പാലാ: കിടങ്ങൂരിന് സമീപം ചെമ്പിളാവിൽ വീടിനോട് ചേർന്ന അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ജീവനക്കാരൻ ഐക്കര സ്വദേശി ജോജി ജോസഫിനാണ് (23) ഗുരുതരമായി പൊള്ളലേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ജോജി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ചെമ്പിളാവ് സഹകരണ ബാങ്കിനു സമീപം കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടിൽ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ടെറസിൽ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി എന്നിവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനശബ്ദം രണ്ടുകിലോമീറ്റർ അകലെവരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. ടെറസിൽ വെടിമരുന്ന്, പടക്ക സംഭരണത്തിനായി ഒരുമുറിയും സജ്ജീകരിച്ചിരുന്നു. സ്ഫോടനത്തിൽ ആസ്ബസ്റ്റോസ് ഷീറ്റുകളും വാതിലുകളും ജനലുകളും തകർന്നു.
ആസ്ബറ്റോസ് ഷീറ്റുകൾ പരിസരമാകെ ചിതറിത്തെറിച്ചു. അടുക്കളയുടെ പുകക്കുഴലിനോട് ചേർന്ന ഭാഗത്തായിരുന്നു വെടിമരുന്ന് ഉണങ്ങാനിട്ടിരുന്നത്. തീപ്പൊരികൾ എത്തിയതാകാമെന്നാണ് സംശയിക്കുന്നത്. ഈ സമയം ജോജിയും ടെറസിലുണ്ടായിരുന്നു. സമീപത്തെ ആസ്ബസ്റ്റോസ് ഷീറ്റുകൾ ചിതറിത്തെറിച്ചു. കുട്ടികളടക്കം കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നപ്പോഴാണ് അപകടം.
മാത്യു ദേവസ്യയുടെ സഹോദരൻ ജോസഫിന്റെ പേരിൽ പടക്ക നിർമാണത്തിന് ലൈസന്‍സുണ്ട്. എന്നാൽ, മാത്യു ദേവസ്യക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങളായി ഈ വീട് കേന്ദ്രീകരിച്ച് പടക്കനിർമാണം ഉള്ളതായാണ് വിവരം. വീടിനോട് ചേർന്നുതന്നെയായിരുന്നു പടക്ക നിർമാണ കേന്ദ്രവും. ഓലയും മറ്റും ഇവിടെ കൂട്ടിയിട്ടിരുന്നു. സംഭവത്തിൽ മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. എക്സ്പ്ലോസിവ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.