ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ വെള്ളം കയറിയപ്പോൾ

എ.സി റോഡ്​ മുങ്ങി; ഗതാഗതം നിലച്ചു

ചങ്ങനാശ്ശേരി: കിഴക്കന്‍ വെള്ളത്തി​െൻറ വരവ്​ ശക്തമായതോടെ എ.സി റോഡുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പെരുന്ന വെസ്​റ്റ്​ വി.ബി യു.പി സ്‌കൂളില്‍ ആദ്യത്തെ ക്യാമ്പ് തുറന്നു. പൂവം, പെരുമ്പുഴക്കടവ് പ്രദേശത്തുള്ള 11 കുടുംബങ്ങളില്‍നിന്ന്​ എട്ട് പുരുഷന്മാര്‍, 16 സ്ത്രീകള്‍, 22കുട്ടികളുമായി 46 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

എ.സി കനാൽ നിറഞ്ഞ്​ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലേക്ക് വെള്ളംകയറി. തുടർന്ന്​ ചങ്ങനാശ്ശേരിയില്‍നിന്ന്​ ആലപ്പുഴക്കുള്ള കെ.എസ്.ആര്‍.ടി.സി സർവിസ്​ നിര്‍ത്തിവെച്ചു.

സ്വകാര്യ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും വിവിധ ഭാഗങ്ങളില്‍ ഇരുചക്രവാഹന യാത്ര ദുഷ്‌കരമാണ്​. താഴ്ന്ന പ്രദേശമായ നക്രാല്‍ പുതുവേല്‍, മൂലേപുതുവേല്‍, അറുനീരില്‍ പുതുവേല്‍, കമങ്കേരിച്ചിറ എന്നിവിടങ്ങളിലെ വീടുകളില്‍ രണ്ടടി വെള്ളംകയറി.

നക്രാല്‍ പുതുവേലും അറുനൂറില്‍ പുതുവേലും ഒറ്റപ്പെട്ട അവസ്ഥയിലാണ്​. കോവിഡ് ഭീതിയയിൽ ഇവിടംവിട്ട്​ വിട്ട് ക്യാമ്പുകളിലേക്ക് പോകാന്‍ ആരും തയാറാകുന്നില്ല.

എ.സി റോഡ് പുറമ്പോക്ക് കോളനി, പൂവം, അംബേദ്കര്‍ കോളനി തുടങ്ങി ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളംകയറി. വാഴപ്പള്ളി പഞ്ചായത്തില്‍ വെട്ടിത്തുരുത്ത്, തുരുത്തേല്‍, പറാല്‍, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര രുഇഞ്ചന്‍തുത്ത്, ചാമ, തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ, തൃക്കൊടിത്താനം പഞ്ചായത്തില്‍ വേഷ്​ണാല്‍, ഇരുപ്പ, പൊട്ടശ്ശേരി, ചെറുവേലി, കുറിച്ചി പഞ്ചായത്തിലെ 17ാം വാര്‍ഡ് അട്ടച്ചിറ ലക്ഷംവീട് കോളനി, റെയില്‍വേ പുറമ്പോക്കിലെ പുനരധിവസിപ്പിച്ച ഭാഗം, വാലുമ്മേല്‍ച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി പ്രദേശങ്ങളിലും വെള്ളംകയറി.

ദുരിതബാധിതര്‍ക്കായി കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കുമെന്ന് താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.

ഇതിനായി താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസുകളിലുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുറന്നു. ഫോൺ: 0481 2420037.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.