ഒറ്റ ദിവസത്തിൽ നിന്നാരംഭിച്ച് ഇപ്പോൾ ഒരാഴ്ച നീളുന്ന ആഘോഷമായി മാറിയിരിക്കുന്നു മലയാളിയുടെ ആർഭാട വിവാഹങ്ങൾ. ഇത്തരം വിവാഹ മാമാങ്കങ്ങളിലും പൊടിയുന്നത് പെൺവീട്ടുകാരുടെ പണമാണ്. ആർഭാട വിവാഹത്തിെൻറ അലയൊലി അവസാനിക്കുമ്പോഴേക്കും പെൺവീട്ടുകാരുടെ സമ്പാദ്യത്തിൽനിന്ന് ലക്ഷങ്ങൾ പൊടിഞ്ഞിരിക്കും. ഒരുപക്ഷേ, കോടി കടന്നിരിക്കും. ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുക എന്നുപറഞ്ഞാൽ സ്ത്രീധനത്തിനുപുറമേ ഉള്ളതെല്ലാം വിറ്റുപെറുക്കി ആർഭാടമായി നടത്തുക എന്നായിരിക്കുന്നു. മഹാമാരിയുടെ കാലത്ത് അഞ്ചും പത്തും പേരെ മാത്രം പങ്കെടുപ്പിച്ച് അനാർഭാടമായി വിവാഹം നടത്താൻ മലയാളിക്ക് കഴിഞ്ഞു. ആർഭാടമായി വിവാഹം കഴിപ്പിച്ച പെൺകുട്ടികളിൽ പലരുടെയും ജീവൻ ഒരുമുഴം കയറിൽ അവസാനിക്കുന്ന വാർത്തകൾ തുടർക്കഥയാകുന്ന വർത്തമാനകാലത്ത് സ്ത്രീധനം കൊടുക്കുന്നതും ആർഭാട വിവാഹവും ഇനിയില്ല എന്നു മലയാളി തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇതാ ചില ചിന്തകളും മാതൃകകളും...
ബിസ്കറ്റും ചായയും നല്കി വിവാഹസല്‍ക്കാരം
വിവാഹ ജീവിതത്തില്‍ രണ്ടു മനസ്സുകള്‍ തമ്മിലുള്ള സമരസപ്പെടലാണ് വേണ്ടതെന്ന ഉത്തമ ബോധ്യത്തിലാണ് മഞ്ചാടിക്കര മറ്റത്തില്‍ വീട്ടില്‍ അഡ്വ. പി. അനില്‍കുമാറും സ്വപ്നയും വിവാഹ ജീവിതത്തിലേക്ക് കടന്നത്.
സ്ത്രീധനത്തെ പടിക്കു പുറത്താക്കിയവര്‍ ഒരുമിച്ച് ജീവിതം പിന്നിട്ടത് 14 വര്‍ഷങ്ങള്‍. സ്ത്രീധനത്തിെൻറ പേരില്‍ ജീവഹാനി സംഭവിച്ച പെണ്‍കുട്ടികള്‍ സമൂഹത്തിനാകെ വേദനയാകുമ്പോള്‍ സ്വന്തം അധ്വാനത്തില്‍ ജീവിതം പടുത്തുയര്‍ത്തിയ സ്വപ്നയും അനിലും ജീവിതാനുഭവങ്ങള്‍ പങ്കുെവക്കുകയാണ്.
തിരുവനന്തപുരം ലോ അക്കാദമിയിലെ പഠനകാലയളവിലാണ് ഇരുവരും കണ്ടുമുട്ടിയത്. വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ടവര്‍ വിവാഹ ജീവിതത്തില്‍ ഒരുമിച്ചു മുന്നോട്ടുപോകണമെന്ന് ആഗ്രഹിച്ചപ്പോള്‍ വീട്ടുകാരെ വിവരം അറിയിച്ചു. സ്വഭാവികമായ എതിര്‍പ്പുകള്‍ വീട്ടില്‍ നിന്നുണ്ടായെങ്കിലും വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുമതിയോടെ വിവാഹം നടത്താനായിരുന്നു ഇരുവരുടെയും തീരുമാനം. ജീവിത വരുമാനത്തിനുള്ള സ്വയംപര്യാപ്തത ഇരുവരും കൈവരിച്ചതോടെ വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തി. 2007 ഒക്ടോബര്‍ 19ന് തിരുവനന്തപുരം സി.പി ഹാളില്‍ നടന്ന വിവാഹത്തിലൂടെ അനില്‍കുമാര്‍ സ്വപ്നയെ സ്വന്തമാക്കിയപ്പോള്‍ അതുവരെ നടന്ന ഒരു ആലോചനകളിലും സ്ത്രീധനമെന്ന വാക്ക് കയറിവന്നിട്ടില്ല, ആലോചിച്ചിട്ടുകൂടിയില്ലെന്ന് ഇരുവരും പറയുന്നു.
വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയിലെ പ്രവര്‍ത്തനത്തിലൂടെ വലിയ സൗഹൃദവലയത്തിനുടമയായ അനില്‍കുമാര്‍ സ്വന്തമായി സ്വരൂപിച്ച പണംകൊണ്ട് ആഡംബരമില്ലാതെ ചങ്ങനാശ്ശേരി നഗരസഭ ടൗണ്‍ഹാളില്‍ സ്നേഹവിരുന്നൊരുക്കി. ചായയും ബിസ്കറ്റുമാണ് നല്‍കിയത്.
മന്ത്രി വി.എന്‍. വാസവന്, മുന്‍ എം.എല്‍.എ സുരേഷ്കുറുപ്പ്, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസല്‍ അടക്കം നിരവധിപേർ പങ്കെടുത്തതായും അനില്‍കുമാര്‍ പറഞ്ഞു. ചങ്ങനാശ്ശേരി ബാറിലെ അഭിഭാഷകനാണ് അനില്‍കുമാര്‍. കുറിച്ചി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റൻറാണ് ഭാര്യ സ്വപ്ന. മോര്‍ക്കുളങ്ങര എ.കെ.എം സ്കൂളിലെ എട്ട്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികളായ സേതുലക്ഷ്മി, സേതുമാധവന് എന്നിവര്‍ മക്കളാണ്.
ചടങ്ങുകളില്ലാെത അനില്‍കുമാര്‍ സുമയെ സ്വന്തമാക്കി
നാട്ടിന്‍പുറങ്ങളില്‍ ഒരുകാലത്ത് പതിവ് ചര്ച്ചവിഷയമായിരുന്നു ചോദിച്ച സ്ത്രീധനം നല്‍കാനില്ലാത്തതുകൊണ്ട് കല്ല്യാണം മാറിപ്പോയെന്നത്. തെൻറ ചെറുപ്പകാലത്ത് കേട്ട വേദനപ്പെടുത്തുന്ന സംസാരങ്ങള്ക്കിടയില് ടി.ബി. അനില്‍കുമാര്‍ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചതാണ് സ്ത്രീധനം വാങ്ങിച്ച് വിവാഹം കഴിക്കില്ല എന്ന്. തുരുത്തി തകിടിയില്‍ വീട്ടില്‍ ഭാസ്കരന്-അമ്മിണി ദമ്പതികളുടെ മകനാണ്. തെൻറ ആണ്മക്കള് സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുന്നതിനോട് താല്പര്യമില്ലെന്ന് ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പറയുന്നതും അനിലിെൻറ മനസ്സിലുണ്ട്.
മുരിക്കാശ്ശേരി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ ലൈന്‍മാനായി ജോലിനോക്കുന്ന അനില്‍ വിവാഹം കഴിക്കുന്ന സമയത്ത് ടൂവീലര്‍ മെക്കാനിക് ആയിരുന്നു. തുരുത്തി വെച്ചൂത്ര മഠത്തില്‍ സുമയുമായി വിവാഹം വീട്ടുകാര്‍ ആലോചിച്ചതാണ്. സാമൂഹികമായി നിലനിന്ന അരാജകത്വങ്ങളോട് ചെറുപ്പത്തിലെ പ്രതിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്ന അനിൽ തെൻറ ആശയങ്ങളോട് സമരസപ്പെടുന്ന എസ്.യു.സി.ഐ എന്ന പ്രസ്ഥാനത്തിെൻറ പ്രവര്‍ത്തകനായി. സ്ത്രീധനം വേണ്ടെന്നുെവച്ചതിനൊപ്പം മതപരമായ ചടങ്ങുകളും ഒഴിവാക്കി സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് സുമയെ വിവാഹം കഴിച്ചത്. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് സുമയുടെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിയെടുക്കുന്നതിന് ദിവസങ്ങൾ വേണ്ടിവന്നുവെന്നും ഇദ്ദേഹം പറയുന്നു. വിവാഹശേഷം നടന്ന സല്‍ക്കാരത്തിന് ചായയും കേക്കുമാണ് നല്‍കിയത്. ഇത്തിത്താനം ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനി മീനാക്ഷി ഏകമകളാണ്. മകള്‍ക്ക് വിദ്യാഭ്യാസം നല്കി സ്വയംപര്യാപ്തമാക്കാനാണ് ഇരുവരുടെയും തീരുമാനം.
വിവാഹശേഷമാണ് കെ.എസ്.ഇ.ബിയില്‍ ജോലി ലഭിക്കുന്നത്. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ സംരക്ഷിക്കാനുള്ള പ്രാപ്തി നേടിയ ശേഷമാകണം പുരുഷന്മാര് വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. ജന്മം നല്കിയ അമ്മയും കൂടെപ്പിറന്ന സഹോദരിയും സ്ത്രീയാണെന്ന് പുരുഷന്മാര് മറന്നുപോവരുത്. സ്ത്രീധനത്തിെൻറ പേരില്‍ നഷ്ടപ്പെട്ട ഓരോ ജീവനും വിലപ്പെട്ടതാണ്. സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കി സ്ത്രീധനം എന്ന മഹാവിപത്തിനെ ഉന്മൂലനം ചെയ്യണമെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഒരു കുടുംബത്തെ കടക്കെണിയിലാക്കരുത്
പെണ്ണുകണ്ട് അഞ്ചാംനാള്‍ നസിയ, അനീസിെൻറ ജീവിതസഖിയായി. തെങ്ങണ കോട്ടക്കല്‍ ദാറുല്‍ അമാന്‍ വീട്ടില്‍ അനീസുദ്ദീെൻറ വിവാഹത്തോടനുബന്ധിച്ച് സ്ത്രീധനമെന്ന വാക്ക് പ്രയോഗിക്കപ്പെട്ടത് കല്യാണത്തിെൻറ തലേ രാത്രിയാണ്. ജമാഅത്ത ഇസ്ലാമി പ്രവര്‍ത്തകനും അധ്യാപകനുമായ പിതാവ് മുഹമ്മദ് അലി മകനോട് പറഞ്ഞത് സ്ത്രീധന വിവാഹത്തിന് താൻ ഉണ്ടാവില്ലെന്നാണ്. അനീസ് പണ്ടേ മനസ്സില്‍ ഉറപ്പിച്ച കാര്യമാണ് തെൻറ വിവാഹത്തിലൂടെ ഒരു കുടുംബം കടക്കെണിയിലാവരുതെന്ന്. കാരണം, പ്രവാസിയായിരുന്ന അനിസുദ്ദീന്‍ നാട്ടില്‍ വിവാഹപ്രായമായ പെണ്മക്കൾക്കായി സ്ത്രീധനം സമ്പാദിക്കുന്നതിനും പെണ് മക്കളുടെ വിവാഹശേഷം കടംവീട്ടുന്നതിനും രാപകലില്ലാതെ കഷ്ടപ്പെടുന്ന അച്ഛന്മാര് സുപരിചിതരായിരുന്നു. 2005 ഡിസംബര്‍ 11നാണ് അനീസുദ്ദീെൻറ വിവാഹം നടന്നത്.
പെണ്ണുകണ്ട് ഇരുവരും സംസാരിച്ചശേഷം പിതാവ് നസീറിനോട് മകളുടെ വിവാഹത്തിനുവേണ്ടി ഒരു ബാധ്യതകളേറ്റെടുക്കരുതെന്ന് അനീസ് ആവശ്യപ്പെട്ടു. 21പേരാണ് വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടിലേക്കുപോയത്. തെങ്ങണയിലെ വീട്ടില്‍ അനീസുദ്ദീന്‍ സ്വന്തം ചെലവില്‍ ബന്ധുക്കളും സുഹൃത്തുക്കള്‍ക്കുമടക്കം 300 പേര്‍ക്ക് ആഡംബരരഹിതമായ വിവാഹസല്‍ക്കാരവും നല്കി.
വിവാഹവസ്ത്രം തനിക്ക് മാത്രമാണ് എടുത്തത്. 16,000 രൂപയാണ് ആകെ വിവാഹത്തിനു ചെലവായതെന്ന് അനീസുദ്ദീന്‍ പറയുന്നു. സ്ത്രീധനം വാങ്ങാത്തതുതന്നെ ഒരുവിധത്തിലും കഷ്ടപ്പെടുത്തിയിട്ടില്ല. വിവാഹശേഷം ഭാര്യക്ക് വിദ്യാഭ്യാസം നല്കി. ഇപ്പോള്‍ ചങ്ങനാശ്ശേരി ഹെവന്‍സ് പ്രീ സ്കൂളിലെ പ്രിന്‍സിപ്പലാണ് നസിയ. മന്ന ഈമാന്‍, സല്‍വ ഈമാന്‍, സഫ ഈമാന്‍ എന്നിവര്‍ മക്കളാണ്. സ്ത്രീധനം ചോദിച്ചുവരുന്നവർക്ക് പെണ്മക്കളെ വിവാഹം ചെയ്തുനല്കില്ലെന്നു തന്നെയാണ് ഇരുവരുടെയും തീരുമാനം. വിവാഹിതരാവുന്ന യുവതിയുവാക്കള്‍ക്ക് സ്വന്തം ജീവിതാനുഭവങ്ങള്‍ പറഞ്ഞു വിവാഹപൂര്‍വ കൗണ്‍സലിങ്ങിലൂടെ മാര്‍ഗനിർദേശം നല്‍കുകയെന്ന വലിയൊരു ദൗത്യവും അനീസും ഭാര്യ ചെയ്യുന്നുണ്ട്.
തെങ്ങണയില്‍ 'ഡെ ടു ഡെ' എന്ന വസ്ത്രവിപണന സ്ഥാപനം നടത്തുകയാണ് അനീസുദ്ദീന്‍. ഐഡിയല്‍ വിങ്ങിെൻറ വളൻറിയറാണ് അനീസുദ്ദീന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.