ചങ്ങനാശ്ശേരി: വാക്കുതർക്കത്തെ തുടർന്ന് മടുക്കുംമൂട്ടിൽ വീട് അടിച്ചുതകർത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. വടക്കേക്കര പുതുപ്പറമ്പിൽ ജിറ്റോ വർഗീസ് (23), ചെത്തിപ്പുഴ ചൂരപ്പറമ്പിൽ സിനോയി സിബിച്ചൻ (21), കുരിശുംമൂട് തകിടിപ്പറമ്പിൽ ഷമീർ ഷാജി (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. മടുക്കുംമൂട് പള്ളിപ്പറമ്പിൽ നൗഷാദിെൻറ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.
ജനാലച്ചില്ലുകളും വാതിലുകളും വീടിനു മുന്നിൽ നിർത്തിയിട്ട ഇന്നോവ കാർ, വോക്‌സ് വാഗൺ കാർ എന്നിവയും തകർത്തിരുന്നു. കഴിഞ്ഞ ഒമ്പതിന് രാത്രി 9.30നായിരുന്നു സംഭവം. നൗഷാദിെൻറ മക്കളും പ്രതികളും തമ്മിലുള്ള വാക്കുതർക്കമാണ് തർക്കത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
നൗഷാദ് ആദ്യം ചങ്ങനാശ്ശേരി പൊലീസിലാണ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും സംഭവ നടന്ന സ്റ്റേഷൻ പരിധി പരിഗണിച്ച് കേസ് തൃക്കൊടിത്താനം പൊലീസിനുകൈമാറി. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം പ്രതികൾ ബൈക്കിലും കാറിലുമായി പാമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലൂടെ സഞ്ചരിക്കുന്നതിനിടെ പിടികൂടാൻ ശ്രമിച്ചു. ഇതോടെ ഇവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുവാൻ ശ്രമിച്ചെങ്കിലും പാമ്പാടി പൊലീസ് പിന്തുടർന്ന് പിടികൂടി തൃക്കൊടിത്താനം പൊലീസിനു കൈമാറി.
ടിറ്റോയും സിബിയും പല കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഷഹാൻ ഷൈജു (27) എന്ന ഒരാളെക്കൂടെ തൃക്കൊടിത്താനം പൊലീസ് ആലപ്പുഴയിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ ചോദ്യംചെയ്ത് ഇയാളെ വിട്ടയച്ചു.പ്രതി ജിറ്റോ വർഗീസിെൻറ പേരിൽ വീട്ടമ്മയുടെ മാലപറിച്ചതിന് ചിങ്ങവനം സ്റ്റേഷനിൽ കേസുണ്ട്. വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ജുവനൈൽ ജയിലിൽ ജിനോ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
എസ്.എച്ച്.ഒ അജീബ്, എസ്.ഐമാരായ വി.എസ് പ്രദീപ്, വി.എസ് ജയകൃഷ്ണൻ, അനിൽകുമാർ, മറ്റ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, കെ.സി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.