കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വ്യവസായസമൂഹം പിന്തുണ നല്‍കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി.ഐ.ഐ) സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രിയു(സി.ടി.സി.സി.ഐ)മാണ് വിദ്യാര്‍ഥികളുടെ നൈപുണ്യവികസനം, വ്യവസായ പരിശീലനം, ഗവേഷണം, സംരംഭകത്വ വികസനം എന്നിവക്കായി സര്‍വകലാശാലയുമായി സഹകരിക്കുക.
സര്‍വകലാശാലയില്‍ നടന്ന ഇന്‍ഡസ്ട്രി-അക്കാദമിയ മീറ്റില്‍ ഇത് സംബന്ധിച്ച് ധാരണയായി. സര്‍വകലാശാലക്ക് ലഭിച്ചിട്ടുള്ള പേറ്റന്റുകളുടെ വ്യവസായികസാധ്യതകള് വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനും വ്യവസായികള്‍ താൽപര്യം പ്രകടിപ്പിച്ചു.
പുതിയകാലത്തെ അക്കാദമിക്-കരിയര്‍ താൽപര്യങ്ങള്ക്കനുസരിച്ച് കോഴ്സുകള്‍ സ്വയംചിട്ടപ്പെടുത്താന് വിദ്യാര്‍ഥികള്‍ക്ക് അവസമൊരുക്കുന്ന സംവിധാനമാണ് നാലുവര്‍ഷ ബിരുദ കോഴ്സുകളിലുള്ളത്.
വിദ്യാര്‍ഥികള്‍ക്കായി ജോബ് ഫെയറുകള്‍ സംഘടിപ്പിച്ച് ജോലി ഉറപ്പാക്കുന്നതിന് വ്യവസായസമൂഹം സര്‍വകലാശാലയിലെ ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കോഴ്സിന്റെ ഭാഗമായി ഹൃസ്വകാല വ്യവസായ പരിശീലനത്തിനും സൗകര്യമുണ്ടാകും. സര്‍വകലാശാലയിലെ എം.എസ്.സി പ്രോഗ്രാമുകളുടെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പിനും ഈ സംഘടനകളില്‍ അംഗത്വമുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ അഭിരുചി കൃത്യമായി മനസിലാക്കി പരിശീലനം നല്കാനായാല് പത്തുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍ പറഞ്ഞു. സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്ററാണ് വ്യവസായ സംഘടനകളെയും അഫിലിയേറ്റഡ് കോളജുകളിലെ അക്കാദമിക് സമൂഹത്തെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രജിസ്ട്രാര്‍ ഡോ. കെ.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. സി.ഐ.ഐ കോട്ടയം മേഖലാ ചെയര്മാന് ഫിലിപ്പ് തോമസ്, സി.ടി.സി.സി.ഐ പ്രസിഡന്റ് ഡോ. ഏബ്രഹാം മുളമൂട്ടില്‍, ബിസിനസ് ഇന്നവേഷന്‍ ആൻഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്, ജില്ല വ്യവസായകേന്ദ്രം അസി. ഓഫിസര്‍ ശരത് ലാല്‍, ബിഫ ഡ്രഗ് ലാബോറട്ടറീസ് ഡയറക്ടര്‍ അജയ് ജോര്‍ജ് വര്‍ഗീസ്, സി.ഐ.ഐ കോട്ടയം മേഖലാ വൈസ് ചെയര്മാന് കെ.ജെ.തോമസ്, ഡോ. എ.എസ്.സുമേഷ് എന്നിവര്‍ സംസാരിച്ചു.
അഫിലിയേറ്റഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകപ്രതിനിധികള്‍, പ്ലേസ്മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.