വനാന്തര്‍ ഭാഗങ്ങളിലെ കാട്ടുചോലകളും കുളങ്ങളും വരണ്ടതും വേനല്‍കാലത്ത് ആനകള്‍ക്കും മറ്റ് വന്യമൃഗങ്ങള്‍ക്കായി നിര്‍മിച്ച കുളങ്ങളും വറ്റിയതോടെയാണ് വന്യമൃഗങ്ങള്‍ കുടിവെള്ളം തേടി നാട്ടിലേക്ക് ഇറങ്ങുന്നത്
പത്തനംതിട്ട: 38 ഡിഗ്രി താപനില കടന്ന കൊടുംവരള്‍ച്ചയിൽ കേരളത്തിലെ പ്രധാന ആനസംരക്ഷണ കേന്ദ്രമായ ശബരിമലക്കാടുകളിലെ ആനകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. വനാന്തര്‍ ഭാഗങ്ങളിലെ കാട്ടുചോലകളും കുളങ്ങളും വരണ്ടതും വേനല്‍കാലത്ത് ആനകള്‍ക്കും മറ്റ് വന്യമൃഗങ്ങള്‍ക്കായി നിര്‍മിച്ച കുളങ്ങളും വറ്റിയതോടെയാണ് വന്യമൃഗങ്ങള്‍ കുടിവെള്ളം തേടി നാട്ടിലേക്ക് ഇറങ്ങുന്നത്.
ആനയുടെ സാധാരണ ശരീര താപനില 35.5 മുതൽ 36.6 ഡിഗ്രി സെൽഷ്യസ് വരെയാണ്. വേനൽക്കാലത്ത് വൃക്ഷങ്ങൾ ഇലപൊഴിക്കുന്നത് മൂലം കാട്ടിലും താപനില ഉയരും. വർധിച്ച ശരീര താപനില ക്രമീകരിക്കാൻ മണ്ണും വെള്ളവുമാണ് ആനകൾക്ക് പ്രധാന ആശ്രയം. പകൽ ചൂടിൽ മണ്ണിനും ചൂട് അനുഭവപ്പെടുന്നതിനാൽ വെള്ളത്തെയാണ് ആനകൾ കൂടൂതൽ ആശ്രയിക്കുന്നത്. കാട്ടിലെ കടുത്തചൂടും വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ തമ്പടിച്ചത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
കിഴക്കൻ വനമേഖലയിലെ ബിമ്മരം അള്ളുങ്കല്‍, ആങ്ങമൂഴി, കൊച്ചാണ്ടി, മണിയാര്‍, പടയണിപ്പാറ തെക്കേക്കര, കട്ടച്ചിറ, തണ്ണിത്തോട്, കൊക്കാത്തോട് എന്നിവിടങ്ങളിലാണ് കാട്ടാനശല്യത്തിൽ ജനം പൊറുതിമുട്ടുന്നത്. ജലാശയം തേടിയെത്തുന്ന ആനക്കൂട്ടങ്ങള്‍ സമീപ പ്രദേശങ്ങളിലെ കൃഷിവിളകൾ തിന്നാണ് കാടു കയറുന്നത്. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കാർഷികമേഖലക്കും സംഭവിക്കുന്നത്.
പ്രായപൂര്‍ത്തിയായ ആനക്ക് ഒരു ദിവസം കുറഞ്ഞത് 500 ലിറ്റര്‍ വെള്ളമെങ്കിലും വേണ്ടിവരും. വേനല്‍ കടുക്കുന്തോറും ഇപ്പോള്‍ നേരിയ തോതില്‍ വെള്ളമുള്ള നീര്‍ചാലുകളും വറ്റിവരളും. ഇതിനിടെ നീര്‍ചാലുകളില്‍ കെട്ടിക്കിടക്കുന്ന ചളിവെള്ളം ആനകള്‍ കുടിക്കുന്നത് മൂലം ഇക്കാലത്താണ് സാധാരണ ഉദരരോഗങ്ങളും പിടിപെടുന്നത്.
ദഹനക്കേടും മലബന്ധവും മൂലം ബുദ്ധിമുട്ടുന്ന ആനകൾ ഇക്കാലത്ത് കൂടുതൽ അക്രമവാസനകളും കാണിക്കും. ആനകള്‍ റോഡിലിറങ്ങിനിന്നും ആള്‍ത്താമസമുള്ള സ്ഥലങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചും അക്രമകാരിയാകും. വനത്തിൽ വെള്ളത്തിനായി നിർമിച്ച കുളങ്ങളിൽ കൂടുതൽ വെള്ളം എത്തിച്ചാണ് വന്യജീവികൾക്ക് കുടിവെള്ളം കിട്ടും.ഇത് ജനവാസ മേഖയിയിലേക്കുള്ള വരവിനെ നിയന്ത്രിക്കാൻ കഴിയും. വന്യമൃഗങ്ങള്‍ക്കായി വനാന്തര്‍ ഭാഗങ്ങളില്‍ ഉടന്‍ കുടിവെള്ള സ്രോതസ്സുകള്‍ വനപാലകര്‍ ഒരുക്കിയാല്‍ കാടു വെടിഞ്ഞ് ആനക്കൂട്ടങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് ഒരുപരിധിവരെ തടയാനാകും എന്നാണ് ആനപ്രേമികളും പ്രദേശവാസികളും പറയുന്നത്.
ശബരിമലക്കാടുകളില്‍ 850ല്‍പരം ആനകളാണ് ഈ കാട്ടിലുളളത് അതില്‍ 200ഓളം കൊമ്പനും 400റില്പരം പിടിയും 100ഓളം മോഴക്കൊമ്പനും ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, ഇപ്പോള്‍ പകുതിയിലധികം ആനകളും പലരോഗങ്ങളാല്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ പകുതിയിലധികവും ആനകളും ഈ കാടുകളിലാണുള്ളത് ഇന്ത്യയിലെ ലക്ഷണമൊത്ത ആനകളും ശബരിമലക്കാടുകളിലാണ്. ആനസംരക്ഷണകേന്ദ്രമായ ഇവിടെ ആനകളുടെ ആവാസവ്യവസ്ഥ വിപരീത രീതിയിലായതുകൊണ്ടാണ് ആനകള്‍ വംശനാശഭീഷണി നേരിടാന്‍ കാരണമാകുന്നത്.
ശബരിമലയിലും ഗവിയിലും എത്തുന്നവര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആനകള്‍ ആഹാരമാക്കുന്നതുമൂലവും. ആനകളുടെ വയറ്റില്‍ ദഹിക്കാത്ത ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആമാശയത്തില്‍ കുരുങ്ങുന്നതുമൂലം ദഹനപക്രിയ നടക്കാതെയാകും ഇതുമൂലം ഇരണ്ടക്കെട്ട് എന്നരോഗം പിടിപെടുന്നു. ഇതുമൂലമുണ്ടാകുന്ന കലശലായ വയറുവേദന കാരണം ആനകള്‍ കാടുവെടിഞ്ഞ് ജനവാസമേഖലയിലെത്തി അക്രമം കാട്ടുന്ന രീതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.