കോട്ടയം: ജൽ ജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച റോഡുകളിൽ അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്നവയുടെ കാര്യത്തിൽ മൂന്നുമാസത്തിനകം പണികൾ പൂർത്തിയാക്കി പൂർവസ്ഥിതിയിലാക്കണമെന്നു ജില്ല ജല ശുചിത്വമിഷൻ ചെയർമാൻ കൂടിയായ കലക്ടർ ജോൺ വി. സാമുവൽ. ശുചിത്വമിഷൻ യോഗത്തിലാണ് അദ്ദേഹം നിർദേശം മുന്നോട്ടുവെച്ചത്.
പദ്ധതിക്കായി പൊളിച്ച റോഡുകൾ പുനഃസ്ഥാപിക്കുന്നതിൽ പഴയ കേസുകൾ എത്രയെണ്ണം ബാക്കിയുണ്ടെന്ന് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും സംയുക്ത പരിശോധന നടത്തി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
മൂന്നുമാസത്തിനുള്ളിൽ റോഡുകൾ പൂർവ സ്ഥിതിയിലാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പിൽ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കാൻ ജില്ല ജല ശുചിത്വ മിഷൻ (ഡി.ഡബ്ല്യു.എസ്.എം) കമ്മിറ്റിയിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആൻഡ് മെയിന്റനൻസ് എക്സിക്യൂട്ടിവ് എൻജിനീയറെ ഉൾപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.
മണർകാട്, വെച്ചൂർ ഗ്രാമപഞ്ചായത്തുകളെയും റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറെയും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെയും കമ്മിറ്റിയിൽ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. ജല അതോറിറ്റി കടുത്തുരുത്തി ഡിവിഷനു കീഴിൽ കടുത്തുരുത്തി പഞ്ചായത്തിൽ അറുനൂറ്റിമംഗലത്ത് എഴുലക്ഷം ലിറ്റർ ഉന്നത ജലസംഭരണി നിർമിക്കാൻ സൗജന്യമായി സ്ഥലം വിട്ടുതരാമെന്നു സമ്മതിച്ച അലക്സാണ്ടർ ചാക്കോയിൽനിന്ന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും തീരുമാനിച്ചു.
ഡി.ഡബ്ല്യു.എസ്.എം മെംബർ സെക്രട്ടറിയും കോട്ടയം പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയറുമായ കെ.എസ്. അനിരാജ്, ജല അതോറിട്ടി കോട്ടയം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ദിലീപ് ഗോപാൽ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആൻഡ് മെയിന്റനൻസ് എക്സിക്യൂട്ടിവ് എൻജിനീയർ അനിത മാത്യു, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജോസ് രാജൻ, ജില്ല പ്ലാനിങ് ഓഫിസർ എം.പി. അനിൽകുമാർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ശോഭ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.