ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ആർ.ഒ നിയമനം സംബന്ധിച്ച വിവാദത്തിൽ ആരോപണവിധേയയായ യുവതി ജില്ല പൊലീസിന് നൽകിയ പരാതിയിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലെ സി.സി ടി.വി പരിശോധിക്കും. ജനുവരി ആറിന് മെഡിക്കൽ കോളജിൽ പി.ആർ.ഒ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിൽനിന്ന് സ്പീഡ് പോസ്റ്റിൽ തനിക്ക് അയച്ച കത്ത് അഞ്ചാം തീയതി ലഭിച്ചെന്നും അതുപ്രകാരമാണ് താൻ പങ്കെടുത്തതെന്നുമാണ് യുവതി പറയുന്നത്. എന്നാൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസിലെ എച്ച്.ഡി.എസ് വിഭാഗത്തിൽനിന്ന് യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് ഓഫിസ് അധികൃതരും വ്യക്തമാക്കുന്നു.
പിന്നെയെങ്ങനെയാണ് യുവതിക്ക് കത്ത് ലഭിച്ചതെന്നും ആരാണ് അയച്ചതെന്നും കണ്ടുപിടിക്കുന്നതിനാണ് ഈ ദിവസങ്ങളിലെ സി.സി ടി.വി പൊലീസ് പരിശോധിക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഓഫിസിലെത്തിയ പൊലീസ് ഇതു സംബന്ധിച്ച രേഖകൾ പരിശോധിച്ചു. യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് സൂചന. യുവതിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. മെഡിക്കൽ കോളജ് പി.ആർ.ഒ ട്രെയിനിയായിരുന്ന യുവതിയെ സംഭവത്തെതുടർന്ന് പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.