ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ വാർഡിന്റെ മേൽക്കൂരയിലെ സിമൻറ് പാളികൾ അടർന്നുവീണ് ജീവനക്കാരിക്ക് പരിക്ക്. രോഗികളും ജീവനക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്. പതിനൊന്നാം വാർഡിന്റെ മേൽക്കൂരയിൽ നിന്നാണ് കോൺക്രീറ്റ് ചെയ്തിരുന്ന സിമൻറ് പാളികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് അസിസ്റ്റന്റിന്റെ ദേഹത്തേക്ക് വലിയ ശബ്ദത്തോടെ തകർന്നു വീണത്. ശബ്ദം കേട്ടതോടെ ഇവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.
ഇവരുടെ തലയിലും ദേഹത്തുമാണ് ചില ഭാഗങ്ങൾ വീണത്. ഡ്യൂട്ടിയിലുള്ള നഴ്സുമാർക്കുള്ള മുറിയുടെ മുകളിലും കോൺക്രീറ്റ് പൊട്ടി അടർന്നുനിൽക്കുകയാണ്. ഇത് എപ്പോൾ വേണമെങ്കിലും അടർന്നു താഴെവീഴാമെന്ന സ്ഥിതിയിലാണ്. അതുകൊണ്ട് നഴ്സുമാർ തങ്ങളുടെ ഇരിപ്പിടങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. രോഗികളെ കിടത്തി ചികിത്സിക്കുന്ന ഈ ബ്ലോക്കിന് അറുപതു വർഷത്തിലേറെ പഴക്കമുണ്ട്.
ഈ ബ്ലോക്ക് പൊളിച്ചുമാറ്റി പുതിയതു നിർമിക്കണമെന്ന നിർദേശം മുമ്പ് ഉണ്ടായിരുന്നതാണ്. എന്നാൽ തീരുമാനം നടപ്പാക്കുവാൻ കഴിഞ്ഞിട്ടില്ല. അസ്ഥിരോഗ വിഭാഗത്തിൽ പെട്ട രോഗികളെ കിടത്തി ചികിത്സിക്കുന്ന വാർഡുകളാണ് ഈ ബ്ലോക്കിലുള്ളത്. ഇതുപോലെ കെട്ടിടത്തിന്റെ പലഭാഗത്തും മേൽത്തട്ട് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നതിനാൽ ഏതുസമയത്തും സിമൻറ് പാളികൾ അടർന്നു വീഴാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.