ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിന്റെ വജ്രജൂബിലി ആഘോഷവും സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഞായറാഴ്ച ഉച്ചക്ക് 2.30ന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. മന്തി വി.എൻ. വാസവൻ സ്വാഗതം പറയും. ആശുപത്രി സൂപ്രണ്ട് ഡോ ടി.കെ. ജയകുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും.
ജൂബിലി ആഘോഷ ഭാഗമായി ഗ്രീൻകാമ്പസ്, ആധുനിക ഡിജിറ്റിൽ ക്ലാസ് മുറികൾ, ഹെറിറ്റേജ് കാമ്പസ്, ഓഡിറ്റോറിയം തുടങ്ങി കോളജിന്റെ മുഖച്ഛായ മാറ്റുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടവും വജ്രജൂബിലി ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.കൂടാതെ പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനവും നടത്തും.
സൂപ്പർസ്പെഷാലിറ്റി ബ്ലോക്ക് -268.60 കോടി
കോട്ടയം മെഡിക്കൽ കോളജിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി 564 കോടി മുതൽമുടക്കുള്ള സർജിക്കൽ ബ്ലോക്ക്, സ്പെഷാലിറ്റി ബ്ലോക്ക് എന്നിവക്ക് സർക്കാർ ഭരണാനുമതി നൽകി. ഒമ്പത് നിലയിലായി 3,00,000 സ്ക്വയർ ഫീറ്ററിൽ 310 കിടക്കയും അത്യാധുനിക ലാബ് സംവിധാനങ്ങളും സജ്ജീകരിക്കും
പാരാമെഡിക്കൽ ഹോസ്റ്റൽ -ആറ് കോടി
ആറ് കോടി മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമിക്കും. അഞ്ച് ബ്ലോക്കും നാല് നിലയുമുള്ള ഈ കെട്ടിടത്തിന്റെ ഒന്ന്, രണ്ട് ബ്ലോക്കുകളുടെ ആദ്യത്തെ രണ്ടു നിലയുടെ നിർമാണം മാത്രമാണ് ആദ്യഘട്ടത്തിൽ.
പൂർത്തീകരിച്ച പദ്ധതികൾ
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ജില്ല മരുന്ന് സംഭരണകേന്ദ്രം.10 കോടി മുടക്കി നിർമിച്ച ഈ കെട്ടിടത്തിന്റെ മരുന്ന് സംഭരണശാലയിൽ അഞ്ചുനിലയിലായി മൾട്ടിലെവൽ റാക്കിങ് സംവിധാനമാണുള്ളത്.
മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ
മൂന്നുകോടി മുടക്കി പൊതുമരാമത്ത് നിർമിച്ച രണ്ട് നിലയുള്ള കെട്ടിടത്തിൽ മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ പ്രവർത്തിക്കും
നേത്രരോഗം ശസ്ത്രക്രിയ തിയറ്റർ
1.79 കോടി മുടക്കി ആർ.എസ്.ബി.വൈ ഫണ്ട് ഉപയോഗിച്ച് നിർമിച്ച നേത്രരോഗ ശസ്ത്രക്രിയ തിയറ്റർ കണ്ണിന്റെ ശസ്ത്രക്രിയക്ക് ഏറ്റവും അനുയോജ്യമായ അൾട്രാ ക്ലീൻ ഓപറേഷൻ തിയറ്ററായ മോഡുലാർ സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പാൻഡമിക് ഐ.സി.യു 58.47 ലക്ഷം
കോവിഡുപോലുള്ള മഹാമാരികളിൽ വിദഗ്ധ ചികിത്സ നൽകുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഐ.സി.യുവാണ്. 10 കിടക്കയുണ്ട്. ന്യൂറോസർജറി അത്യാധുനിക ഉപകരണങ്ങൾ മൂന്ന് കോടി 16 ലക്ഷം
മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് കോട്ടയം
കേരള സ്റ്റേറ്റ്മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ കീഴിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ സ്ഥാപിച്ചു. ഇതിന്റെ ഇൻഫ്രാസ്ട്രക്ചർ ക്രമീകരിക്കുന്നതിനായി 35 ലക്ഷം രൂപ ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.