കോട്ടയം: ചളിനിറഞ്ഞ് കാടുപിടിച്ച് നാഗമ്പടം നെഹ്‌റു സ്റ്റേഡിയം. മുമ്പ് നാഗമ്പടം മൈതാനത്ത് ഒരാള്‍പൊക്കത്തില്‍ വളര്‍ന്ന പുല്ല് പരാതികളെതുടര്‍ന്ന് വെട്ടി വൃത്തിയാക്കിയെങ്കിലും ഇപ്പോള്‍ വീണ്ടും മൈതാനവും പരിശീലനകേന്ദ്രങ്ങളും കാടുവളര്‍ന്ന് നാശത്തിെൻറ വക്കിലാണ്. സ്റ്റേഡിയത്തിന് ഉള്ളിലുള്ള മൈതാനം വലിയതോതില്‍ കാടുപിടിച്ച നിലയിലാണ്.
പുല്ല് വെട്ടിമാറ്റി പരിപാലിക്കുന്നതില്‍ നഗരസഭ അധികൃതര്‍ കൃത്യത പാലിക്കുന്നില്ല. ഫുട്‌ബാള്‍ സ്‌റ്റേഡിയം, 400 മീറ്റര്‍ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്, ബാസ്‌കറ്റ്ബാള്‍ സ്‌റ്റേഡിയം, വോളിബാള്‍ കോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം പുല്ല് വളര്‍ന്നുനില്‍ക്കുകയാണ്. ചളിയും നിറഞ്ഞിട്ടുണ്ട്. സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകളും കാടുപിടിച്ചു. സ്റ്റേഡിയത്തിെൻറ ഗാലറിക്ക് സമീപം ഓട തുറന്ന് വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവിടെ കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയാണ്.
പ്രഭാത-സായാഹ്ന സവാരിക്ക് നിരവധിയാളുകളാണ് സ്റ്റേഡിയത്തില്‍ എത്തുന്നത്. എന്നാല്‍, പുല്ലുവളര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇഴജന്തുക്കളെ പേടിച്ച് നടക്കേണ്ട അവസ്ഥയാണ്. പ്രഭാത സവാരിക്ക് ടോര്‍ച്ച് വെട്ടവുമായാണ് ഇവിടെയെത്തുന്നത്.
സ്‌റ്റേഡിയത്തിന് മുന്നിലുള്ള ക്രിക്കറ്റ് പരിശീലനത്തിനായി സ്ഥാപിച്ചിരിക്കുന്ന നെറ്റില്‍ കയറാന്‍ സാധിക്കാത്ത രീതിയില്‍ കാടുമൂടി. നെറ്റിന് മുകളില്‍ വള്ളിപ്പടര്‍പ്പുകളും പടര്‍ന്നുകയറി. സമീപത്തെ വോളിബാള്‍ കോര്‍ട്ടും പുല്ലുമൂടി സമാന അവസ്ഥയിലാണ്. നിരവധി ഫണ്ടുകള്‍ ഉപയോഗിച്ച് സ്‌റ്റേഡിയം നവീകരിക്കാമെന്നിരിക്കെ നഗരസഭ ഒന്നിനും മുന്‍കൈയെടുക്കുന്നില്ല. പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ മാത്രം പേരിന് സ്റ്റേഡിയത്തിലെ കാടുകള്‍ വൃത്തിയാക്കി തടിതപ്പുന്ന നയമാണ് നഗരസഭ കാലാകാലങ്ങളായി സ്വീകരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.