കോട്ടയം: കനത്തമഴയെ തുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം. നിരവധി കർഷകരുടെ ഏത്തവാഴ കൃഷി ഉൾപ്പെടെ നശിച്ചു. മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴുന്നതും പതിവായി. കുര്യൻ ഉതുപ്പ് റോഡ്, നാട്ടകം, ബേക്കർ ജങ്ഷൻ, കോടിമത ബൈപാസ് റോഡ്, കലക്ടറേറ്റ്-പൊലീസ് സ്റ്റേഷൻ റോഡ്, മുനിസിപ്പൽ നാഗമ്പടം റോഡ്, ഏറ്റുമാനൂർ, പേരൂർ ജങ്ഷൻ, മാർക്കറ്റ് റോഡ് തുടങ്ങി നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് പതിവ് സംഭവമാണ്. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതും ഓടകൾ നിറഞ്ഞതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. ദിവസങ്ങൾക്ക് മുമ്പ് പെയ്ത മഴയിൽ കെ.എസ്.ഇ.ബി ഓഫിസ് കെട്ടിടത്തിന്റെ മതിലിടിയുകയും കലക്ടറേറ്റിന് മുൻവശത്തെ മരം കടപുഴകിയും ചെയ്തു.
മഴയെത്തുടർന്ന് തോപ്പിൽ സുരേഷിന്റെ വീടിന്റെ മുറ്റത്തേക്ക് കയ്യാല ഇടിഞ്ഞുവീണു. നഗരസഭയുടെ 14ാം വാർഡായ കീഴിക്കുന്നിൽ അഭയഭവന് സമീപത്താണ് സംഭവം. സമീപത്തെ ഓടയടഞ്ഞ് വെള്ളം കുത്തിയൊലിച്ചാണ് എട്ടടി ഉയരമുള്ള കയ്യാല ഇടിഞ്ഞുവീണത്. ആൾത്താമസമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീട്ടുമുറ്റത്തെ ഫലവൃക്ഷങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്തു. സമീപത്തായി ഓടയുടെ മറ്റൊരുഭാഗവും കിണറും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.