കോട്ടയം: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ലിമിറ്റഡ് (എച്ച്.എൻ.എൽ) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികൾ ക്രെഡിറ്റേഴ്സ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ബാധ്യതകളടക്കം 278 കോടിക്ക് കമ്പനി ഏറ്റെടുക്കുന്ന പാക്കേജ് യോഗത്തിൽ സർക്കാറിനെ പ്രതിനിധീകരിച്ച കിൻഫ്ര, റിയാബ് പ്രതിനിധികൾ അവതരിപ്പിച്ചു.
എന്നാൽ, തുക അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ ക്രെഡിറ്റേഴ്സ് കമ്മിറ്റി, 400 കോടിയെന്ന ആവശ്യവും മുന്നോട്ടുവെച്ചു. എന്നാൽ, ഇത്രയും തുകക്കുള്ള മൂല്യം കമ്പനിക്കില്ലെന്ന് സർക്കാർ പ്രതിനിധികൾ യോഗത്തിൽ വ്യാതമാക്കി. എന്നാൽ, പലിശയടക്കം 400 കോടിേയാളം രൂപ ലഭിക്കാനുണ്ടെന്ന നിലപാടിൽ ബാങ്ക് പ്രതിനിധികൾ അടങ്ങിയ ക്രെഡിറ്റേഴ്സ് കമ്മിറ്റി ഉറച്ചുനിന്നു. ഇതോടെ ഇക്കാര്യം സർക്കാറിനെ അറിയിക്കാമെന്ന് വ്യക്തമാക്കി കിൻഫ്ര, റിയാബ് പ്രതിനിധികൾ മടങ്ങി.
ചൊവ്വാഴ്ച നടന്ന യോഗത്തിലെ തീരുമാനങ്ങളും ബാങ്കുകളുടെ ആവശ്യങ്ങളും സർക്കാറിെന അറിയിക്കുമെന്ന് ക്രിൻഫ അധികൃതർ പറഞ്ഞു. തുടർതീരുമാനം സർക്കാർ തലത്തിലാകും ഉണ്ടാകുകയെന്നും ഇവർ വ്യക്തമാക്കി. കമ്പനിയുടെ ബാധ്യതകൾ തീർക്കാനും തുടർപ്രവർത്തനത്തിനുള്ള മൂലധനവും ഉൾപ്പെടെയാണ് 278 കോടിയുടെ പാക്കേജ് തയാറാക്കിയതെന്ന് ഇവർ പറഞ്ഞു. ബാങ്കുകൾ പിഴപ്പലിശയടക്കമാണ് ആവശ്യപ്പെടുന്നത്. ഇത് നൽകാനാവില്ലെന്നാണ് സർക്കാറിെൻറ നിലപാട്. ഏറ്റെടുക്കൽനടപടി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലെത്തിയതോടെ ഇവരാണ് കമ്പനി പണം നൽകാനുള്ള ബാങ്കുകളെ അടക്കം ഉൾപ്പെടുത്തി ക്രെഡിറ്റേഴ്സ് കമ്മിറ്റിക്ക് രൂപംനൽകിയത്.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ലിമിറ്റഡിൻെറ (എച്ച്.പി.സി.എൽ) സബ്‌സിഡിയറി കമ്പനിയാണ് വെള്ളൂരിലെ എച്ച്.എൻ.എൽ,എച്ച്.പി.സി.എൽ നഷ്ടത്തിലായതോടെയാണ് എച്ച്.എൻ.എൽ വിൽപനക്ക് കളമൊരുങ്ങിയത്. തുടർന്ന് കമ്പനി ലേലത്തിനുെവച്ചതോടെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളായ കെ.എസ്.ഐ.ഡി.സി, മലബാർ സിമൻറ്സ്, കിൻഫ്ര, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയും സ്വകാര്യ ഗ്രൂപ്പായ സൺ പേപ്പർ മില്ലും ടെൻഡർ സമർപ്പിച്ചു.
പിന്നീട് മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് പകരം, എച്ച്.എൻ.എൽ ഏറ്റെടുക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ കിൻഫ്രയോട് നിർദേശിക്കുകയായിരുന്നു.
തുടർന്ന് സർക്കാറിനുവേണ്ടി കിൻഫ്ര സമർപ്പിച്ച പദ്ധതിരേഖ ക്രെഡിറ്റേഴ്സ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. എന്നാൽ, കിൻഫ്ര നൽകിയ ടെൻഡറിലെ തുക അപര്യാപ്തമായതിനാൽ കൂട്ടിനൽകാൻ ആവശ്യപ്പെട്ടിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.