വാഗമൺ: വിനോദസഞ്ചാര മേഖലയിൽ മികച്ച മുന്നേറ്റം സൃഷ്ടിക്കാൻ സാഹസിക വിനോദങ്ങൾക്ക് കഴിയുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാരമന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിര്‍മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലോകത്ത് വിനോദ സഞ്ചാര മേഖലയിൽ സാഹസിക വിനോദങ്ങൾ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് കേരളത്തിലാണ് എന്നത് അഭിമാനകരമാണ്. പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യവ്യക്തികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് ഇപ്പോൾ തന്നെ ട്രെൻഡായിക്കഴിഞ്ഞു. ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപം കൂടുതലായി നടപ്പാക്കിയാൽ ഇടുക്കിയിലാകും മികച്ച കുതിപ്പ് ഉണ്ടാകുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അനവധി ടൂറിസം ഡെസ്റ്റിനേഷനുകളുണ്ട്. ഇവയുടെ വളർച്ചക്കാണ് ഡെസ്റ്റിനേഷൻ ചലഞ്ച് സംഘടിപ്പിച്ചത്. ടൂറിസം വകുപ്പ് 60 ശതമാനം, തദ്ദേശസ്ഥാപനങ്ങൾ 40 ശതമാനം വീതം മുതൽ മുടക്കി ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കി വരുകയാണെന്നും വാഗമണ്ണിൽ ഒരു കംഫർട്ട്സ്റ്റേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴൂര്‍ സോമന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യാതിഥിയായി. ഭാരത് മാത വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോമി പൂണോളി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കലക്ടർ ഷീബ ജോർജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നിത്യ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ശ്രുതി പ്രദീപ്, സിനി വിനോദ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്. രാജൻ, സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ എം.ജെ. വാവച്ചൻ, കക്ഷി രാഷ്ട്രീയ പ്രതിനിധികളായ സി. സന്തോഷ് കുമാർ, ഷിജോ തടത്തിൽ, സി.എം. അസീസ്, പ്രിൻസ് മാത്യു, സജീവ് കുമാർ, അഡ്വ. സജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.