കോട്ടയം: ഓടിക്കളിച്ച സ്കൂൾ മുറ്റത്തേക്ക് നിശ്ചലയായി പ്രിയ കൂട്ടുകാരിയെത്തുമ്പോൾ, കാത്തുനിന്നവരുടെ കണ്ണുകളെല്ലാം കണ്ണീർത്തടം. വിതുമ്പലോടെ വിദ്യാർഥികൾ ചേർന്നുനിന്നു. ഇവരെ ചേർത്തുപിടിച്ച് അധ്യാപകരും കണ്ണീരണിഞ്ഞു. സ്കൂളിൽ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരണപ്പെട്ട, ക്രിസ്റ്റൽ സി. ലാലിന്റെ (കുഞ്ഞാറ്റ-12) മൃതദേഹം വില്ലൂന്നി സെന്റ് ഫിലോമിന ഗേൾസ് സ്കൂളിൽ എത്തിച്ചപ്പോഴായിരുന്നു കണ്ണീർക്കാഴ്ചകൾ.
ക്രിസ്റ്റലിന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയാണ് പഠിച്ചിരുന്ന സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചത്. കഴിഞ്ഞ ദിവസം വരെ ഉല്ലാസത്തോടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ മൃതദേഹം കണ്ട് സഹപാഠികളിൽ പലരും പൊട്ടിക്കരഞ്ഞു.
വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിലിന്റെ നേതൃത്വത്തിൽ പ്രാർഥനകൾക്കുശേഷം സഹപാഠികളും അധ്യാപകരും ക്രിസ്റ്റലിന് വിടചൊല്ലി.
ഹെഡ്മിസ്ട്രസ് ലില്ലി പോൾ, ക്രിസ്റ്റലിന്റെ ക്ലാസ് ടീച്ചർ ഡോൺ ജോസ്, പി.ടി.എ പ്രസിഡന്റ് പി.സി. മനോജ് എന്നിവർ പൂച്ചെണ്ട് സമർപ്പിച്ചു. അരമണിക്കൂറിനുശേഷം കുഞ്ഞാറ്റയുടെ മൃതദേഹം കരിപ്പൂത്തട്ടിലെ വസതിയിലേക്ക് കൊണ്ടുപോയി. സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്ന ക്രിസ്റ്റൽ ഈ അധ്യയന വർഷമാണ് വില്ലൂന്നിയിലെ സ്കൂളിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.