ഈരാറ്റുപേട്ട: മിനിസിവിൽ നിർമാണത്തിനായി തെക്കേക്കരയിലെ നഗരസഭയുടെ സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദറും വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസും പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്നും ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2022-23ലെ സംസ്ഥാന ബജറ്റിലാണ് മിനിസിവിൽ സ്റ്റേഷനായി 10 കോടി അനുവദിച്ചത്. വടക്കേക്കരയിലെ പൊലീസ് സ്റ്റേഷൻ പരിസരത്തെ പുറമ്പോക്ക് ഭൂമിയിൽനിന്ന് 1.40 ഏക്കർ സ്ഥലം വിട്ടുനൽകാനും ധാരണയായിരുന്നു. എന്നാൽ, പിന്നീട് നിലപാട് മാറ്റിയ ആഭ്യന്തരവകുപ്പ്, സ്ഥലം വിട്ടുനൽകാൻ കഴിയില്ലെന്ന് സർക്കാറിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ട് വൻ വിവാദമായിരുന്നു.
റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെയെ നേരിൽ സന്ദർശിച്ച് എം.എൽ.എയും സർവകക്ഷി സംഘവും നിവേദനം നൽകിയെങ്കിലും നാല് മാസമായിട്ടും ഒരു മറുപടിപോലും നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് തയാറായിട്ടില്ലന്നും ചെയർപേഴ്സൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പദ്ധതി മുടങ്ങാതിരിക്കാൻ നഗരസഭ സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് അറിയിച്ചത്.യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ രാത്രി 10വരെ ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
യു.ഡി.എഫ് മണ്ഡലം കൺവീനർ റാസി ചെറിയ വല്ലം, നഗരസഭ മുസ്ലിം ലീഗ് പ്രസിഡന്റ് അൻവർ അലിയാർ, ഡോ. സഹ് ല ഫിർദൗസ്, റസീം മുതുകാട്ടിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.