ചങ്ങനാശ്ശേരി: നഗരമധ്യത്തിലെ ലോഡ്ജില്‍നിന്ന് നാലു കിലോ കഞ്ചാവുമായി പിടിയിലായ മൂന്നുപേർ റിമാൻഡിലായി. ആലുവ അരീക്കല്‍ വീട്ടില്‍ എബിന് ജോയി (33), ചങ്ങനാശ്ശേരി വണ്ടിപ്പേട്ട പറാല്‍ സ്വദേശി ദിവാന്‍ജി (34), ചങ്ങനാശ്ശേരി പുഴവാത് പാറാട്ട് താഴ്ചയില്‍ അസീസ് (27) എന്നിവരെയാണ് ചങ്ങനാശ്ശേരി എക്സൈസ് പിടികൂടിയത്. ചങ്ങനാശ്ശേരി ഐ.സി.ഒ ജങ്ഷനിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെയും മാര്‍ക്കറ്റില്‍ അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന 4.400 ഗ്രാം കഞ്ചാവും പിടികൂടിയത്.
ഒന്നാംപ്രതി എബിന് ജോയി മീന്‍ ലോറി ഡ്രൈവറാണ്. ആന്ധ്രയില്‍ മീന്‍ എടുക്കാൻ പോയ എബിന് കഞ്ചാവ് വാങ്ങി ലോറിയില്‍ ആലുവയില്‍ എത്തിച്ചു. ഇവിടെ നിന്ന് വില്പനക്ക് ചങ്ങനാശ്ശേരിയില്‍ കൊണ്ടുവന്ന് കൈമാറുന്നതിനിടെ ലോഡ്ജ് വളഞ്ഞ എക്സൈസ് സംഘം മൂവർ സംഘത്തെ പിടികൂടുകയായിരുന്നു. നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് ചങ്ങനാശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അല്‍ഫോൻസ് ജേക്കബ് പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ നടന്ന രണ്ടാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്. രണ്ടാഴ്ച മുമ്പാണ് ആലുവയില്‍നിന്ന് എത്തിച്ച 10 കിലോ കഞ്ചാവ് കുറിച്ചിയില്‍ കാറില്‍നിന്ന് എക്സൈസ് പിടികൂടിയത്. ഇവർക്ക് ആലുവ സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് എക്സൈസ് അറിയിച്ചു.
പ്രിവൻറിവ് ഓഫിസര്‍മാരായ നിസാം, പി.എം. പ്രദീപ് കുമാര്‍, എന്‍. നൗഷാദ്, ഫിലിപ്പ് തോമസ്, സിവില്‍ ഓഫിസര്‍മാരായ കെ.എന്‍. സുരേഷ് കുമാര്‍, ലിബിന്, നജീമുദ്ദീന്, വിയേഷ്, അനിസ്, മനീഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.