കോട്ടയം: യാത്രക്കാരുടെ കാഴ്ചമറച്ച് കോടിമത മീഡിയനും കാടിന് നടുവിൽ. കോടിമത നാലുവരിപ്പാതയിലെ മീഡിയനും ഡിവൈഡറും കാടിനുള്ളിൽ സ്ഥിതിചെയ്യുന്നത്. റോഡിന്റെ മധ്യഭാഗത്തായി നിർമിച്ചിരിക്കുന്ന ഡിവൈഡറിൽ ഒരാൾ പൊക്കത്തിലാണ് പുല്ല് വളർന്നുനിൽക്കുന്നത്. ഡിവൈഡറിൽ അലങ്കാരത്തിനായി വെച്ചുപിടിപ്പിച്ച ചെടികളും മറ്റും നശിപ്പിച്ച് പുല്ല് വളർന്ന് നിൽക്കുകയാണ്. ഡിവൈഡറിൽ വേണ്ടത്ര പരിപാലന പ്രവർത്തനങ്ങൾ നടത്താത്തതാണ് കാട് വളർന്നുനിൽക്കാൻ കാരണം. ഡിവൈഡറിൽ ഉടനീളം ഇത്തരത്തിൽ കാട് പടർന്നുനിൽക്കുകയാണ്.
ഡിവൈഡറിന്റെ മധ്യഭാഗത്തായി രണ്ട് ഇടനാഴികൾ നിർമിച്ചിട്ടുണ്ട്. ഒരു വശത്തുനിന്ന് മറുവശത്തേക്ക് ഈ ഇടനാഴിവഴി വാഹനങ്ങൾ കടക്കുമ്പോൾ എതിർദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത തരത്തിലാണ് കാട് വളർന്നുനിൽക്കുന്നത്. ഇത് അപകടത്തിന് ഇടയാക്കുന്നു. അടുത്തകാലത്ത് കോട്ടയം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കോടിമത മീഡിയൻ നവീകരിക്കുമെന്നും പരിപാലിക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ലബിന്റെ ബോർഡും ശിലാസ്ഥാപനവും നടത്തിയശേഷം പിന്നീട് ആരും തിരിഞ്ഞുനോക്കാതായി.
ഇടക്കാലത്ത് പേരിനുമാത്രം കാട് തെളിച്ചെങ്കിലും വീണ്ടും പഴയപടിയായി. ഡിവൈഡറിന്റെ മധ്യത്തിൽ കാട് വളർന്നുനിൽക്കുന്നതും വഴിവിളക്കുകൾ തെളിയാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇടനാഴിയിൽനിന്ന് കയറിവരുന്ന വാഹനങ്ങൾ പകൽ പോലും മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ഇതോടെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നാലുവരിപ്പാതയിൽ അപകടങ്ങളും വർധിക്കുന്നതിനും കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.