പ്രതിസന്ധിയിൽ തകർന്ന് നിർമാണ മേഖല

കോട്ടയം: പ്രതിസന്ധിയിൽനിന്ന് കരകയറാനാകാതെ നിർമാണ മേഖല. സിമന്‍റ് മുതൽ പെയിന്‍റുവരെയുള്ള പ്രധാന നിർമാണ സാമഗ്രികൾക്ക് വില കൂടിയതോടെ സ്വന്തമായൊരു വീടെന്ന സ്വപ്‌നം ബഹുദൂരം അകലെയാകുന്നു. സമീപകാലത്തായി ഏറ്റവും ഉയർന്ന വിലയാണ് മിക്ക ഇനങ്ങൾക്കും. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കേ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർമാണങ്ങളും ഇതോടെ പ്രതിസന്ധിയിലാണ്.

സിമന്‍റിന് 20 മുതൽ 40 രൂപവരെ വർധിച്ചു. രണ്ടുമാസം മുമ്പ് 375 രൂപക്ക് സൈറ്റിൽ ഇറക്കിനൽകിയിരുന്ന സിമന്‍റിന് ഇപ്പോൾ വാങ്ങുന്നത് 430 രൂപയാണ്. ഏതാനും മാസംമുമ്പ് വരെ മിനി ടിപ്പറിന് (150 അടി) ഒരു ലോഡ് കല്ലിന് 5500, 6000 രൂപയായിരുന്നുവെങ്കിൽ നിലവിൽ 6500 രൂപയാണ്. മെറ്റലിന് ഒരടിക്ക് 38 രൂപയും എം സാൻഡിന് 60 രൂപയുമാണ് നിരക്ക്.

കിലോക്ക് 67.50 രൂപയായിരുന്ന കമ്പിവില 72.50 രൂപയായി ഉയർന്നു. ഡിമാൻഡുള്ള കമ്പനിയുടെ കമ്പി വില 78.50 രൂപയിൽനിന്ന് 83.50 രൂപയായി ഉയർന്നു. നിർമാണ സാമഗ്രികൾക്കെല്ലാം വില കുതിച്ചതോടെ താൽക്കാലികമായി പണി നിർത്തിവെച്ച കെട്ടിട ഉടമകളുണ്ട്. ഇതിനൊപ്പം തിരിച്ചടിയായി വെള്ളത്തിന്‍റെ ക്ഷാമവും. നിർമാണ സാമഗ്രികളുടെ വിലക്കയറ്റം മറികടക്കാൻ നിർമാണത്തിൽ കരാറുകാർ പൊടിക്കൈ കാണിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിർമാണത്തെ ബാധിക്കും. സിമന്‍റും കമ്പിയുമൊക്കെ നിശ്ചിത അനുപാതത്തിൽ ചേർക്കാതെയുള്ള നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ തകരാൻ ഇടയാക്കുന്നു. കൂടാതെ, പെയിന്‍റ് വിലയിലും വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മറ്റു നിർമാണങ്ങളെല്ലാം പൂർത്തിയാക്കി പെയിന്‍റിങ് മാത്രം അവശേഷിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളാണ് ഇതോടെ പ്രതിസന്ധിയിലായത്. 1500 ചതുരശ്രഅടിക്കുമേൽ വിസ്തീർണമുള്ള പുതിയ കെട്ടിടങ്ങൾ പെയിന്‍റ് ചെയ്യാൻ കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും വേണം. എന്നാൽ, പെയിന്‍റിന് വില കൂടിയതോടെ ഈ തുക ഒന്നര ലക്ഷത്തിലേക്ക് എത്തുമെന്ന് കരാറുകാർ പറയുന്നു. ഉയർന്ന തുക പറയുമ്പോൾ പല ഉടമകളും പിന്തിരിയുകയാണെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Construction sector collapses in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.