കോട്ടയം: കോട്ടയം നഗരസഭയുടെ പെൻഷൻ വിതരണത്തിൽ തിരിമറി നടത്തി മൂന്ന് കോടിയിലധികം രൂപ ജീവനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി.
ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ എന്നിവർക്കെതിരെയാണ് നോട്ടീസ്. ഭരണകർത്താക്കളുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും ഈ സാഹചര്യത്തിലാണ് അവിശ്വാസപ്രമേയമെന്നും എൽ.ഡി.എഫ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിൻസി സെബാസ്റ്റ്യന്റെ അറിവോടെയാണ് തട്ടിപ്പെന്ന് എൽ.ഡി.എഫ് തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടർക്ക് നൽകിയ നോട്ടീസിൽ ആരോപിക്കുന്നു.
അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ ചെയർപേഴ്സൻ വിവിധ സോണുകളിലേക്ക് സ്ഥലംമാറ്റുകയാണ്. യഥാസമയം കൗൺസിൽ യോഗം വിളിച്ച് പ്രശ്നങ്ങളിൽ ഇടപെടാൻ ചെയർപേഴ്സൻ തയാറാകുന്നില്ല. വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് തയാറാക്കുമ്പോഴോ ബജറ്റ് അവതരിപ്പിക്കുമ്പോഴോ തട്ടിപ്പ് കണ്ടുപിടിക്കാതിരുന്നത് ധനകമ്മിറ്റി ചെയർമാൻ എന്ന നിലയിൽ വൈസ്ചെയർമാൻ ബി. ഗോപകുമാറിന്റെ വീഴ്ചയാണെന്ന് വൈസ് ചെയർമാനെതിരെ നൽകിയ അവിശ്വാസ നോട്ടീസിൽ പറയുന്നു. തട്ടിപ്പിൽ വൈസ്ചെയർമാനും അറിവുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തെ ധനകാര്യ വിശകലന സ്റ്റേറ്റ്മെന്റ് അപൂർണമായാണ് കൗൺസിൽ യോഗത്തിന് നൽകിയതെന്നും നോട്ടീസിൽ ആരോപിക്കുന്നു.
കോട്ടയം: ഭരണസമിതിക്കെതിരെ സമരരംഗത്തുള്ള ബി.ജെ.പി അവിശ്വാസപ്രമേയത്തിൽ നിലപാട് പറയണമെന്ന് എൽ.ഡി.എഫ്. യു.ഡി.എഫ് ഭരണസമിതിയെ പുറത്താക്കാൻ തയാറാണോയെന്ന് ബി.ജെ.പി വ്യക്തമാക്കണം.
പണാപഹരണവും ഉദ്യോഗസ്ഥവീഴ്ചയും ഭരണത്തിന്റെ പിടിപ്പുകേടുമെല്ലാം ചേർന്ന അഴിമതിയാണ് നഗരസഭയിൽ അരങ്ങേറിയിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. അനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നഗരസഭയിൽ കോൺഗ്രസ് എൽ.ഡി.എഫ് കൂട്ടുകെട്ടെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. എന്നാൽ, ആരൊക്കെയാണ് കൂട്ടെന്ന് അവിശ്വാസ ചർച്ചയിൽ അറിയാം.
തട്ടിപ്പ് നടത്തിയത് ഭരണനേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും അയാളെ പിടികൂടാനല്ല, താൻ ഇതിന് പിന്നിലില്ലെന്ന് വരുത്താനാണ് വൈസ്ചെയർമാൻ ശ്രമിച്ചത്. ചെയർപേഴ്സനാകട്ടെ, തട്ടിപ്പിന് ഒപ്പം ചേർന്നുനിന്നു.എന്നാൽ, ജീവനക്കാർക്കെതിരായ നടപടിയിൽ നഗരസഭ വിവേചനം കാണിക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു.
സി.പി.എം കോട്ടയം ഏരിയ സെക്രട്ടറി ബി. ശശികുമാർ, ജില്ല കമ്മിറ്റി അംഗം സി.എൻ. സത്യനേശൻ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ തുടങ്ങിയവരും പങ്കെടുത്തു.
കോട്ടയം: കോട്ടയം നഗരസഭ ചെയർപേഴ്സൻ, വൈസ് ചെയർമാൻ എന്നിവർക്കെതിരെ ഇടതു മുന്നണി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതോടെ, ബി.ജെ.പി നിലപാടിൽ ആകാംക്ഷ. ബി.ജെ.പി അവിശ്വാസത്തെ പിന്തുണച്ചാല്‍ യു.ഡി.എഫ് ഭരണസമിതി വീഴും. വിട്ടുനിന്നാല്‍ എല്‍.ഡി.എഫ് അവിശ്വാസം തള്ളിപ്പോകും.
52 അംഗ കൗണ്‍സിലില്‍ എൽ.ഡി.എഫിനും യു.ഡി.എഫിനും 22 അംഗങ്ങളാണുള്ളത്. ചെയർപേഴ്സൻ ഉൾപ്പെടെയാണ് യു.ഡി.എഫിന്റെ അംഗബലം. എട്ട് ബി.ജെ.പി അംഗങ്ങളുമുണ്ട്.
അവിശ്വാസം പാസാകാൻ പകുതിയിലധികം കൗൺസിലർമാർ പിന്തുണക്കണമെന്നാണ് നിയമം. ഇതനുസരിച്ച് 52 അംഗ കൗണ്‍സിലില്‍ 27 പേര് പിന്തുണച്ചാൽ മാത്രമേ അവിശ്വാസം പാസാകൂ.
എൽ.ഡി.എഫിന് 22 മാത്രമാണ് അംഗബലം. ഈ സാഹചര്യത്തില്‍ ബി.ജെ.പി അംഗങ്ങളുടെ പിന്തുണ കിട്ടിയാല്‍ മാത്രമാകും അവിശ്വാസം വിജയിക്കുക. തട്ടിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ അവിശ്വാസത്തെ പിന്തുണക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. പിന്തുണച്ചില്ലെങ്കിൽ ബി.ജെ.പി നടത്തുന്ന സമരങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് പ്രചരിപ്പിക്കാൻ എൽ.ഡി.എഫിന് കഴിയും. യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടെന്ന ആക്ഷേപവും ഉയർത്താനാകും. ഇത്തരത്തിൽ ബി.ജെ.പിയെക്കൂടി വെട്ടിലാക്കാൻ ലക്ഷ്യമിട്ടാണ് എൽ.ഡി.എഫിന്റെ അവിശ്വാസപ്രമേയം നീക്കം.
കോട്ടയം: നഗരസഭയിലെ അവിശ്വാസപ്രമേയ നീക്കം സി.പി.എം-കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് ജി. ലിജിൻ ലാൽ. വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം.
പെൻഷൻ തട്ടിപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്. ഇതിനുപകരമുള്ള അവിശ്വാസ പ്രമേയനീക്കം ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. പണം തട്ടിയ അഖിൽ സി. വർഗീസിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സ്ഥലം മാറിയിട്ടും അഖിലിന് കോട്ടയത്ത് ഇടപെടൽ നടത്താൻ അവസരം നൽകിയത് നഗരസഭയിലെ കോൺഗ്രസ്-സി.പി.എം കൂട്ടുകെട്ടാണ്. തട്ടിപ്പുകാരന് രാഷ്ട്രീയ സംരക്ഷണം നൽകുകയാണ് നഗരസഭ ചെയ്യുന്നതെന്നും ലിജിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.