കോട്ടയം: 2011ലെ മണ്ഡല പുനർനിർണയശേഷം ഇടതിെൻറ കോട്ടയായാണ് ഏറ്റുമാനൂർ അറിയപ്പെടുന്നത്. കേരള കോൺഗ്രസിനും സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ജില്ലയിൽ എൽ.ഡി.എഫ് പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. എന്നാൽ, അതിനുമുമ്പ് കേരള കോൺഗ്രസുകാരെയും കോൺഗ്രസിനെയും മാറിമാറി ജയിപ്പിച്ച ചരിത്രമാണ് ഏറ്റുമാനൂരിനുള്ളത്. ഇവിടെ ചെങ്കൊടി പാറിയത് മൂന്നുതവണ മാത്രമാണ്.
കോൺഗ്രസിലെ ജോസഫ് ജോർജ് 1957ൽ ആദ്യ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐയുടെ സി.എസ്. ഗോപാലപിള്ളയെ 1493 വോട്ടിനാണ് തോൽപിച്ചത്. 1960ൽ കോൺഗ്രസിലെ തന്നെ േജാർജ് ജോസഫ് പൊടിപ്പാറ വിജയിച്ചു. ഇദ്ദേഹം 1987ൽ സ്വതന്ത്രനായും മത്സരിച്ചു ജയിച്ചു. 1965ൽ എം.എം. ജോസഫ് (കേരള കോൺഗ്രസ്), 1967ൽ പി.പി. വിൽസൻ (എസ്.എസ്.പി), 1970ൽ പി.ബി. രാമൻപിള്ള എന്ന പി.ബി.ആർ. പിള്ള (എസ്.ഒ.പി), 1977ൽ പി.ബി.ആർ. പിള്ള (ബി.എൽ.ഡി) എന്നിവർ വിജയിച്ചു.
1980ലാണ് എൽ.ഡി.എഫിന് ആദ്യജയം. സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച വൈക്കം വിശ്വനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റുമാനൂരിനെ നാലുതവണ അടക്കിവാണ തോമസ് ചാഴികാടൻ മത്സരരംഗത്തെത്തുന്നത് 1991ലാണ്. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടന് പകരക്കാരനായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിമിന്നലേറ്റാണ് ബാബു ചാഴികാടൻ മരിച്ചത്. അദ്ദേഹത്തിെൻറ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടൻ മത്സരിക്കാനെത്തുകയും 889 വോട്ടിന് വൈക്കം വിശ്വനെ തോൽപിച്ച് നിയമസഭയിലെത്തുകയും ചെയ്തു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 2006വരെ തോമസ് ചാഴികാടനെ തന്നെ തുണച്ചു മണ്ഡലം.
2008ൽ മണ്ഡലങ്ങളുടെ അതിർത്തി മാറ്റി നിർണയിച്ചപ്പോൾ ഇടതിന് കോട്ടയം മണ്ഡലത്തിൽ നഷ്ടം വന്നപ്പോൾ നേട്ടമുണ്ടായത് ഏറ്റുമാനൂരിനാണ്. ഇടതുകേന്ദ്രങ്ങളായ കുമരകം, തിരുവാർപ്പ് തുടങ്ങിയ പഞ്ചായത്തുകൾ ഏറ്റുമാനൂരിനൊപ്പമായി.
2011ൽ നടന്ന തെരഞ്ഞെടുപ്പിൽ 1801 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ. സുരേഷ് കുറുപ്പ് (സി.പി.എം) സീറ്റ് പിടിച്ചെടുത്തു. 2016ലും കെ. സുരേഷ് കുറുപ്പ് വിജയം ആവർത്തിച്ചു. ഇത്തവണ എൽ.ഡി.എഫിൽനിന്ന് മണ്ഡലത്തിൽ ഉയർന്നുകേൾക്കുന്ന പേരുകൾ സുരേഷ് കുറുപ്പിെൻറയും വി.എൻ. വാസവെൻറയുമാണ്. രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധനയുണ്ടെങ്കിലും പകരം പറയാൻ യോജിച്ച മറ്റൊരു പേരില്ലെന്നതിനാൽ ഏറ്റുമാനൂരിന് ഇളവുണ്ടായേക്കും. ജോസ് കെ. മാണിയുടെ സാന്നിധ്യവും മണ്ഡലത്തിെൻറ ഇടതുസ്വഭാവവും സുരേഷ് കുറുപ്പിെൻറ ക്ലീൻഇമേജും തന്നെയാണ് ഇത്തവണ എൽ.ഡി.എഫ് പ്രതീക്ഷ.
യു.ഡി.എഫിൽ ജോസഫ് വിഭാഗം ഏറ്റുമാനൂരിനായി നീക്കം നടത്തുന്നുണ്ടെങ്കിലും കോൺഗ്രസ് സീറ്റ് ഏറ്റെടുക്കാനാണ് സാധ്യത. മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിനാണ് മുൻതൂക്കം. നാട്ടുകാരിയാണെന്നതും ജില്ല പഞ്ചായത്തിലേക്ക് രണ്ടുതവണ മത്സരിച്ചു ജയിച്ചതും ലതികക്ക് തുണയാവും.
തദ്ദേശ തെരഞ്ഞെടുപ്പിൽ അയ്മനംപോലുള്ള ചില കേന്ദ്രങ്ങളിൽ ബി.ജെ.പിക്ക് സ്വാധീനമുണ്ട്. ഏറ്റുമാനൂർ നഗരസഭയും അയ്മനം, ആർപ്പൂക്കര, കുമരകം, നീണ്ടൂർ, തിരുവാർപ്പ്, അതിരമ്പുഴ പഞ്ചായത്തുകളും അടങ്ങുന്നതാണ് നിയോജക മണ്ഡലം.
ഏറ്റുമാനൂർ നഗരസഭയും ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളും യു.ഡി.എഫും അയ്മനം, നീണ്ടൂർ, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചരിത്രം
1957 ജോസഫ് ജോർജ് (കോൺഗ്രസ്) 1493
1960 േജാർജ് ജോസഫ് പൊടിപ്പാറ (കോൺഗ്രസ്) 8558
1965 എം.എം. ജോസഫ് (കേരള കോൺഗ്രസ്) 9158
1967 പി.പി. വിൽസൻ (എസ്.എസ്.പി) 4035
1970 പി.ബി.ആർ. പിള്ള (എസ്.ഒ.പി) 5041
1977 പി.ബി.ആർ. പിള്ള (ബി.എൽ.ഡി) 242
1980 വൈക്കം വിശ്വൻ (സി.പി.എം) 374
1982 ഇ.ജെ. ലൂക്കോസ് (കേരള കോൺഗ്രസ് ജെ) 6243
1987 ജോർജ് ജോസഫ് പൊടിപ്പാറ (സ്വതന്ത്രൻ) 2533
1991 തോമസ് ചാഴികാടൻ (െക.സി എം) 886
1996 തോമസ് ചാഴികാടൻ (കെ.സി എം) 13377
2001 തോമസ് ചാഴികാടൻ (കെ.സി എം) 20144 2006 തോമസ് ചാഴികാടൻ (കെ.സി (എം) 4980
2011 കെ. സുരേഷ്കുറുപ്പ് (സി.പി.എം) 1801
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.