കോട്ടയം: കോവിഡ് മഹാമാരി കവർന്നെടുത്ത 2020 പിന്തള്ളി പുതുവർഷം പിറന്നുവീണു. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നിരാശയുടെയും മാസങ്ങൾക്കുശേഷം 2021 എത്തുേമ്പാഴും ആശങ്ക മാറിയിട്ടില്ല. എങ്കിലും പ്രതീക്ഷകളിലാണ് ജില്ല.
കോവിഡ് പിടിമുറുക്കിയതോടെ ആഘോഷമോ ആൾക്കൂട്ടമോ ഇല്ലാതെ ലോകം നാലു ചുവരുകളിലേക്ക് ഒതുങ്ങിയ വർഷമായിരുന്നു 2020. കോവിഡ് സമ്മാനിച്ച ദുരിതങ്ങളിൽനിന്നുള്ള ഉയിർത്തെഴുന്നേൽപാണ് എല്ലാ മേഖലയും പ്രതീക്ഷിക്കുന്നത്.
മാസ്കില്ലാത്ത വർഷം
മാസ്കിനെ ഒഴിവാക്കാൻ കഴിയുമോ? പുതുവർഷപ്പുലരിയിൽ ലോകത്തിനൊപ്പം കോട്ടയവും സ്വപ്നം കാണുന്നത് കോവിഡെന്ന മഹാമാരി വിട്ടൊഴിയുന്ന ദിനങ്ങൾ. വാക്സിൻ അടക്കം വിതരണത്തിനു തയാറാകുന്നുവെന്ന വിവരങ്ങൾ വലിയ പ്രതീക്ഷയാണ് പകരുന്നത്. ഒപ്പം വാക്സിൻ എന്നെത്തുമെന്ന ആകാംക്ഷയും.
വാക്സിൻ ലഭിച്ചാൽതന്നെ സാധാരണക്കാരിലേക്ക് എത്താൻ എത്രനാൾ കാത്തിരിക്കണമെന്ന ചോദ്യവും മുഴങ്ങുകയാണ്. ജനിതകമാറ്റം കോവിഡ് വൈറസെന്ന ഭീഷണി ഒപ്പം ഉയരുന്നുണ്ടെങ്കിലും കോവിഡ് മായുമെന്ന പ്രതീക്ഷയാണ് എങ്ങും നിറയുന്നത്. കോവിഡില്ലാത്ത ലോകത്തിെനാപ്പം വികസന പ്രതീക്ഷകളിലാണ് ജില്ല.
മാസങ്ങൾക്കപ്പുറം നിയമസഭ തെരഞ്ഞെടുപ്പ് എത്താനിരിക്കെ, നിലവിലെ പദ്ധതികൾക്ക് മാറ്റമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്ന കോട്ടയം കൂടുതൽ പദ്ധതികൾ എത്തുമെന്നും കണക്കുകൂട്ടുന്നു. പുതുവർഷത്തിൽ ജില്ല കാത്തിരിക്കുന്ന പദ്ധതികൾ ഏറെയാണ്. അവയിലേക്ക്...
എച്ച്.എൻ.എൽ സംസ്ഥാനത്തിന് സ്വന്തം (ഈ വാർത്ത കേൾക്കാനായി)
അടച്ചുപൂട്ടിയ കേന്ദ്രസർക്കാറിെൻറ ഉടമസ്ഥതയിലുള്ള വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ( എച്ച്‍.എൻ.എൽ ) കേരള സർക്കാർ ഏറ്റെടുത്തുവെന്ന പ്രഖ്യാപനമാണ് 2021ൽ ജില്ല ആദ്യം പ്രതീക്ഷിക്കുന്നത്. സർക്കാറിെൻറ നൂറുദിന പദ്ധതിയിൽപെടുത്തി കമ്പനി ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കടബാധ്യതയെ തുടർന്ന് 2019 ജനുവരി ഒന്നിനാണ് കമ്പനി പൂട്ടിയത്.
453 ജീവനക്കാരും 700 കരാർ തൊഴിലാളികളുമായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. കമ്പനി ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്ന ജീവനക്കാരായ കുടുംബങ്ങൾ രണ്ടു വർഷമായി പ്രതിസന്ധിയിലാണ്. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളും ജീവനക്കാരും കൂലിപ്പണിയും ലോട്ടറി വിൽപനയും കാവൽ ജോലിയും അടക്കമുള്ള ജോലികൾ ചെയ്താണ് കുടുംബം പുലർത്തുന്നത്. കോവിഡ് കൂടിയായതോടെ വലിയ പ്രതിസന്ധിയിലാണ് ഇവർ.
ന്യൂസ് പ്രിൻറ് ടൗൺഷിപ്പിൽ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റും പ്രവർത്തിച്ചിരുന്നു. കമ്പനി പൂട്ടിയതോടെ ഇവയെല്ലാം പ്രതിസന്ധിയിലാകുകയും അടച്ചുപൂട്ടുകയും ചെയ്തു. കമ്പനി തുറക്കുന്നതിനുള്ള കാത്തിരിപ്പാണ് ഇവർക്ക് 2021.
ഇലക്ട്രിക് റോ-റോ സർവിസ് കാത്ത് വൈക്കം
ആദ്യ ഇലക്ട്രിക് റോ-റോ സർവിസിനായി (റോൾ ഓൺ റോൾ ഓഫ്) കാക്കുകയാണ് വൈക്കം. വൈക്കം-തവണക്കടവ് റൂട്ടിൽ ഇലക്ട്രിക് റോ-റോ സർവിസിനു ഭരണാനുമതി ലഭിച്ചിരുന്നു. പുതിയ വർഷത്തിൽ റോ-റോ എത്തുമോയെന്നതും പുതുആകാംക്ഷയാണ്.
ഡീസൽ ഉപയോഗിക്കേണ്ടിയിരുന്നതിനാൽ ജലഗതാഗത വകുപ്പ് റോ-റോ സർവിസുകൾ പൊതുവെ നഷ്ടമായിരുന്നു. ഇതിനു പരിഹാരമായാണ് ഇലക്ട്രിക് റോ-റോ എന്ന ആശയത്തിലേക്ക് എത്തിയത്. ഇലക്ട്രിക്കിലേക്ക് എത്തുന്നതോടെ ഇന്ധന-പ്രവർത്തനച്ചെലവ് കുറയും. 60 ശതമാനം വൈദ്യുതിയിലും 40 ശതമാനം സൗരോർജത്തിലുമാകും പ്രവർത്തനം. പുതിയവർഷത്തിൽ ഇതിെൻറ നിർമാണം തുടങ്ങാനാകുമെന്നാണ് ജലഗതാഗത വകുപ്പിെൻറ പ്രതീക്ഷ.
വിസ്മയക്കാഴ്ചകൾ കൺതുറക്കുമോ?
ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി കുറവിലങ്ങാട്ട് കൺതുറക്കുമോ? വിനോദത്തിെൻറയും വിജ്ഞാനത്തിെൻറയും കലവറയാകുന്ന സയൻസ് സിറ്റിയുടെ ആദ്യഘട്ടത്തിെൻറ ഉദ്ഘാടനം പുതുവർഷത്തിലുണ്ടാകുമോയെന്ന് ജില്ല ഉറ്റുനോക്കുന്നു.
കൊൽക്കത്ത ആസ്ഥാനമായുള്ള നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയം, സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം എന്നിവയുടെ മേൽനോട്ടത്തിലാണ് നിർമാണം. പലതവണ ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കാത്തിരിപ്പ് തുടരുകയാണ്. കോഴയിലെ ജില്ല കൃഷിത്തോട്ടത്തിൽനിന്ന് ഏറ്റെടുത്ത 30 ഏക്കർ ഭൂമിയിലാണ് സയൻസ് സിറ്റി വരുന്നത്.
വെള്ളം കയറാത്ത എ.സി റോഡ്
വെള്ളം കയറാത്ത ആലപ്പുഴ-ചങ്ങനാശ്ശേരി റോഡെന്ന (എ.സി റോഡ്) സ്വപ്നത്തിന് പുതുവർഷം കൂടുതൽ ബലം നൽകും. രണ്ടരവർഷം കൊണ്ട് എ.സി റോഡ് ഉയർത്തി പുനർനിർമിക്കുന്നതിെൻറ (സെമി എലിവേറ്റഡ് ഹൈവേ) ഉദ്ഘാടനം ഒക്ടോബറിൽ നടന്നിരുന്നു. നിർമാണത്തിെൻറ വലിയൊരുഭാഗം ഈ വർഷമാകും നടക്കുക.
671.66 കോടി ചെലവുവരുന്ന പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും അസർബൈജാൻ കമ്പനിയായ എവ്‍റാസ്കോണും ചേർന്നാണ് നടപ്പാക്കുന്നത്.
പുതിയ സെമി എലിവേറ്റഡ് ഹൈവേയിൽ റോഡിലും ഫ്ലൈ ഓവറുകളിലും ഗതാഗതത്തിനായി 10 മീറ്റർ വീതിയുള്ള രണ്ടുവരിപ്പാതയാണുണ്ടാകുക. ഇതുകൂടാതെ ഇരുവശത്തും നടപ്പാതകളടക്കം 13-14 മീറ്റർ ആകെ വീതിയുണ്ടാകും. നിലവിലെ പാലങ്ങളിൽ നടപ്പാതയും മുട്ടാറിൽ പുതിയ പാലവും നിർമിക്കും. പ്രളയകാലത്ത് കൂടുതൽ വെള്ളം കയറുന്നതും ഏറ്റവും താഴ്ന്നുകിടക്കുന്നതുമായ അഞ്ചിടത്ത് ഫ്ലൈഓവർ നിർമിക്കും.
ഫ്ലൈഓവറുകൾ എല്ലാം ചേർത്താൽ നീളം 1.8 കിലോമീറ്ററോളം വരും. ചെറിയ ഉയരത്തിൽ വെള്ളം കയറുന്ന ഒമ്പതിടത്ത് റോഡിെൻറ ഉയരം കൂട്ടി അതിനടിയിൽക്കൂടി പൈപ്പ് വഴി വെള്ളം ഒഴുകിപ്പോകാവുന്ന വിധത്തിൽ കോസ്വേ നിർമിക്കും. മൂന്നു കിലോമീറ്ററോളം നീളത്തിൽ ടാർ ചെയ്തു റോഡ് ഉയർത്തും. 24 കിലോമീറ്ററാണ് എ.സി റോഡ്.
പറന്നിറങ്ങുമോ വിമാനം
ജില്ലയുടെ പുതുവർഷ പ്രതീക്ഷകളിൽ മുന്നിലാണ് ശബരിമല വിമാനത്താവളം. പദ്ധതി പ്രവർത്തനങ്ങൾക്ക് ഈവർഷം തുടക്കമിടാൻ കഴിയുമോയെന്നാണ് ഉറ്റുനോക്കുന്നത്. വിമാനത്താവള സ്പെഷൽ ഓഫിസറായി വി. തുളസീദാസിനെ നിയമിക്കുകയും പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈേകാടതി സ്റ്റേ ചെയ്തു. ഇതോടെ നടപടിയെല്ലാം നിശ്ചലമായിരിക്കുകയാണ്.
നിലവിൽ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പാലാ സബ് കോടതിയിൽ േകസുണ്ട്. ഇതിൽ തീരുമാനമായാൽ സർക്കാറിനു സ്ഥലം ഏറ്റെടുക്കാൻ കഴിയും. 2021ൽ ജില്ലയുടെ ശ്രദ്ധ ഈ കോടതിയിലാകും.
വിമാനത്താവളം വരുന്നത് േകാട്ടയത്തിനൊപ്പം പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കും ഗുണകരമാകും. തീർഥാടക, ടൂറിസം മേഖലകളിൽ മുന്നേറ്റമുണ്ടാക്കുന്നതിനൊപ്പം പ്രവാസികൾക്കും അനുഗ്രഹമാകുമായിരുന്നു.
റബർ പാർക്കിന് കല്ലിടുമോ?
റബർ തലപ്പുകൾക്കൊപ്പം ജീവിക്കുന്ന കോട്ടയത്ത് വലിയ പ്രതീക്ഷ പകർന്ന പ്രഖ്യാപനമായിരുന്നു സിയാൽ മാതൃകയിലെ റബർ പാർക്ക്. ടയർ കമ്പനി അടക്കം ഉൾക്കൊള്ളുന്ന പദ്ധതിക്ക് കോട്ടയം വലിയ കൈയടിയാണ് നൽകിയത്. ഇതിനായി കേരള റബർ ലിമിറ്റഡെന്ന പേരിൽ കമ്പനി രൂപവത്കരിക്കുകയും സ്ഥലം കണ്ടെത്തുന്നതിെൻറ ഭാഗമായി കോട്ടയത്ത് മൂന്ന് എസ്റ്റേറ്റുകളിൽ പരിശോധനയും നടത്തിയിരുന്നു.
എന്നാൽ, വേണ്ടത്ര വേഗമുണ്ടായില്ല. ഇപ്പോൾ വീണ്ടും പ്രതീക്ഷ പകർന്ന് സർക്കാർ ഏറ്റെടുക്കുന്ന വെള്ളൂർ എച്ച്.എൻ.എൽ ഭൂമിയിൽ റബർ പാർക്കും തുടങ്ങാനാണ് സർക്കാർ തീരുമാനം. ഇതോടെ ഈവർഷം തന്നെ പദ്ധതിക്ക് തറക്കല്ലിടുമെന്ന പ്രതീക്ഷയിലാണ് ജില്ല.
സ്വപ്നം ഒരുചാക്ക്
പുതുവർഷത്തിൽ രാഷ്ട്രീയ കോട്ടയത്തിെൻറ ശ്രദ്ധ നിയമസഭ തെരഞ്ഞെടുപ്പിലാകും. ഇതിനുള്ള ഒരുക്കം തുടങ്ങിയതിനാൽ രാഷ്ട്രീയ മുഴുങ്ങുന്ന നാളുകളാകും ഇനി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് പുതുഭരണസമിതികൾ എത്തിയതിനാൽ ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസനപദ്ധതികൾ എത്തുമെന്നാണ് ഉയരുന്ന പ്രതീക്ഷ.
ജില്ലയുടെ ജീവനാഡിയായ റബറിെൻറ വിലയിൽ അൽപം ഉണർവുണ്ടെങ്കിലും 200ലേക്ക് എത്തുന്ന നല്ല ദിവസങ്ങളിലാണ് കർഷകരുടെ പ്രതീക്ഷകൾ. 200 രൂപ താങ്ങുവിലയടക്കമുള്ള ആവശ്യങ്ങളും ഇവർ മുന്നോട്ടുവെക്കുന്നു. പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ ബലപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങൾ നെല്ല് കർഷകർ പങ്കുവെക്കുന്നു.
ടൂറിസം മേഖലയും കാത്തിരിപ്പിലാണ്. വേമ്പനാട്ട് കായലിെൻറ ആഴം കൂട്ടാൻ അടിയന്തര നടപടി വേണം. ടൂറിസം വികസനത്തിനായി കായലിെൻറ പ്രത്യേക സ്ഥലത്തുകൂടി രാത്രി ഹൗസ്ബോട്ടുകൾക്ക് സഞ്ചരിക്കാൻ പാത ഒരുക്കണം. പാതിരാമണൽ ദ്വീപ് വികസനം സാധ്യമാക്കണം. ഇല്ലിക്കൽക്കല്ല് അടക്കമുള്ളവ ജില്ലയിെല മറ്റ് വിനോസസഞ്ചാരകേന്ദ്രങ്ങൾ മികച്ച അടിസ്ഥാനസൗകര്യം എത്തുന്ന നല്ല ദിനത്തിനാണ് കാത്തിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ്, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ വികസനക്കുതിപ്പിന് കൈത്താങ്ങ് പ്രതീക്ഷിക്കുന്നു.
ട്രാവൻകൂർ സിമൻറ്സ്, വേദഗിരി മിൽസ് എന്നീ സ്ഥാപനങ്ങളും ശോഭനമായ ഭാവിക്ക് ഇടപെടൽ പ്രതീക്ഷിക്കുന്നു. കടലാസിലൊതുങ്ങിയിരിക്കുന്ന ചിങ്ങവനം സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയും ഗ്രീൻഫീൽഡ് മാതൃകയിലെ കോട്ടയം നെഹ്റു സ്റ്റേഡിയം നവീകരണവുമാണ് സ്പോർട്സ് പ്രേമികളുടെ നല്ല സ്വപ്നങ്ങൾ. കോടിമത രണ്ടാംപാലം, കച്ചേരിക്കടവ് ബോട്ട് ജെട്ടി തുറക്കുന്നതടക്കം ജില്ലയിലെ നഗരങ്ങളും ഒരുപിടി പദ്ധതികളുെട പൂർത്തീകരണത്തിനായി 2021നെ വരവേൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.