ലിജുമോൻ

എക്സൈസിനെ കണ്ട് ഭയന്ന്​ കഞ്ചാവ് വിഴുങ്ങി; ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തു

കോട്ടയം: പേരൂർ റോഡിൽ എക്സൈസ് സംഘത്തെ കണ്ട് ഭയന്ന യുവാവ് കഞ്ചാവ് വിഴുങ്ങി, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പുറത്തെടുത്തു. സംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് (35) പിടിയിലായത്.

സംക്രാന്തി പേരൂർ റോഡിൽ ചൊവ്വാഴ്ച രാത്രി എട്ട്​ മണിയോടെയാണ് സംഭവം. ഏറ്റുമാനൂർ എക്സൈസ് സംഘം നടത്തിയ പെട്രോളിങിനിടെ മമ്മൂട് കവലയിൽ ഇയാളെ കണ്ടതിനെ തുടർന്ന് ചോദ്യംചെയ്തു.

ദേഹപരിശോധന ഭയന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ നിവൃത്തിയില്ലാതെ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതി ഇയാൾ വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ ഇത് പുറത്തെടുക്കാൻ എക്​സൈസ്​ സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിനിടെ കഞ്ചാവ് പൊതി തൊണ്ടയിൽ കുടുങ്ങി, ശ്വാസതടസവും അസ്വസ്ഥതകളും കാണിച്ചതോടെ ഇയാളെ ഉടൻതന്നെ മെഡിക്കൽ കോളജിൽ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു.

ആശുപത്രിയിൽ അഡ്മിറ്റാക്കിയ പ്രതിയെ ബുധനാഴ്ച ഡിസ്ചാർജ്ജ് ചെയ്തു. ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി എക്സൈസ് സംഘം പറഞ്ഞു. മയക്കുമരുന്ന്, കഞ്ചാവ് അടക്കമുള്ള കേസുകൾ നേരത്തേ ഇയാളുടെ പേരിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലുണ്ട്.

ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ സജിത്ത്.ടി, ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്‍റീവ് ഓഫീസർ രജിത്ത്.കെ, പ്രിവന്‍റീവ് ഓഫീസർ രാജേഷ് വി.ആർ, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ നാരായണൻ, പ്രമോദ്, വിനോദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


Tags:    
News Summary - man arrested with marijuana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.