കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ 12 സീറ്റ് വേണമെന്ന ജോസഫ് ഗ്രൂപ്പിെൻറ കടുംപിടിത്തവും മാണി സി. കാപ്പനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച കോൺഗ്രസിലെ തർക്കവും യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജോസഫ് വിഭാഗത്തിന് പരമാവധി എട്ട് അല്ലെങ്കിൽ ഒമ്പത് സീറ്റ്വരെ നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ചർച്ചയിലും ഇക്കാര്യം പി.ജെ. ജോസഫിനെ അറിയിച്ചു.
എന്നാൽ, ജോസഫ് വിഭാഗത്തിെൻറ കടുംപിടിത്തത്തെ തുടർന്ന് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. 12 സീറ്റ് എന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ തീരുമാനം. ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജോസഫുമായി ചർച്ച നടത്തിയത്.
കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് 15 സീറ്റിലാണ്. അതിൽ മൂന്നെണ്ണം ഒഴികെയുള്ള സീറ്റുകൾ തങ്ങൾക്ക് വേണമെന്ന ഉറച്ച നിലപാടിലാണ് ജോസഫ്. ആലത്തൂർ, തളിപ്പറമ്പ് സീറ്റുകൾ വിട്ടുനൽകാമെന്നും പകരം തിരുവമ്പാടിയും മൂവാറ്റുപുഴയും വേണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
മൂവാറ്റുപുഴയിൽ ജോണി നെല്ലൂരിനെ മത്സരിപ്പിക്കണമെന്നും നിർദേശമുണ്ട്. മൂവാറ്റുപുഴ കോൺഗ്രസിെൻറയും തിരുവമ്പാടി ലീഗിെൻറയും സീറ്റാണ്. തിരുവമ്പാടിക്കായി സഭകളുടെ പിന്തുണയും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. കോട്ടയത്തെ ഒമ്പത് സീറ്റിൽ ആറെണ്ണം കേരള കോൺഗ്രസും മൂന്നെണ്ണം കോൺഗ്രസുമാണ് മത്സരിക്കുന്നത്. ജോസ് വിഭാഗം മുന്നണി വിട്ടതിനാൽ അഞ്ചെണ്ണം ജോസഫിനും നാലെണ്ണം കോൺഗ്രസിനും എന്ന നിർദേശവും കോൺഗ്രസ് മുന്നോട്ടുവെച്ചു. കോട്ടയം, വൈക്കം, പുതുപ്പള്ളി എന്നിവക്ക് പുറമെ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ സീറ്റുകളാണ് കോൺഗ്രസ് നോട്ടമിടുന്നത്. കടുത്തുരുത്തി, പാലാ-മാണി സി. കാപ്പൻ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് നൽകുക.
ഇതും ജോസഫ് അംഗീകരിച്ചിട്ടില്ല. പൂഞ്ഞാറിൽ പി.സി. ജോർജിനെ മത്സരിപ്പിക്കുന്ന കാര്യവും കോൺഗ്രസ് നേതൃത്വത്തിെൻറ പരിഗണനയിലാണ്. ജോർജിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവരുമായി ചർച്ചക്കും നേതൃത്വം ഒരുങ്ങുകയാണ്. പാലാ സീറ്റും യു.ഡി.എഫിൽ ജോസഫിെൻറ അക്കൗണ്ടിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, ജയസാധ്യതയുള്ള കൂടുതൽ സീറ്റുകൾ നൽകിയാൽ സ്ഥാനാർഥികളുടെ പട്ടിക നിരത്താൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അതിനും ജോസഫ് വിഭാഗം തയാറായില്ല.
ജോസ് വിഭാഗത്തോട് നേരിട്ട് ഏറ്റുമുട്ടാൻ തങ്ങൾക്ക് കഴിയുമെന്നും കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകൾ അതുകൊണ്ടുതന്നെ തങ്ങൾക്ക് നൽകണമെന്നും ജോസഫ് വിഭാഗം യു.ഡി.എഫ് കക്ഷികളോടും ആവശ്യപ്പെട്ടു.
അതേസമയം, കാപ്പൻ പാലായിൽ പ്രചാരണം ആരംഭിച്ചെങ്കിലും കോൺഗ്രസിൽ ചേരട്ടെയെന്ന് ആവർത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ കൊടിക്കുന്നിൽ സുരേഷും പിന്തുണച്ചതോടെ വിഷയം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കാപ്പനെ യു.ഡി.എഫ് ഘടകകക്ഷിയാക്കരുതെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.