കോട്ടയം: അന്യസംസ്ഥാനത്തെ സാധനസാമഗ്രികളും പൂക്കളും ഒഴിവാക്കി ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. ഓണമെത്താൻ ആഴ്ചകൾ അവശേഷിക്കേ വിപണി പ്രതീക്ഷിച്ചുള്ള പ്രവർത്തനങ്ങളിലാണ് അവർ. സദ്യവട്ടമൊരുക്കാൻ പച്ചക്കറികളും ഇലയിലെ പ്രധാനികൾ ഉപ്പേരിയും ശർക്കരവരട്ടിയും പായസവും പൂക്കളമൊരുക്കാൻ പൂക്കളും ഗ്രാമങ്ങളിൽനിന്ന് ലഭ്യമാക്കും. ഓണനാളുകളിൽ വിവിധ യൂനിറ്റുകൾ ഓണച്ചന്തകൾ കേന്ദ്രീകരിച്ച് പായസ മേളകളും നടത്തും. സ്ഥിതിഗതികൾ അനുകൂലമായാൽ കുടുംബശ്രീയിലൂടെ നിരവധി കുടുംബങ്ങൾക്ക് ഓണം പൊന്നോണമാകും.
ഏറ്റുമാനൂർ, ഉഴവൂർ, ഈരാറ്റുപേട്ട, ളാലം, പള്ളം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി, മാടപ്പള്ളി, വാഴൂർ ബ്ലോക്കുകളിലായി 100.1 ഏക്കർ സ്ഥലത്ത് കുടുംബശ്രീ പൂകൃഷിയും നടത്തുന്നുണ്ട്. ബന്ദിയും ജമന്തിയും വാടാമല്ലിയുമാണ് പ്രധാനം. വിപണി വിലക്ക് ആനുപാതികമായി ജില്ലാതലത്തിൽ വിലയും നിശ്ചയിക്കും. പഞ്ചായത്തുതലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, ബാങ്കുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൂടെ വിപണി കണ്ടെത്താനാണ് ശ്രമം. കൂടുതൽ വിളവ് ലഭിക്കുന്ന ഇടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേകം പൂചന്തകളും ആരംഭിക്കും. ഏറ്റവും കൂടുതൽ പൂക്കൾ വിരിയുന്നത് വാഴൂർ ബ്ലോക്കിൽനിന്നാണ്. 16 ഏക്കറോളം ഭൂമിയിലാണ് വാഴൂർ ബ്ലോക്കിൽ പൂക്കൃഷി വ്യാപിപ്പിച്ചിരിക്കുന്നത്.
ഇത്തവണ ജില്ലയിലെ 76 സി.ഡി.എസുകൾക്ക് കീഴിൽ 447.25 ഏക്കറിലാണ് ഓണത്തിനുള്ള പച്ചക്കറി വിളയുന്നത്. പയർ, വെണ്ട, പടവലം, പാവൽ, വെള്ളരി, പീച്ചിങ്ങ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. പച്ചക്കറിവില അതത് പ്രദേശത്തെ വിപണി വിലക്ക് ആനുപാതികമായിരിക്കും. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനായിട്ടില്ല. ഓണത്തോടനുബന്ധിച്ച് നഗരസഭകളിൽ കുടുംബശ്രീയുടെ നാല് ചന്തകളും പഞ്ചായത്തുകളിൽ രണ്ട് ചന്തകളും സംഘടിപ്പിക്കും. ഇതുകൂടാതെ ജില്ലാതലത്തിലും ഓണചന്തയൊരുക്കും. നാട്ടിൽ ലഭ്യമല്ലാത്ത ഉരുളക്കിഴങ്ങ്, സവാള പോലുള്ളവ ഹോർട്ടികോർപ് വഴിയും ചന്തയിലൂടെ ലഭ്യമാക്കും.
ഇത്തവണ കുടുംബശ്രീയുടെ ബ്രാൻഡിലാണ് ഉപ്പേരിയും ശർക്കരവരട്ടിയും തയാറാക്കുന്നത്. നിർമാണത്തിനായി പരിശീലനം പൂർത്തിയാക്കിയ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിനായി നാൽപ്പതോളം കുടുംബശ്രീ യൂനിറ്റുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപവത്കരിച്ചിട്ടുണ്ട്. നാടൻകായ ഉപയോഗിച്ചാണ് നിർമാണം. ഉൽപ്പന്നം ഒറ്റപ്പേരിൽ, ഒരേരീതിയിൽ ഇറങ്ങാൻ യൂനിറ്റുകൾക്ക് ജില്ലാടിസ്ഥാനത്തിൽ കവർ നൽകാനും പദ്ധതിയുണ്ട്. കൺസോർഷ്യത്തിൽനിന്ന് കവർ വാങ്ങുകവഴി രണ്ടുരൂപമുതൽ അഞ്ചുരൂപവരെ മുതൽമുടക്കിൽ മികച്ച നിലവാരത്തിലുള്ളവ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓർഡറുകൾ പ്രാദേശികമായി സ്വീകരിച്ചും ചന്തകൾ വഴിയും വിപണി കണ്ടെത്തും. സെപ്റ്റംബർ ആദ്യവാരത്തിൽ വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ യൂനിറ്റുകൾ. ജനങ്ങൾക്ക് കലർപ്പില്ലാത്ത ഉൽപന്നങ്ങൾ ലഭിക്കുന്നതിനും കുടുംബശ്രീയിലെ വീട്ടമ്മമാർക്ക് ഓണം കളർഫുള്ളാക്കാനുള്ള ആവേശത്തിലാണ് ഇത്തവണത്തെ ഒരുക്കങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.