കോട്ടയം: ഈരാറ്റുപേട്ട, എരുമേലി, പൊൻകുന്നം ഡിപ്പോകളിൽനിന്നും ഇനി ആനവണ്ടിയിൽ ഉല്ലാസയാത്ര. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനം ജില്ലയിൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂന്ന് ഡിപ്പോകളിൽകൂടി ഉല്ലാസയാത്രകൾ ഒരുക്കുന്നത്.
നിലവിൽ ഇവിടങ്ങളിൽനിന്ന് ഒറ്റപ്പെട്ട യാത്രകൾ മാത്രമാണ് നടത്തിയിരുന്നത്. ഇതിനുപകരം ഡിപ്പോകൾ കേന്ദ്രീകരിച്ച് സ്ഥിരമായി സർവീസുകൾ ഒരുക്കാനാണ് തീരുമാനം.
ഇതിനുതുടക്കമിട്ട് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ഈമാസം 13ന് ആദ്യസംഘം പുറപ്പെടും. ചതുരംഗപ്പാറ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്ര.
പൊൻകുന്നത്തുനിന്ന് വട്ടവട, ചതുരംഗപ്പാറ എന്നിവിടങ്ങളിലേക്കാണ് സർവീസ്. എരുമേലിയിൽനിന്നും വിഷുവിനോട് അനുബന്ധിച്ചും യാത്ര ഒരുക്കിയിട്ടുണ്ട്.
നിലവിൽ ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, പാലാ ഡിപ്പോകളിൽ ബജറ്റ് ടൂറിസം സെൽ സജീവമാണ്. എപ്രിലിൽ ഒമ്പത് സ്ഥലങ്ങളിലേക്കാണ് ഈ ഡിപ്പോകളിൽനിന്ന് വിനോദയാത്ര സജ്ജീകരിച്ചിരിക്കുന്നത്. മറയൂർ, ചതുരംഗപ്പാറ, മലക്കപ്പാറ, വട്ടവട, ഗവി, അഞ്ചുരുളി, മാമലക്കണ്ടം, വാഗമൺ, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസുകൾ. ഇതുവരെ ഈ നാലുഡിപ്പോകളിൽനിന്നായി 50 ലധികം യാത്രകൾ നടന്നുകഴിഞ്ഞു.
നിലവിൽ നടത്തുന്ന യാത്രകൾക്ക് പുറമെ, പുതിയ സ്ഥലങ്ങളിലേക്കും സർവീസുകൾ ക്രമീകരിക്കുമെന്ന് കോട്ടയം-എറണാകുളം ബജറ്റ് ടൂറിസം ജില്ല കോഓഡിനേറ്റർ പ്രശാന്ത് വേലിക്കകം പറഞ്ഞു. കാഴ്ചകൾ കാണാൻ കുറഞ്ഞ ചിലവിൽ അവസരം ഒരുക്കുകയാണ് ഇതിലൂടെ. അവധിയായതോടെ കൂടുതൽ പേർ യാത്രയുടെ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, ചങ്ങാതിക്കൂട്ടങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ 50പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് ബസ് ബുക്ക് ചെയ്ത് പോകാനുള്ള സൗകര്യം ഡിപ്പോകളിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ മികച്ച വരുമാനവും കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നുണ്ട്.
ജില്ല കോഓഡിനേറ്റർ - 9447223212
കോട്ടയം - 9188456895
ചങ്ങനാശ്ശേരി - 7510112360
പാലാ - 8921531106
വൈക്കം - 9995987321
എരുമേലി -9447287735-
പൊൻകുന്നം - 9497888032
ഈരാറ്റുപേട്ട - 9947084284
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.