കോട്ടയം: ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷ ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസുകൾ കേന്ദ്രീകരിച്ച് ക്രമക്കേടുകൾ വ്യാപകമാണെന്ന പരാതിയിൽ സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ എന്ന പേരിൽ നടത്തിയ റെയിഡിന്റെ ഭാഗമായിട്ടായിരുന്നു കോട്ടയത്തും പരിശോധന നടത്തിയത്.
കോട്ടയം ഫുഡ് സേഫ്റ്റി അസി.കമീഷണർ ഓഫിസ്, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി, കടുത്തുരുത്തി എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി സർക്കിൾ ഓഫിസുകൾ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
ഹോട്ടലിലെ ജീവനക്കാർക്ക് നൽകിവരുന്ന പരിശീലനത്തിൽ ക്രമക്കേട് നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഹോട്ടലുകൾക്കും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നവർക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷനിലും ലൈസൻസിലും ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയിൽ ചില ഉദ്യോഗസ്ഥർ മനപൂർവം കാലതാമസം വരുത്തി ശിക്ഷണ നടപടികളിൽ നിന്നും ഒഴിവാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ എടുത്തിട്ടുള്ള ഭക്ഷ്യഉൽപാദകരിൽ അതത് വർഷം മാർച്ച് 31നകം റിട്ടേൺ ഫയൽ ചെയ്യാത്തവരില്‍ നിന്നും പിഴ ഈടാക്കാതിരിക്കുന്നതായും വ്യക്തമായിട്ടുണ്ട്.
പരിശോധനകൾക്ക് ഡി.വൈ.എസ്.പിമാരായ വി.ആർ രവികുമാർ, പി.വി. മനോജ് കുമാർ, ഇൻസ്പെക്ടർമാരായ എസ്. പ്രതീപ്, മഹേഷ്പിള്ള, ജി. രമേശ്, സജു.എസ്.ദാസ്, സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, വി.എം. ജെയ്മോൻ, അനിൽ കുമാർ എന്നിവരുടെ നേത്രത്വത്തിലായിരുന്നു പരിശോധന. ഗസറ്റഡ് ഓഫിസറായ ചങ്ങനാശ്ശേരി എൽ.ആർ. തഹസീൽദാർ നിജു കുര്യനും സംഘത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.