കോട്ടയം: സാധാരണക്കാരും നവസാക്ഷരരും ഉൾപ്പെടെയുള്ളവർക്ക് പരാശ്രയമില്ലാതെ മനസ്സിലാകുംവിധം ലളിതഭാഷയിൽ സർക്കാർ വിവരങ്ങൾ നൽകുന്നതിന് ജീവനക്കാർ ശ്രദ്ധിക്കണമെന്ന് ഗ്രന്ഥകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ വൈക്കം മധു പറഞ്ഞു.
വിവര-പൊതുജന സമ്പർക്ക വകുപ്പും ജില്ല ഭരണകൂടവും സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിെൻറയും ഭരണഭാഷ വാരാഘോഷത്തിെൻറയും ജില്ലതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശയ സംവേദനം കാര്യക്ഷമമായി നടക്കുന്നതിന് മലയാളഭാഷയിലെതന്നെ വാക്കുകളും പദങ്ങളും വാചകങ്ങളും ഉപയോഗിക്കുന്നതാണ് ഉത്തമം. മലയാളത്തിൽ വേരുറച്ചുപോയ ചില പദങ്ങൾ അവ മറ്റ് ഭാഷയിലുള്ളതാണെങ്കിലും സ്വീകരിക്കുന്നതിൽ അപകർഷബോധം ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് എ.ഡി.എം ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി കലക്ടർ പി.ജി. രാജേന്ദ്രബാബു ജീവനക്കാർക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിൽ മികവുപുലർത്തിയ മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള സ്ഥാപനത്തിനുള്ള പുരസ്കാരം മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രവും ജീവനക്കാർക്കുള്ള പുരസ്കാരം മൃഗസംരക്ഷണ ജില്ല ഓഫിസ് ജീവനക്കാരി ധന്യാ ദേവരാജനും ചടങ്ങിൽ ഏറ്റുവാങ്ങി. ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഒ.ടി. തങ്കച്ചൻ, സാക്ഷരത മിഷൻ കോഓഡിനേറ്റർ ഡോ. വി.വി. മാത്യു, അസിസ്റ്റൻറ് എഡിറ്റർ കെ.ബി. ശ്രീകല എന്നിവർ സംസാരിച്ചു.
ജീവനക്കാർക്കായി മത്സരം അഞ്ചിന്
കോട്ടയം: ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് വിവര-പൊതുജന സമ്പർക്ക വകുപ്പും ജില്ല ഭരണകൂടവും സംയുക്തമായി സർക്കാർ ജീവനക്കാർക്കായി ഭാഷാപരിചയ മത്സരം സംഘടിപ്പിക്കും. നവംബർ അഞ്ചിന് രാവിലെ 11 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നവർ പേരുവിവരം 9496478849 എന്ന വാട്സ്ആപ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2562558.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.