ഏറ്റുമാനൂര്‍: അടിച്ചിറയിൽ വീട്ടിൽനിന്ന് നാലുപവൻ കവർന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അടിച്ചിറയില്‍ പുല്ലത്തില്‍ രാജു.പി. ജോർജിന്റെ വീട്ടിലായിരുന്നു മോഷണം. സ്വർണാഭരണങ്ങളാണ് നഷ്ടമായത്. രാജുവും ഭാര്യ ഷേര്‍ളിയുമാണ് വീട്ടില്‍ താമസിക്കുന്നത്.
തിങ്കളാഴ്ച രാത്രി 11.30ന് ശേഷമാണ് രാജുവും ഭാര്യ ഷേര്‍ളിയും ഉറങ്ങാന്‍ കിടന്നത്. ചൊവാഴ്ച രാവിലെ ആറോടെ ഷേര്‍ളി ഉണര്‍ന്നപ്പോള്‍ മുറിയില്‍ തുണികള്‍ അലങ്കോലമായി കിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണു മോഷണ വിവരം അറിയുന്നത്.
മുറിയിലുണ്ടായിരുന്ന രണ്ട് അലമാരയും കുത്തിത്തുറന്നു വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റുമുറികളിലെ അലമാരയും മേശയും തുറന്ന അവസ്ഥയിലായിരുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ അടുക്കളയില്‍ തുറന്നു കിടന്നിരുന്നു. പ്രധാനമുറിയിലെ ഈശോയുടെ രൂപത്തിനു മുന്നിലുണ്ടായിരുന്ന ബള്‍ബ് ഊരിമാറ്റി അടുക്കളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പിന്‍ഭാഗത്തെ വര്‍ക്ക് ഏരിയയുടെ വാതില്‍ തുറന്ന് അടുക്കളയിലേക്കുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്. വീട്ടുകാര്‍ വിവരമറിയിച്ചതുനസരിച്ച് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. പരിശോധനക്കെത്തിയ പൊലീസ് നായ് വീട്ടില്‍ നിന്നു പിന്‍വാതില്‍ വഴി ഇറങ്ങി ഓടി എം.സി റോഡിന് സമീപം വന്നുനിന്നു. അന്വേഷണം ഊര്‍ജിതമാക്കിയതായി ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.
ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, അടിച്ചിറ പ്രദേശങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെന്നു നാട്ടുകാര്‍ക്കു പരാതിയുണ്ട്. അപരിചിതരായ നിരവധി പേരുടെ സാന്നിധ്യം രാത്രി, പകല്‍ ഭേദമെന്യേ പ്രദേശത്തുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.