കോട്ടയം: ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തി പട്ടിക തയാറാക്കാനും കൈയേറ്റം കണ്ടെത്താനും ആർ.ഡി.ഒമാർക്ക് ജില്ല വികസന സമിതി യോഗത്തിന്റെ നിർദേശം. മണിമല പഞ്ചായത്തിൽ നാലേക്കറോളം സർക്കാർ ഭൂമി ഉപയോഗരഹിതമായ നിലയിലുള്ളതായും സർക്കാർ പുറമ്പോക്ക് സ്ഥലങ്ങളിൽ കൈയേറ്റമുണ്ടെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. കരിമ്പുകയം ചെക്ക് ഡാം മുതൽ ഒരു കിലോമീറ്റർ ദൂരം സംരക്ഷണഭിത്തി നിർമിക്കാൻ 98 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്ത് ഭൂമി കൈയേറ്റം ഉള്ളതിനാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ട സ്ഥിതിയുണ്ട്. അരുവിക്കുഴി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരക്ക് പരിഗണിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിലേക്ക് ഒരു ഡോക്ടറെ കൂടി അനുവദിക്കണം, ആരാധനാലയങ്ങൾക്കും സ്കൂളിനും സമീപമായി വാഴൂർ കൊടുങ്ങൂരിൽ വിദേശ മദ്യഷാപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇടപെടണം എന്നീ ആവശ്യങ്ങളും അദ്ദേഹം ഉയർത്തി.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ രൂക്ഷമായ വന്യമൃഗശല്യം നേരിടുന്നതായും അടിയന്തര നടപടി സ്വീകരിക്കണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു. മുണ്ടക്കയം മേഖലയിലെ കണ്ണിമല, 504, കുഴിമാവ് എന്നിവിടങ്ങളിലാണ് ആന, കാട്ടുപോത്ത്, പുലി എന്നീ വന്യമൃഗങ്ങളുടെ ശല്യമുള്ളത്. കണ്ണിമല പ്രദേശത്ത് ആറ് ആനകളുടെ ഒരു കൂട്ടം സ്ഥിരമായി ജനവാസ മേഖലയിലെത്തുന്നുണ്ട്. 30 കിലോമീറ്റർ ദൂരമുള്ള സംരക്ഷണവേലിയിൽ ഏഴ് കിലോമീറ്റർ മാത്രമാണ് ഇപ്പോൾ ഫലപ്രദമായുള്ളതെന്നും അറ്റകുറ്റപ്പണിയും നിർമാണ പ്രവർത്തനങ്ങളും നടത്തി ജനസുരക്ഷ ഉറപ്പാക്കണം. പ്രളയകാലത്ത് നദികളിൽനിന്ന് വാരിയ മണൽ മാറ്റാനുള്ള ലേല നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാനും പുല്ലകയാറ്റിൽ രണ്ട് കിലോമീറ്ററിലധികം ദൂരത്തിൽ അടിഞ്ഞ കല്ലുകൾ നീക്കാനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷിത വേലികൾ തീർക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.
ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ അഞ്ചു ഡോക്ടർമാരുടെ ഒഴിവുണ്ടെന്നും അടിയന്തരമായി നിയമനം നടത്തണമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. നിയമനത്തിനായി ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. താൽക്കാലികമായി ഡോക്ടർമാരെ നിയോഗിക്കാൻ കലക്ടർ ഡി.എം.ഒക്ക് നിർദേശം നൽകി. ചങ്ങനാശ്ശേരി-കറുകച്ചാൽ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണം. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഡമ്പിങ് യാർഡുകളിൽ അജൈവമാലിന്യം കുമിഞ്ഞത് നീക്കണം. കുറിച്ചി ടെക്നിക്കൽ സ്കൂളിനായുള്ള സ്ഥലമേറ്റെടുക്കലിൽ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട നിലം ഉൾപ്പെട്ടിട്ടുണ്ട്. തണീർത്തട നിയമപ്രകാരമുള്ള ഉത്തരവ് ലഭ്യമാക്കി ഏറ്റെടുക്കൽ വേഗത്തിലാക്കണം എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. കലക്ടർ വി. വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും വീടുകളിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്നത് ഒഴിവാക്കണമെന്നും കലക്ടർ നിർദേശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, എ.ഡി.എം റെജി പി. ജോസഫ്, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി പി.എൻ. അമീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.