ഏറ്റുമാനൂർ: മോഷണക്കേസ് ഒഴിവാക്കാനും ജാമ്യം ലഭിക്കാനുമായി പ്രതിയുടെ ഭാര്യയെ ഭയപ്പെടുത്തി 1,79,000 രൂപ തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മാടപ്പാട് കണ്ണംപുരയ്ക്കൽ വീട്ടിൽ സന്തോഷിനെയാണ് (52) അറസ്റ്റ് ചെയ്തത്. ആഗസ്റ്റിൽ ഏറ്റുമാനൂരിൽ വർക്ക്ഷോപ്, വീട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ബാറ്ററിയും സ്കൂട്ടറും മോഷ്ടിച്ച കേസിൽ അയർക്കുന്നം സ്വദേശികളായ യുവാക്കളെയും മോഷണവസ്തുക്കൾ വാങ്ങിയ ആക്രിക്കടക്കാരനായ അതിരമ്പുഴ സ്വദേശിയെയും ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഇതിനുശേഷം ആക്രിക്കടക്കാരന്റെ വീട്ടിൽ സന്തോഷ് എത്തുകയും ഇയാളെ ജയിലിൽനിന്ന് ഇറക്കണമെന്നും ഇല്ലെങ്കിൽ ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകൾക്ക് കീഴിൽ കൂടുതൽ മോഷണക്കേസ് വരുമെന്ന് ഭീഷണിപ്പെടുത്തി. ഇത് ഒഴിവാക്കാൻ ഏറ്റുമാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും എസ്.ഐക്കും സി.ഐക്കും പണം നൽകണമെന്ന് പറഞ്ഞ് ഇവരിൽനിന്നും പലതവണകളായി 1,79,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയും സന്തോഷിനെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഏറ്റുമാനൂർ എസ്.എച്ച്.ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.