കോട്ടയം: കേരളത്തിന്റെയും വിശിഷ്യാ കോട്ടയത്തിന്റെയും ബൗദ്ധ പാരമ്പര്യം തേടിയുള്ള യാത്രയാണ് ഡി.സി. കിഴക്കേമുറിയിടത്തിലെ കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന സംഘചിത്ര പ്രദർശനം. അനിരുദ്ധ് രാമൻ, ഡോ. അജയ് എസ്. ശേഖർ എന്നീ കലാകാരൻമാരാണ് ‘കോതായം’ എന്നു പേരിട്ടിരിക്കുന്ന പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഗോതമ ബുദ്ധനെ സൂചിപ്പിക്കുന്ന പ്രാചീന തമിഴ് പദമാണ് ‘കോത’.
സംസ്കാരിക അധിനിവേശങ്ങളെത്തുടർന്ന് ‘കോതായം’ ‘കോട്ടയം’ ആയി മാറിയെന്നാണ് വ്യാഖ്യാനം. ഇപ്പോഴും കോട്ടയത്തിന്റെ കിഴക്കൻമേഖലയെ പരിഹാസ രൂപേണ ‘കോത്താഴം’ എന്ന് പറയാറുണ്ട്. ബൗദ്ധരെ അപരവത്കരണത്തിലൂടെ പരിഹാസവത്കരിച്ച് ഇല്ലായ്മ ചെയ്തതിന്റെ ഭാഷ അടയാളമായിട്ടാണ് ‘കോതായം’ എന്ന് കണക്കാക്കുന്നത്. നഗരത്തോടു ചേർന്ന ഈരയിൽക്കടവിൽ തിരുഗോതമപുരം എന്ന പേരിൽ ക്ഷേത്രമുണ്ട്.
കിളിരൂർ, നീലംപേരൂർ എന്നീ ബുദ്ധവിഹാരങ്ങളെയും പ്രദർശനം ഓർമിപ്പിക്കുന്നു. ഹിന്ദുത്വ ഭീകരതയുടെ കാലത്ത് ബൗദ്ധ സംസ്കാരത്തെ ഉപയോഗിച്ച് സാംസ്കാരികമായി പ്രതിരോധിക്കുകയാണ് ഇത്തരം പ്രദർശനത്തിലൂടെ ഉദ്ദേശിച്ചതെന്ന് അനിരുദ്ധ് രാമനും ഡോ. അജയ് എസ്. ശേഖറും പറഞ്ഞു. ബൗദ്ധ സംസ്കാരത്തെ എങ്ങനെ ഹൈന്ദവത കീഴടക്കി എന്നും ജാതിവ്യവസ്ഥയുടെ വരവും ഹൈന്ദവതയുടെ അഹിംസാമുഖവുമാണ് ചിത്രങ്ങളിൽ കാണുന്നത്. അമ്പതോളം ചിത്രങ്ങൾക്കൊപ്പം പ്രാചീന ബൗദ്ധ പുരാവസ്തുക്കളുടെയും ഇടങ്ങളുടെയും ഫോട്ടോകളും അംബേദ്കർ, അയ്യൻകാളി തുടങ്ങിയ നവോത്ഥാന നായകരുടെ പോർട്രെയിറ്റുകളുമുണ്ട്.
ചവരിമല(ശബരിമല), കട്ടിലമാടം, കഴുവേറ്റിക്കല്ല്, കോട്ടയത്തെ വെള്ളിലാപ്പള്ളിയിൽനിന്നു കിട്ടിയ ബുദ്ധശിരസ്സ്, ബോധിസത്വൻ എന്നിവയും ഫോട്ടോകളിലുണ്ട്. അക്രിലിക്കിലും ചാർക്കോളിലും മിശ്രമാധ്യമങ്ങളിലുമാണ് കലാരചനകൾ. കാലടി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസോ. പ്രഫസറാണ് ഗാന്ധിനഗർ സ്വദേശിയായ അജയ് എസ്. ശേഖർ. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ അനിരുദ്ധ് രാമൻ ഡയറ്റിൽ കലാധ്യാപകനും. ബുദ്ധിസത്തിന്റെ ചരിത്രം പഠിക്കുന്ന ഇരുവരും ആദ്യമായാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച ആർട്ട് ഗാലറിയിൽ നടന്ന സംവാദത്തിൽ കെ.ജി. കൃഷ്ണകുമാർ, അഡ്വ. കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച അഞ്ചിന് എം.ആർ. രേണുകുമാർ കാവ്യഭാഷണം നിർവഹിക്കും. ബുധനാഴ്ച നാലിന് വി.വി. സ്വാമിയും അഞ്ചിന് മനോജ് കുറൂരും സംവദിക്കും. 13 വരെ പ്രദർശനം കാണാം. 10 മുതൽ 6.30 വരെയാണ് സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.