ്മെന്റ് വിഭാഗം പ്രിൻസിപ്പൽ കൺസർവേറ്റർ ആയിരുന്നു.
ഹൈകോടതിയുടെ പുനഃപരിശോധനയിൽ സർക്കാറിന് വീണ്ടും പരാജയം സംഭവിച്ചു. ഇപ്പോൾ കേസ് വീണ്ടും സുപ്രീം കോടതിയിലാണ്. സർക്കാറിന് അനുകൂലമായി ഉപയോഗിക്കാവുന്ന 2018 വിധി മരവിപ്പിക്കപ്പെട്ടു. നാട്ടുകാരുടെയും സമരക്കാരുടെയും വാദമുഖങ്ങൾ അംഗീകരിക്കാതെ ഉദ്യോഗസ്ഥരുടെ ഇംഗിതം അനുസരിച്ച് വീണ്ടും കോടതികയറാൻ വഴിയൊരുക്കിയ ഒന്നാം പിണറായി സർക്കാർ തങ്ങളെ വഞ്ചിച്ചെന്ന് നാട്ടുകാർ പറയുന്നു. 1970ലെ നിയമപ്രകാരം ഭൂമി ഏറ്റെടുത്താൽ കർഷകർക്ക് ഭൂമി പതിച്ചുനൽകാൻ അതിൽ വ്യവസ്ഥയുണ്ടായിരുന്നു. അങ്ങനെ ഭൂമി നാട്ടുകാർക്ക് സ്വന്തമാകുമായിരുന്നു.
വീണ്ടും പുനഃപരിശോധന ഹരജി നൽകാൻ ബെന്നിച്ചൻ തോമസ് എടുത്ത തീരുമാനത്തിന് പിന്നിലെ കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാവ് സന്തോഷ് പെരുമ്പെട്ടി വനം വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. അതിൽ വ്യാഴാഴ്ച തെളിവെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.