കോട്ടയം: നഗരത്തിരക്കുകളിൽ നിന്നുമൊഴിഞ്ഞ് കുട്ടികൾക്കായി അൽപസമയം മാറ്റിവെക്കാമെന്ന ആശ്വാസത്തിൽ എത്തുന്ന സായാഹ്ന വിശ്രമകേന്ദ്രങ്ങൾ തകർച്ചാ ഭീഷണിയിലാണ്.
കാടുകയറിയും മാലിന്യംനിറഞ്ഞും ചുറ്റുഭിത്തികൾ തകർന്നും നാശത്തിലേക്ക് അടുക്കുകയാണ് നഗരത്തിലെ പാർക്കുകൾ. താഴത്തങ്ങാടി വള്ളംകളിയുടെ ഫിനിഷിങ് പോയിന്റിലെ കുളപ്പുരക്കടവ് സായാഹ്നവിശ്രമ കേന്ദ്രത്തിന്റെ കവാടം മുതലേ തുരുമ്പിച്ച നിലയിലാണ്.
പുഴയോരത്തെ കൈവരികൾ തുരുമ്പിച്ച് ബലക്ഷയത്തിലാണ്. കൂടാതെ സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ ആരും തിരിഞ്ഞുനോക്കാത്തതിനാൽ ലഹരി ഉപയോഗവും സാമൂഹികവിരുദ്ധരുടെ പ്രധാന കേന്ദ്രമാണിവിടം. വിശ്രമകേന്ദ്രത്തിന്റെ ഉള്ളിൽ പുല്ല് തിങ്ങിവളർന്നും മരത്തിന്റെ ചില്ലകളും ചുവടുകളും ദ്രവിച്ച് അപകടഭീഷണി ഉയർത്തുകയാണ്. മരത്തിന്റെ ചുറ്റുമുള്ള കൽക്കെട്ട് തകർന്നും ഇരിപ്പിടങ്ങൾ ഇളകിത്തകർന്നും കിടക്കുകയാണ്. മാലിന്യം ബപാർക്കിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫിനുള്ളിൽ ഇടുന്നതിന് പകരം പരിസരത്തും പുഴയിലേക്കും തള്ളുകയാണ്. കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചതിനാൽ പാർക്കിൽനിന്ന് എടുത്തുമാറ്റി. ഇപ്പോൾ ആകെയുള്ളത് എപ്പോൾ വീഴുമെന്ന ഭീഷണിയിൽ നിൽക്കുന്ന മരങ്ങളും ഇളകിയ നിലയിലുള്ള ഇരിപ്പിടങ്ങളുമാണ്.
2005ൽ ബി. ഗോപകുമാർ ചെയർപേഴ്സൻ ആയിരിക്കെയാണ് പാർക്ക് തുറന്നുനൽകിയത്. കോവിഡിന് മുമ്പേ പാർക്കിൽ പ്രശന്ങ്ങൾ തുടങ്ങിയതായി നാട്ടുകാർ പറയുന്നു. കൂടാതെ മുമ്പിലെ റോഡിന്റെ ടാർ മാറ്റി കട്ടകൾ പാകിയതോടെ ഇതുവഴിയുള്ള സഞ്ചാരവും ദുഷ്കരമായി.
നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റി പാർക്കിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഉള്ളിലെ ശിൽപങ്ങളും കുട്ടികളുടെ വിവിധ റൈഡുകളും തകർന്ന് പരിതാപകരമായ നിലയിലാണ്. മഴപെയ്ത വെള്ളം കെട്ടിക്കിടക്കുന്നത് റൈഡുകളുടെ ചുവട്ടിലാണ്. നിലത്തുനിന്ന് വളരുന്ന കാടും വള്ളിയും മുകളിലൂടെ പോകുന്ന കേബിളുകളിൽ ചുറ്റിപ്പടർന്ന് പാർക്ക് ‘ഹരിതാഭ’മായി. നിശ്ചിത ഫണ്ട് ഉപയോഗിച്ച് പാർക്കിലെ നവീകരണം നടത്തണമെന്ന് നിരന്തരം ആവശ്യങ്ങൾ ഉയരുമ്പോഴും അധികൃതർ മനപ്പൂർവം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നാണ് ജനത്തിന്റെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.