കോട്ടയം: ഇഷ്ടമുള്ള കോഴ്സ് പഠിച്ച് ജോലിക്ക് അപേക്ഷിക്കുമ്പോൾ ചോദിക്കുന്നത് പ്രവർത്തന പരിചയം. ജോലി കിട്ടാതെ എങ്ങനെ പ്രവർത്തന പരിചയം നേടുമെന്ന് പറയാൻ വരട്ടെ. സ്വകാര്യകമ്പനികൾ ആവശ്യപ്പെടുന്ന രീതിയിൽ പരിശീലനം നൽകി തൊഴിൽ നേടാൻ കുടുംബശ്രീ സഹായിക്കും. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതി വന്നശേഷം കമ്പനികൾ ഉദ്യോഗാർഥികളെത്തേടി കുടുംബശ്രീയെയാണ് സമീപിക്കുന്നത്. ജോലി പരിചയമുള്ള ഉദ്യോഗാർഥികളെ കിട്ടുന്നതിനാൽ വേറെ പരിശീലനം നൽകേണ്ടി വരുന്നില്ലെന്നതാണ് കമ്പനികളുടെ നേട്ടം.
ഗ്രാമീണമേഖലയിലെ യുവതീയുവാക്കൾക്ക് തൊഴിൽ നൽകാൻ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ഡി.ഡി.യു.ജി.കെ.വൈ. ദരിദ്രകുടുംബങ്ങളിലെ 18നും 35നും ഇടയിൽ പ്രായമുള്ള അംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. വിദ്യാഭ്യാസ യോഗ്യതക്കും അഭിരുചിക്കും ഉതകുന്ന പരിശീലനം നൽകി അവർക്ക് അർഹമായ തൊഴിൽ ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു.
സ്കിൽ ട്രെയിനിങ്, ബാങ്കിങ്, സോഫ്റ്റ്വെയർ തുടങ്ങി നിരവധി മേഖലകളിലെ കോഴ്സുകളിൽ മൂന്നുമാസം മുതൽ 11 മാസംവരെ സൗജന്യ പഠനം. ഇതിനൊപ്പം ഇംഗ്ലീഷ്, സോഫ്റ്റ് സ്കിൽ, ഐ.ടി തുടങ്ങിയവയിലും പരിശീലനം നൽകും. താമസം, ഭക്ഷണം, പുസ്തകം, യൂനിഫോം തുടങ്ങിയവ എല്ലാം സൗജന്യമാണ്. സെക്ടർ സ്കിൽ കൗൺസിലാണ് സിലബസ് നിശ്ചയിക്കുന്നതും പരീക്ഷ നടത്തുന്നതും. രണ്ടാഴ്ച കൂടുമ്പോൾ പരീക്ഷ നടത്തും. കോഴ്സ് പൂർത്തിയാക്കിയവർക്ക് ഒരു മാസം കുടുംബശ്രീ എംപാനൽ ചെയ്ത തൊഴിൽ സ്ഥാപനത്തിൽ പരിശീലനം നൽകും. തുടർന്ന് കമ്പനികളുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കും. സർക്കാർ നിശ്ചയിച്ച കുറഞ്ഞ ശമ്പളം ജോലിക്ക് ഉറപ്പാക്കാൻ കഴിയും. യോഗ്യതക്കനുസരിച്ച് ഉയർന്ന ശമ്പളവും കിട്ടും. പരിശീലനം നേടിയവരായതിനാൽ കമ്പനികൾക്കും താൽപര്യമാണ്.
2015ലാണ് സംസ്ഥാന വ്യാപകമായി പദ്ധതി ആരംഭിച്ചത്. അടുത്തവർഷം മുതൽ പരിശീലനം തുടങ്ങി. കോവിഡ് വന്നതോടെ 2021വരെയും പിന്നീട് 2024വരെയും പദ്ധതി കാലയളവ് നീട്ടിയിട്ടുണ്ട്.
അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ സർക്കാറിന്റെ കേരള നോളജ് ഇക്കോണമി മിഷൻ മിഷൻ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്). പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായ സ്കിൽ പരിശീലനവും ലഭ്യമാകും. 18 വയസ്സ് പൂർത്തിയായ പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഈ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യാം. തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും നൈപുണ്യ പരിശീലന ഏജൻസികളെയും ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ചെടുത്ത ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഡി.ഡബ്ല്യു.എം.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.