കങ്ങഴ: വാഴൂർ പഞ്ചായത്ത് 16ാം വാർഡിലെ മൂലേപ്പീടികയിൽ ജനവാസകേന്ദ്രത്തിൽ തുറന്ന കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന ജനകീയ സമരം 50ാം ദിവസത്തിലേക്ക്. നൂറുകണക്കിന് യാത്രക്കാരും വിദ്യാർഥികളുമെത്തുന്ന മൂലേപ്പീടിക കവലയിൽ ഷാപ്പ് അനുവദിച്ചത് സുരക്ഷാ മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ഷാപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മാലിന്യസംസ്കരണത്തിന് സംവിധാനമോ ശൗചാലയമോ ഇല്ലെന്നും ഇവർ പറയുന്നു. ജനകീയ സമരത്തെ തുടർന്ന് നേരത്തേ ഷാപ്പ് പൂട്ടിയിരുന്നു. എന്നാൽ, വീണ്ടും തുറക്കുകയായിരുന്നു. ഇതിനു പിന്നിൽ ഉന്നതരുടെ ഇടപെടൽ ആണെന്നാണ് സമരസമിതി പറയുന്നത്. തെരുവിൽ സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിച്ചിട്ടും പ്രശ്നപരിഹാരത്തിന് കൃത്യമായ ഇടപെടലുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. സമരം നടക്കുമ്പോഴും ഷാപ്പിൽ കച്ചവടം നടക്കുകയാണ്. വില്ലേജ്, താലൂക്ക്, കലക്ടർ, എം.എൽ.എ തുടങ്ങിയ അധികാര കേന്ദ്രങ്ങളിൽ എല്ലാം പരാതി നൽകിയിട്ടും ഇതുവരെ തീരുമാനമായില്ല.
ഇതിനിടെ സമരസമിതി ഹൈകോടതിയെ സമീപിച്ചു. അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകാതെ വന്നപ്പോഴാണ് സമരസമിതി ഹൈകോടതിയെ സമീപിച്ചത്. 15 ദിവസത്തിനുള്ളിൽ പ്രശ്നത്തെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ കോടതി കലക്ടറോട് ആവശ്യപ്പെട്ടു. ഇതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. മൂലേപ്പീടിക കവലയിൽനിന്ന് ഷാപ്പ് മാറ്റി സ്ഥാപിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.