കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്ന ജോലികൾക്ക് തുടക്കമായി. കെട്ടിടത്തിന് മുകളിൽ ഇരുമ്പ് ഷീറ്റുകൾക്കൊണ്ട് നിർമിച്ചിട്ടുള്ള ട്രസ് നീക്കുന്ന ജോലികളാണ് ബുധനാഴ്ച ആരംഭിച്ചത്. ഇരുമ്പ് ഷീറ്റുകൾ പൂർണമായി നീക്കിയശേഷമാകും കെട്ടിടഭാഗങ്ങൾ പൊളിക്കുന്ന ജോലികളിലേക്ക് കടക്കുക. ആദ്യം ജനലുകളും കതകുകളും ഷട്ടറുകളും പൊളിച്ചുനീക്കും. തുടർന്ന് കോൺക്രീറ്റ് ഭാഗങ്ങൾ പൊളിക്കും. ഭിത്തിയിലെ കട്ടകളും ഇളക്കിയെടുക്കും.
കഴിഞ്ഞയാഴ്ച കെട്ടിടം പൊളിക്കുമെന്നാണ് നേരത്തേ കരാറുകാരൻ അറിയിച്ചിരുന്നത്. എന്നാൽ, കെട്ടിടത്തിലേക്ക് താൽക്കാലിക വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ നീണ്ടുപോയി. ബുധനാഴ്ച വൈദ്യുതി കണക്ഷനുള്ള അനുമതി ലഭിച്ചു. വ്യാഴാഴ്ച കണക്ഷൻ ലഭിക്കും. ഇതോടെ പൊളിക്കൽ ജോലികൾ വേഗത്തിലാക്കാനാണ് കരാറുകാരുടെ തീരുമാനം. ബുധനാഴ്ച ജനറേറ്റർ ഉപയോഗിച്ചായിരുന്നു ജോലികൾ. 45 ദിവസത്തിനുള്ളിൽ പൊളിക്കൽ ജോലികൾ പൂർത്തീകരിക്കണമെന്നാണ് ജില്ല ഭരണകൂടം നൽകിയ നിർദേശം. ജില്ല പൊലീസ് മേധാവി, അഗ്നിരക്ഷാസേന ജില്ല ഓഫിസർ എന്നിവർക്ക് മേൽനോട്ടച്ചുമതലയും ജില്ല ഭരണകൂടം നൽകി.
കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി തിരുനക്കര സ്റ്റാൻഡ് അടക്കുകയും ബസുകൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് കണ്ടതോടെയാണ് വേഗത്തിൽ പൊളിക്കാനുള്ള തീരുമാനം.
നേരത്തേ മൂന്നുമാസത്തിനുള്ളിൽ പൊളിക്കാനായിരുന്നു നഗരസഭയുടെ തീരുമാനം. എന്നാൽ, നഗരത്തിലെ ഗതാഗതക്കുരുക്കും അപകടസാധ്യതയും കണക്കിലെടുത്ത് കലക്ടർ വിളിച്ച യോഗത്തിൽ വേഗത്തിൽ ജോലികൾ തീർക്കാൻ തീരുമാനിക്കുകയായിരുന്നു.
ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിക്കണമെന്നും 24 മണിക്കൂറും പൊളിക്കൽ നടപടികൾ നടത്തണമെന്നും ഈ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ബസ് സ്റ്റാൻഡിന്റെ ഉൾഭാഗത്ത് ആര്യാസ് റസ്റ്റാറന്റിനോടു ചേർന്നുവരുന്ന കെട്ടിടവും തിരുനക്കര ക്ഷേത്രം റോഡിൽ വരുന്ന കെട്ടിടവും പകൽ പൊളിക്കാൻ അനുമതി നൽകി. എം.സി റോഡിൽ ഗാന്ധിസ്ക്വയർ-പോസ്റ്റ് ഓഫിസ് റോഡിൽ വരുന്ന കെട്ടിടങ്ങൾ രാത്രി 11നും പുലർച്ച അഞ്ചിനും ഇടയിൽ പൊളിക്കണം. എം.സി റോഡിലും തിരുനക്കര ക്ഷേത്രം റോഡിലും വരുന്ന ഭാഗങ്ങൾ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സുരക്ഷ ഒരുക്കണമെന്ന് കരാറുകാരന് നിർദേശം നൽകി.
രക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് കെട്ടിടം പൊളിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി നഗരസഭ അറിയിച്ചു. മുനിസിപ്പൽ എൻജിനീയർ കെ. സുനിൽകുമാറിനാണ് മേൽനോട്ട ചുമതല. അസി. എർജിനീയർമാരായ ആർ. ഗൗതമി, ആർ. സൂര്യ, പബ്ലിക് വർക്ക്സ് ഓവർവസിയർമാരായ എം.സി. മിഥുൻ, എസ്. ശിവപ്രസാദ് എന്നിവർ മുനിസിപ്പൽ എൻജിനീയറുടെ നിർദേശം അനുസരിച്ച് സ്ഥലത്തു നേരിട്ട് മേൽനോട്ടം വഹിക്കണമെന്നും സെക്രട്ടറി ഉത്തരവിട്ടു. അടിയന്തര സാഹചര്യം നേരിടാൻ അഗ്നിരക്ഷാസേന, പൊലീസ് എന്നിവയെ യഥാസമയം വിവരം അറിയിക്കണം ജോലികൾ നടക്കുന്ന ദിവസങ്ങളിൽ നഗരസഭ ആംബുലൻസ് പൂർണമായും പ്രവര്‍ത്തനസജ്ജമാക്കാനും സെക്രട്ടറി നിർദേശിച്ചു.
ചങ്ങനാശ്ശേരി: മുന്‍ എം.എല്‍.എയുടെ 2018-19, 2020-21 സാമ്പത്തിക വര്‍ഷങ്ങളിലെ ഭരണാനുമതി ലഭ്യമാക്കാത്ത 5.15 കോടി രൂപ ഉപയോഗിച്ച് ചങ്ങനാശ്ശേരി കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പുതിയ ടെര്‍മിനല്‍ പണിയുന്നതിന് ഭരണാനുമതിയായി. നിര്‍മാണത്തിന്റെ ആദ്യപടിയായി ഏഴുകോടിയുടെ ഡി.പി.ആര് തയാറാക്കി അംഗീകാരവും ലഭിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന മുറക്ക് രണ്ടാംഘട്ട നിര്‍മാണത്തിന് ആവശ്യമായ തുക അനുവദിക്കുമെന്ന് ജോബ് മൈക്കിൾ എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.