കോട്ടയം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് കേരള സർക്കാറിനുവേണ്ടി കിൻഫ്ര ഏറ്റെടുത്തിട്ടും തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളോ കുടിശ്ശികയോ ലഭിച്ചില്ല. കോടതിവിധി പ്രകാരം 145 കോടി 60 ലക്ഷം രൂപയാണ് കിൻഫ്ര നൽകേണ്ടത്. ഒന്നാം ഗഡുവായി 72.80 കോടി രൂപ മാർച്ച് രണ്ടിന് സെൻട്രൽ ബാങ്കിെൻറ പെരുവ ബ്രാഞ്ചിലേക്ക് കൈമാറിയിരുന്നു. രണ്ട് ബാങ്കുകൾ തങ്ങൾക്ക് വായ്പബാധ്യത ഇനത്തിൽ കിട്ടാനുള്ള തുക പിൻവലിച്ചു. ബാക്കി തുക ബാങ്കിലുണ്ടെങ്കിലും തൊഴിലാളികൾക്ക് കുടിശ്ശിക വിതരണം ചെയ്തിട്ടില്ല.
ട്രൈബ്യൂണൽ റെസല്യൂഷൻ പ്ലാൻ അംഗീകരിച്ച ജനുവരി 28 മുതൽ 30 ദിവസത്തിനകം ഒന്നാംഗഡു നൽകാനായിരുന്നു ഉത്തരവ്. രണ്ടാം ഗഡു 72.80 കോടി രൂപ 45 ദിവസത്തിനകവും. ഇതുപ്രകാരം മാർച്ച് 15ന് രണ്ടാം ഗഡു നൽകണം. എന്നാൽ, ഇതുവരെ തങ്ങൾക്ക് കിട്ടാനുള്ള തുകയെക്കുറിച്ച് അധികൃതർ പ്രതികരിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ലഭിക്കാനുള്ള ആകെ തുകയുടെ 35 ശതമാനം മാത്രമാണ് െറസലൂഷൻ നടപടിക്രമത്തിെൻറ ഭാഗമായി തൊഴിലാളികൾക്കും ട്രെയിനികൾക്കും അടക്കം ലഭിക്കാനുള്ളത്.
30 മാസമായി തൊഴിലാളികൾക്കും കമ്പനിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്കും ശമ്പളം ലഭിച്ചിട്ട്. 2019 ജനുവരി ഒന്നിനാണ് കമ്പനി പ്രവർത്തനം നിർത്തിയത്. പൂട്ടുന്ന സമയത്ത് 442 സ്ഥിരം ജീവനക്കാർ, 508 കരാർ ജീവനക്കാർ, 27 ട്രെയിനികൾ അടക്കം 1020 പേരുണ്ടായിരുന്നു. പലരും മറ്റ് ജോലിക്ക് പോയാണ് ജീവിതം തള്ളിനീക്കുന്നത്. നിത്യചെലവിനും മക്കളുടെ വിദ്യാഭ്യാസത്തിനും മരുന്ന്, ആശുപത്രി മുതലായ അത്യാവശ്യങ്ങൾക്കും തങ്ങൾ ബുദ്ധിമുട്ടുന്നതിനാൽ നിയമപ്രകാരം ലഭിക്കേണ്ട തുക ഉടൻ നൽകണമെന്ന് എച്ച്.എൻ.എൽ എംപ്ലോയീസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻറ് തോമസ് കല്ലാടൻ, പി.എ. രഞ്ജിത്, കെ.സി. ലാലക്സ്, ജെറോം കെ. ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.