ചങ്ങനാശ്ശേരി: ബൈപാസ് റോഡ്, കാത്തിരിപ്പുകേന്ദ്രം, റെയില്‍വേ റോഡ്, ഇടറോഡുകള്‍, നഗരത്തിലെ പ്രധാന ഇടങ്ങള്‍, പെരുന്ന ബസ് സ്റ്റാന്‍ഡ്, പെരുന്ന റെഡ് സ്ക്വയര്‍, ടി.ബി റോഡ്, സ്റ്റേഡിയം റോഡ്, ആശുപത്രി റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളിലെ വിളക്കുകള്‍ മിഴിയടച്ചു. സൗരോർജ ലൈറ്റുകളുണ്ടെങ്കിലും വെളിച്ചം കുറവാണ്. വാഹനങ്ങളില്‍നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ രാത്രിയായാല്‍ കൂരിരുട്ടാണ്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ബൈപാസില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബൈക്കപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോർ വാഹനവകുപ്പ് എന്‍ഫോഴ്സ്മെൻറും നടത്തിയ പരിശോധനയില്‍ റോഡിലെ വെളിച്ചക്കുറവും അപകട സാധ്യതയായി കണക്കാക്കിയിരുന്നു.
നഗരം മാത്രമല്ല, ഇടറോഡുകളും ഗ്രാമപ്രദേശങ്ങളും ഉള്‍പ്പെടെ ഇരുട്ടിലാണ്. എം.സി റോഡില്‍ വാഴപ്പള്ളി സെൻറ് തെരേസാസ് സ്കൂളിനുസമീപം പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയില്‍ കഴിഞ്ഞദിവസം രാത്രി പാമ്പാടി സ്വദേശികളായ ദമ്പതികള്‍ യാത്രചെയ്ത ബൈക്ക് അകപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിര്‍മിച്ച ബൈപാസിലൂടെയുള്ള യാത്ര നരകതുല്യമായി. വീടുകളിലെയും വാഹനങ്ങളിലെയും വെളിച്ചം മാത്രമാവും കാല്‍നടക്കാര്‍ക്ക് ആശ്രയം. മാലിന്യം തള്ളാന്‍ ഇടംനോക്കി നടക്കുന്നവര്‍ക്കും ഇത് അനുകൂല സാഹചര്യമാണ്.
ളായിക്കാട്, റെയില്‍വേ ഭാഗത്ത് റോഡിനിരുവശത്തും കവറുകളില്‍ കെട്ടിയനിലയില്‍ മാലിന്യക്കൂമ്പാരം നിറഞ്ഞു. നഗരത്തിലെ പല ഇടറോഡുകളും സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. നഗരസഭ വാര്‍ഡുകളിലെ പ്രകാശിക്കാത്ത ലൈറ്റുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയെന്നും നിലാവ് പദ്ധതിയുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളില്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് പട്ടിക കെ.എസ്.ഇ.ബിക്ക് കൈമാറിയെന്നും ലഭ്യതയനുസരിച്ച് ലൈറ്റിട്ടുതുടങ്ങുമെന്നും നഗരസഭ ചെയര്പേഴ്സൻ സന്ധ്യ മനോജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.