കോട്ടയം: നഗരസഭ ജീവനക്കാർ വഴി നേരിട്ട് പണം സ്വീകരിച്ച് രസീത് നൽകുന്ന സംവിധാനം നിർത്തുന്നു. പുറത്തുപോയി പണം പിരിക്കുന്ന ജീവനക്കാർക്ക് ഇ പോസ് മെഷീൻ നൽകും. കെ. സ്മാർട്ട് സോഫ്റ്റ്വെയർ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പണമിടപാടുകൾ പൂർണമായി ഡിജിറ്റലാകുന്നത്. വിവിധ സേവനങ്ങൾക്കായി ജനങ്ങൾ ഇനി നഗരസഭയിൽ നേരിട്ട് ഹാജരാവേണ്ടതില്ല. ജനുവരി ഒന്നുമുതൽ എല്ലാ സേവനങ്ങളും പൂർണമായി ഓൺലൈൻ വഴി ലഭ്യമാകും. തദ്ദേശസ്ഥാപനങ്ങൾക്കായി ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ കെ. സ്മാർട്ട് സോഫ്റ്റ്വെയർ നടപ്പാകുന്നതിന്റെ ഭാഗമായാണ് സേവനലഭ്യതയിൽ അടിമുടി മാറ്റംവരുന്നത്. ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും സോഫ്റ്റ്വെയർ നിലവിൽ വരും. ഇതോടൊപ്പം കെ. സ്മാർട്ട് മൊബൈൽ ആപ്പും ആരംഭിക്കും.
അപേക്ഷ നൽകുന്നതു മുതൽ സേവനം ലഭ്യമാകുന്നതുവരെ ഓൺലൈനിലാവും. അപേക്ഷകളുടെ തൽസ്ഥിതി അറിയാനും കഴിയും. വിവരങ്ങൾ എസ്.എം.എസ് വഴിയും വാട്സ്ആപ്പ് വഴിയും ലഭ്യമാക്കാനും സംവിധാനമുണ്ട്.
ആദ്യഘട്ടത്തിൽ ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, കെട്ടിടനിർമാണം, വസ്തു നികുതി, ധനകാര്യം, ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്, പരാതി പരിഹാരസംവിധാനം, മാനവശേഷി പരിപാലന സംവിധാനം, ബിസിനസ് ഫെസിലിറ്റേഷൻ എന്നിവ എട്ടു മൊഡ്യൂളുകളിലാണ് സഗരസഭയിൽ വിന്യസിക്കുന്നത്. അഴിമതി രഹിതവും സമയബന്ധിതവും ആയി സേവനം ലഭ്യമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. നഗരസഭയിൽ കെ. സ്മാർട്ട് നടപ്പാക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി ബി. അനിൽകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.