കോട്ടയം: വീതികൂട്ടി നവീകരിക്കുന്ന ഗാന്ധിനഗർ-മെഡിക്കൽ കോളജ് റോഡിന്റെ നിർമാണം വൈദ്യുതി പോസ്റ്റിൽ 'തട്ടി' നീളുന്നു. നിർമാണത്തിന്റെ ഭാഗമായി 220 വൈദ്യുതി പോസ്റ്റുകൾ റോഡിൽനിന്ന് മാറ്റി സ്ഥാപിക്കണമെങ്കിലും ഇതുവരെ 60 എണ്ണം മാത്രമാണ് നീക്കിയത്. രണ്ടു ട്രാൻസ്ഫോർമറുകളും മാറ്റിസ്ഥാപിക്കണം. എന്നാലിതിന് കെ.എസ്.ഇ.ബി അനുമതി നൽകിയിട്ടില്ല. മെഡിക്കൽ കോളജിലേക്കുള്ള ലൈനുകളായതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചുള്ള പ്രവർത്തനങ്ങൾക്ക് കഴിയില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
എന്നാൽ, പുതിയ ലൈനുകൾ സ്ഥാപിച്ചശേഷം പഴയത് നീക്കാൻ അനുമതി നൽകണമെന്നാണ് റോഡ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന കെ.എസ്.ടി.പി ആവശ്യപ്പെടുന്നത്. ഇതിൽ തുടർനടപടിയൊന്നുമാകാത്തതിനാൽ നിർമാണം ഇഴഞ്ഞുനീങ്ങുന്ന നിലയിലാണ്. അവശേഷിക്കുന്ന 160 പോസ്റ്റുകൾ നീക്കാനുള്ള ചുമതല കരാറുകാരനാണ്. അനുമതി ലഭിച്ചാലുടർ പോസ്റ്റുകൾ മാറ്റാമെന്ന് ഇവർ പറയുന്നു.ഇതിനൊപ്പം മരം മുറിക്കാനുള്ള വനംവകുപ്പ് അനുമതി വൈകുന്നതും നിർമാണത്തിന് തടസ്സമാകുകയാണ്. നേരത്തേ 148 മരങ്ങൾ റോഡ് വീതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുറിച്ചുനീക്കിയിരുന്നു. 45 മരങ്ങളാണ് മുറിക്കാൻ അവശേഷിക്കുന്നത്. ഇതിന് വനംവകുപ്പ് വിലനിശ്ചയിച്ച് നൽകിയശേഷമേ മുറിക്കാനുള്ള നടപടി ആരംഭിക്കാൻ കഴിയൂ. എന്നാൽ, വനംവകുപ്പ് മെല്ലപ്പോക്കിലാണ്. ആദ്യം ജില്ല ട്രീ കമ്മിറ്റി നടത്തിയ പരിശോധനയിൽ മരങ്ങൾ മുറിക്കാൻ അനുമതി നിഷേധിച്ചിരുന്നു. പിന്നീടായിരുന്നു അനുമതി നൽകിയത്. ഈ രണ്ടുതടസ്സങ്ങളും നീക്കിയാൽ നിശ്ചിത കലാവധിക്ക് മുമ്പ് റോഡ് നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് കരാറുകാരൻ പറയുന്നു. പൂർണതോതിൽ ജോലി നടത്താനാകുന്നില്ല. തടസ്സങ്ങളില്ലാത്ത ഭാഗങ്ങളിൽ മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കരാറുകാരൻ പറഞ്ഞു. പോസ്റ്റും മരങ്ങളും നീക്കിയശേഷം റോഡിൽ മെറ്റൽ പാകും. ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയശേഷമാകും ഈ ജോലി. നേരത്തേ ഗതാഗത നിയന്ത്രണത്തിന് തീരുമാനമായിരുന്നെങ്കിലും പോസ്റ്റുകൾ നീക്കാത്തതിനാൽ ഇത് നീട്ടുകയായിരുന്നു.
തടസ്സങ്ങൾ ഉടൻ നീങ്ങിയാൽ ഡിസംബറിനുള്ളിൽ ടാറിങ് നടത്താനാകുമെന്നാണ് കെ.എസ്.ടി.പി വിലയിരുത്തൽ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ പ്രധാനമായി ആശ്രയിക്കുന്ന റോഡാണിത്. ദിവസേന സ്വകാര്യ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
25 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്ത് നിർമാണത്തിന് പദ്ധതി തയാറാക്കിയെങ്കിലും നവീകരണം നീണ്ടു. ഇതിനൊടുവിൽ രണ്ടുകിലോമീറ്റർ ദൂരമുള്ള റോഡിന്റെ നവീകരണത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണ് തുടക്കമായത്. ഒന്നരവർഷമാണ് നിർമാണ കാലാവധി. രണ്ടുവരി ഗതാഗതത്തിനൊപ്പം ഇരുവശങ്ങളിലും നടപ്പാതയും ഉൾപ്പെടെ 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. ഓടയും നിർമിക്കും. ഈ റോഡ് അടക്കം ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളിലായി കെ.എസ്.ടി.പി പദ്ധതിവഴി അഞ്ച് റോഡുകളുടെ നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. 121 കോടി ചെലവിട്ടാണ് നവീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.