1000 കടന്ന് പാചകവാതകം; ദുരിത തീ

കോട്ടയം: സാധാരണക്കാരെ ദുരിതത്തിലാക്കി വീണ്ടും പാചകവാതക വിലയിൽ വർധന. ശനിയാഴ്ച ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതോടെ ചരിത്രത്തിലാദ്യമായി വില 1000 കടന്നു. ഇന്ധന വിലവർധനവിനെ തുടർന്ന് വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാറിന്‍റെ ഇരുട്ടടി.

വരുമാനം വർധിക്കാത്ത സാഹചര്യത്തിൽ ചെലവുയരുന്നത് ജീവിതത്തിന്‍റെ താളം തെറ്റിക്കുമെന്ന് വീട്ടമ്മമാർ പറയുന്നു.

സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് വിലവർധന. മാർച്ച്‌ 22ന്‌ ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾക്ക്‌ 50 രൂപ കൂട്ടിയിരുന്നു.

ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും വില ഉയർത്തിയത്. 14.2 കിലോഗ്രാമിന്‍റെ ഗാർഹിക സിലിണ്ടറിന്‍റെ വില 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വില 1006.50 രൂപയായി. ഏജൻസി വാഹനങ്ങളിൽ വിതരണം ചെയ്യുമ്പോൾ വാഹനക്കൂലി കൂടി നൽകണം. 956.50 രൂപയായിരുന്നു 14.2 കിലോ ഗാർഹിക സിലിണ്ടറിന്‍റെ നിലവിലെ വില.

പെട്രോൾ-ഡീസൽ വിലവർധന മൂലം സാധാരണ കുടുംബങ്ങൾ ദുരിതത്തിലാണ്. ഇതിനിടെയാണ് 1000ത്തിലധികം രൂപ കൊടുത്ത് ഇനി പാചകവാതകം കൂടി വാങ്ങേണ്ടിവരുന്നത്. സ്കൂൾ തുറക്കുന്നതോടെ പാചകവാതകത്തിന്‍റെ ആവശ്യം വർധിക്കും. ഇതിനുമാത്രമായി വലിയ തുക മുടക്കേണ്ടിവരുമെന്ന് വീട്ടമ്മമാർ പറയുന്നു. ഗ്യാസ് ഉപയോഗം ശീലമായതിനാൽ വേഗത്തിൽ വിറകിലേക്ക് മാറാൻ കഴിയാത്ത സ്ഥിതിയുണ്ടെന്ന് ഇവർ പറയുന്നു. വിറക് കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്.

കോവിഡ്‌ സാഹചര്യത്തിൽ പലവിധ സാമ്പത്തിക പ്രതിസന്ധികൾ മൂലം പ്രയാസപ്പെടുന്ന ജനങ്ങൾക്ക്‌ അധികഭാരം താങ്ങാൻ പറ്റില്ല.

മണ്ണെണ്ണ വിലയും വർധിക്കുകയാണ്. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ഏപ്രിൽ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില.

വില കുറയുമെന്ന ധാരണയിൽ കഴിഞ്ഞമാസം വിതരണക്കാർ മണ്ണെണ്ണ എടുത്തിരുന്നില്ല. ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം മണ്ണെണ്ണക്ക് വർധിച്ചത്. ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണ വില ഒറ്റയടിക്ക് 81 രൂപയായി. കഴിഞ്ഞ ദിവസം മൂന്ന് രൂപയാണ് കൂടിയിരിക്കുന്നത്.

ഇതിനൊപ്പം അരലിറ്റർ മണ്ണെണ്ണ മാത്രമാണ് റേഷൻ കടകളിൽനിന്ന് ലഭിക്കുന്നത്. അതിനാൽ, മണ്ണെണ്ണ അടുപ്പുകളും ഉപയോഗിക്കാൻ ബുദ്ധിമുട്ടും.

കഴിഞ്ഞയാഴ്ച വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന് 103 രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി. നാലുമാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്കു വര്‍ധിപ്പിച്ചത്.

വാണിജ്യ സിലിണ്ടറുകൾക്ക്‌ വില വർധിച്ചത് ഹോട്ടൽ മേഖലക്ക് കനത്ത പ്രഹരമായിരുന്നു. കോവിഡിനുശേഷം കച്ചവടം സജീവമാകുന്നതിനിടെ വിലക്കയറ്റം ഉടമകളെ തളർത്തിയിരിക്കുകയാണ്. കച്ചവടം സജീവമാകുന്നതിനിടെ വിലവർധന തരിച്ചടിയാകുമെന്നതിനാൽ പല ഉടമകളും ഭക്ഷണവില ഉയർത്തിയിരുന്നില്ല. എന്നാൽ, പിടിച്ചുനിൽക്കാനാവില്ലെന്ന സ്ഥിതിയിൽ വില വർധിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു.

Tags:    
News Summary - LPG exceeds 1000; Distress fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.