കിടങ്ങൂർ: ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. കിടങ്ങൂരിൽ ആർ.ബി ഹോം ഗാലറിയെന്ന പേരിൽ ഗൃഹോപകരണ സ്ഥാപനം നടത്തിയിരുന്ന പാദുവ മൂലയിൽകരോട്ട് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (35) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ സ്ഥാപനത്തിൽനിന്ന് ഇ.എം.ഐ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങൾ വാങ്ങിയവരുടെ രേഖകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
ഉടമകൾ അറിയാതെ അവരുടെ പേരിൽ ഇ.എം.ഐ വ്യവസ്ഥയിൽ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ നിന്നും കൂടുതൽ തുക ലോൺ വാങ്ങി.
കൂടാതെ ഇയാളുടെ സ്ഥാപനത്തിൽ നിന്നും ഇ.എം.ഐ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങി വായ്പ മുഴുവൻ തിരിച്ചടച്ചയാളുകളുടെ രേഖകള്‍ കയ്യിലിരുന്ന ഇയാള്‍, ഇവരിയാതെ വീണ്ടും സാധനം വാങ്ങിയതായി കാണിച്ച് ഇവരുടെ പേരില്‍ വീണ്ടും ലോണ്‍ എടുത്തു. ഇത്തരത്തിൽ പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയ ഇയാള്‍ കഴിഞ്ഞദിവസം സ്ഥാപനം പൂട്ടി കടന്നുകളയുകയായിരുന്നു. തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും ഉപഭോക്താക്കളെ പണം തിരിച്ചടക്കുന്നതിനായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പേരിൽ പണം തട്ടിയെടുത്തിരുന്നതായി അറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.