കോട്ടയം: ഉറപ്പുള്ളൊരു മേൽക്കൂരയാണ് ഇവർക്ക് കാഞ്ഞിരം പാലം. പെയ്ത മഴയത്രയും മേൽക്കൂര വഴി വീടിന് അകത്തേക്കൊഴുകിയപ്പോൾ ജീവിതത്തിലേക്കിട്ട പാലം. പാലത്തിന് കീഴിലെ മറയില്ലാത്തതും വൃത്തിഹീനവുമായ ജീവിതം ഉയർത്തുന്ന അരക്ഷിതത്വത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയിലും, ആരുടെയും മുന്നിൽ കൈനീട്ടേണ്ടിവന്നില്ലല്ലോ എന്നതാണ് ഈ ദമ്പതികൾക്ക് ഏക ആശ്വാസം.
മലരിക്കൽ അടിവാക്കൽചിറ ഷാജിയും ഭാര്യ രജനിയുമാണ് മഴയിലും കാറ്റിലും വീട് തകർന്നപ്പോൾ തിരുവാർപ് പഞ്ചായത്തിലെ കാഞ്ഞിരം പാലത്തിന് കീഴിൽ അഭയം തേടിയത്. മഴ കനത്താൽ കൊടൂരാർ നിറഞ്ഞ് വെള്ളം കയറുന്ന പാലത്തിനടിയിലാണ് അഞ്ചുദിവസമായി ഇവരുടെ താമസം. ശരീരത്തിെൻറ ഒരുഭാഗം തളർന്നതിനാൽ നിവർന്നുനിൽക്കാനാവില്ല 56കാരനായ ഷാജിക്ക്. ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിെൻറ പുറംബണ്ടിലായിരുന്നു ഇവരുടെ കുടിൽ. മഴയിൽ വെള്ളം കയറിയതോടെ, ഷാജി ഭാര്യയുമൊത്ത് പാലത്തിന് കീഴിലെത്തി. കൈയിൽ കൊള്ളാവുന്ന പാത്രങ്ങളും രണ്ടു വളർത്തുനായ്ക്കളെയും കൂടെകൂട്ടി.
പാലത്തിെൻറ തൂണിനോട് ചേർന്ന സിമൻറ് തിട്ടയിലാണ് ഉറക്കം. ഭക്ഷണം പഞ്ചായത്തിൽനിന്ന് കിട്ടും. പാലത്തിനോടുചേർന്ന വീടിെൻറ ശുചിമുറിയും ഉപയോഗിക്കും. സമീപത്തെല്ലാം വീടുകളുള്ളതുകൊണ്ട് ഭയമില്ല.
ട്രാക്ടർ ഡ്രൈവറായിരുന്ന ഷാജിക്ക് മൂന്നുവർഷം മുമ്പാണ് പക്ഷാഘാതം വന്നത്. കുറേനാൾ കിടപ്പായിരുന്നു. ഇപ്പോൾ വടി കുത്തി മെല്ലെ നടക്കാം. ഇടത്തേ കയ്യും കാലും അനക്കാൻ കഴിയില്ല. മരുന്നുകളിലാണ് ജീവിതം മുന്നോട്ടുനീക്കുന്നത്. രജനി കൂലിപ്പണിചെയ്തും പാടത്തു പണിതുമാണ് വീട് നോക്കിയിരുന്നത്. ഇവർക്ക് മക്കളില്ല.
ക്യാമ്പുകളിലേക്ക് മാറാൻ പലരും നിർബന്ധിക്കുന്നുണ്ടെങ്കിലും അസുഖബാധിതനായതിനാൽ ആൾക്കൂട്ടത്തിനിടയിലേക്ക് ചെല്ലാൻ ധൈര്യമില്ല. വസ്ത്രങ്ങളെടുക്കാൻ കഴിഞ്ഞ ദിവസം വള്ളത്തിൽ വീട്ടിൽ പോയി നോക്കിയിരുന്നു. വീടിനു മുകളിലാണ് വെള്ളം നിൽക്കുന്നത്. ഷാജിയുടെ പിതാവിെൻറ കാലത്ത് കുടികിടപ്പ് കിട്ടിയതാണ് പുറംബണ്ടിലെ പത്ത് സെൻറ്. പട്ടയമില്ലാത്തതിനാൽ ഇവർക്ക് സർക്കാർ ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല.
ചികിത്സക്ക് കടം വാങ്ങിയതുതന്നെ കൊടുത്തുതീർത്തിട്ടില്ല. വീടു തകർന്നതോടെ, വെള്ളം ഇറങ്ങിയാൽ തിരിച്ചുചെല്ലുന്നത് എങ്ങോട്ടെന്ന ഉത്തരമില്ലാത്ത ചോദ്യമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.
ദമ്പതികളെ സന്ദർശിച്ചിരുന്നതായും ഇവരോട് കാഞ്ഞിരം എസ്.എൻ.ഡി.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടതായും ഡെപ്യൂട്ടി കലക്ടർ ടി.കെ. വിനീത് അറിയിച്ചു.
കോവിഡ് ഭീതിയുള്ളതിനാൽ ഇരുവർക്കും ഒറ്റക്ക് താമസിക്കാൻ സൗകര്യം നൽകുമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. പട്ടയവും രേഖകളുമടക്കം തയാറായാൽ ഭവനനിർമാണത്തിന് സഹായം നൽകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ഇറിഗേഷൻ ഉദ്യോഗസ്ഥ എം.എസ്. നീന, വാർഡ് മെംബർ അനീഷ് എന്നിവരും ഡെപ്യൂട്ടി കലക്ടർക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.