കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിലൂടെ എന്ന് ബസുകൾ കടത്തിവിടുമെന്ന ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ രാജശ്രീ രാജഗോപാലിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കോട്ടയം നഗരസഭ. കഴിഞ്ഞ 14ന് നടന്ന സിറ്റിങ്ങിൽ മാർച്ച് ഒന്നുമുതൽ ബസുകൾ സ്റ്റാൻഡിലൂടെ കടത്തിവിടുമെന്ന് മുനിസിപ്പൽ സെക്രട്ടറി അനിൽകുമാർ മൊഴി നൽകിയിരുന്നു.
എന്നാൽ പിന്നീട് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുനിസിപ്പൽ സെക്രട്ടറി കൗൺസിലിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഹിയറിങ്ങിൽ ഹാജരായ അസിസ്റ്റൻറ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു. കൃത്യമായ ഉത്തരം നൽകാതിരുന്നതിനാൽ മാർച്ച് 11ലെ ഹിയറിങ്ങിൽ മുനിസിപ്പൽ സെക്രട്ടറി നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിൽ സെക്രട്ടറി ഹാജരായിരുന്നില്ല. അസി. സെക്രട്ടറി മുനിസിപ്പൽ കൗൺസിൽ തീരുമാനം സമർപ്പിച്ചെങ്കിലും ഇതിൽ ബസ് ബേ എന്നു തുടങ്ങുമെന്ന് പറയുന്നില്ല. ബസ് സ്റ്റാൻഡ് വ്യാപാരമേളക്ക് നൽകാനാണ് കഴിഞ്ഞ കൗൺസിലിൽ തീരുമാനിച്ചിരുന്നത്. തിരുനക്കര മൈതാനത്താണ് കഴിഞ്ഞ വർഷങ്ങളിൽ വ്യാപാരമേള നടത്തിയിരുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പൊതുസമ്മേളനങ്ങൾ നടത്തേണ്ടതിനാൽ മൈതാനത്തെ ഒഴിവാക്കുകയായിരുന്നു. തിരുനക്കര ഉത്സവം കഴിഞ്ഞേ ബസ് ബേ തുടങ്ങുന്ന കാര്യം പരിഗണിക്കൂ.
ഇപ്പോൾ ബസുകൾ തിരുനക്കര സ്റ്റാൻഡിലൂടെ കടത്തി വിടാത്തതിനാൽ പോസ്റ്റ് ഓഫിസ് റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. പൊതുജനങ്ങളുടെ സുരക്ഷയേക്കാൾ പ്രാധാന്യം വ്യാപാരമേളക്കാണോ എന്ന് അതോറിറ്റി സെക്രട്ടറി ആരാഞ്ഞു. മാർച്ച് 11ന് മുമ്പ് പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ വിഷയം ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സബ്ജഡ്ജ് അറിയിച്ചു. ഗതാഗതക്കുരുക്ക് സംബന്ധിച്ച വിശദ റിപ്പോർട്ട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർക്ക് സമർപ്പിക്കുമെന്നും ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിക്കുമെന്നും ജൂനിയർ സൂപ്രണ്ട് പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ അനധികൃതമായി നിർത്തി ആളെ കയറ്റുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും എല്ലാ അനധികൃത വ്യാപാര കേന്ദ്രങ്ങളും ഒഴിപ്പിക്കണമെന്നും ആർപ്പൂക്കര പഞ്ചായത്ത്, ഗാന്ധിനഗർ പൊലീസ്, പി.ഡബ്ല്യു.ഡി എന്നിവർക്ക് നിർദേശം നൽകി. ആർപ്പൂക്കര പഞ്ചായത്തിന്റെയും അതിരമ്പുഴ പഞ്ചായത്തിന്റെയും അതിർത്തിയായ മുടിയൂർക്കര മാന്നാനം റോഡിന്റെ ഇരുപുറവും മാലിന്യ കൂമ്പാരം കിടക്കുന്നതിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. ഹിയറിങ്ങിൽ റോഡ് സേഫ്റ്റി അതോറിറ്റി- ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, ജില്ല പൊലീസ് മേധാവിയുടെ പ്രതിനിധി, ട്രാഫിക് എസ്.ഐ, ജില്ല ലീഗൽ സർവിസസ് അതോറിറ്റി പി.എൽ.വിമാരായ പ്രഫ. എബ്രഹാം സെബാസ്റ്റ്യൻ, പി.ഐ. എബ്രഹാം, കെ.സി. വർഗീസ്, ആർ. സുരേഷ് കുമാർ, എം.കെ. അബ്ദുൾ ലത്തീഫ്, ലീഗൽ അസിസ്റ്റൻറ് ശിൽപ എന്നിവർ ഹാജരായി.
കോട്ടയം: ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രാജശ്രീ രാജഗോപാൽ ജില്ല ആശുപത്രി സന്ദർശിച്ചു. ഡി.എൽ.എസ്.എയിൽ നടന്നുകൊണ്ടിരിക്കുന്ന കേസ് സംബന്ധിച്ച കാര്യങ്ങൾക്കാണ് സന്ദർശനം നടത്തിയത്. സി.സി ടി.വി കാമറകളുടെ കൺട്രോൾ സംവിധാനം പൊലീസിനുകൂടി ലഭ്യമാക്കണമെന്ന് സബ് ജഡ്ജ് നിർദേശിച്ചു.
ആശുപത്രിയിൽ ബഗ്ഗി കാർ പൊടി പിടിച്ചു കിടക്കുകയാണ്, ഇ.ഇ.ജി മെഷീനുകൾ പ്രവർത്തനക്ഷമമെങ്കിലും ഉപയോഗിക്കുന്നില്ല. രോഗികളെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. ആശുപത്രിയിൽ ജില്ല ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലും പ്രവർത്തിക്കുന്നില്ല. ഈ വിഷയങ്ങൾ മാർച്ച് 11ലെ സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.