ഏറ്റുമാനൂര്‍: മൂവാറ്റുപുഴ-എറണാകുളം-കോട്ടയം റോഡുകളുടെയും പട്ടിത്താനം- മണര്‍കാട് ബൈപ്പാസ് റോഡിന്റെയും സംഗമമായ പട്ടിത്താനം കവലയില്‍ സിഗ്നല്‍ ലൈറ്റുകളില്ലാത്തത് അപകടക്കെണിയൊരുക്കുന്നു. നാല് വശത്തുകൂടിയും വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് വരുന്ന കവലയില്‍ ഡ്രൈവറുടെ ശ്രദ്ധയൊന്ന് തെറ്റിയാല്‍ അപകടം ഉറപ്പ്. പൊലീസ് നിയന്ത്രണം ഇല്ലാത്തതിനാല്‍ കാല്‍നടയാത്രികര്‍ ഏറെ ഭയപ്പാടോടെയാണ് റോഡ് മുറിച്ച് കടക്കുന്നത്.
ആറ് വര്‍ഷത്തോളമായി ഇവിടെ സിഗ്നല്‍ലൈറ്റ് പ്രവര്‍ത്തനരഹിതമായിട്ട്. സിഗ്നല്‍സംവിധാനം പൊലീസാണ് സ്ഥാപിച്ചതെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് നഗരസഭയാണ്. പരാതികള്‍ കൊടുത്തെങ്കിലും നഗരസഭ തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം പൊലീസ് മനഃപൂര്‍വം സിഗ്നല്‍ പ്രവര്ത്തിപ്പിക്കാത്തതാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പട്ടിത്താനം-മണര്‍കാട് ബൈപ്പാസ് റോഡ് കൂടി തുറന്നതോടെ വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കവലയില്‍ എറണാകുളം ഭാഗത്തുനിന്ന് മണര്‍കാട്ടേക്ക് വരുന്നവര്‍ക്ക് കുറവിലങ്ങാട് പോകുന്ന ഭാഗത്തെ റൂട്ട് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.
റൗണ്ടാനയില്‍ എത്തുമ്പോള്‍ എങ്ങോട്ട് പോകണമെന്നറിയാതെ ഡ്രൈവര്‍ വട്ടംകറങ്ങുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുമ്പോള്‍ കാല്‍നടയാത്രികര്‍ സുരക്ഷിതരല്ല. രാത്രിയില്‍ കുറവിലങ്ങാട് റൂട്ടില്‍ അനധികൃത പാര്‍ക്കിങ് മൂലം മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാനും ബുദ്ധിമുട്ടുണ്ട്. സിഗ്നല്‍ ലൈറ്റിന്റെ അപാകത പരിഹരിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.