മണർകാട്: ഭക്തജനസാഗരമായി മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ. ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന പെരുന്നാൾ ദിനത്തിൽ കത്തീഡ്രലിൽ അത്യപൂർവ ഭക്തജനത്തിരക്കായിരുന്നു.
പെരുന്നാളിനോടനുബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറക്കുന്ന ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കാൻ നാനാജാതി മതസ്ഥരായ വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് എത്തിയിരുന്നു. രാത്രി വൈകിയും പള്ളിയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു.
ഓണം അവധികൂടി ആരംഭിക്കുന്നതോടെ കത്തീഡ്രലിലേക്ക് വരുംദിവസങ്ങളിൽ ഭക്തജനപ്രവാഹമായിരിക്കും. ക്രമസമാധാന പരിപാലനത്തിനും ഗതാഗത ക്രമീകരണങ്ങൾക്കുമായി പൊലീസിന്റെ സേവനവും വരുംദിവസങ്ങളിൽ ലഭ്യമാണ്. സ്ലീബ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14 വരെ വിശ്വാസികൾക്ക് ഉണ്ണിയേശുവിന്റെയും ദൈവമാതാവിന്റെയും ഛായാചിത്രം ദര്‍ശിക്കാൻ അവസരമുണ്ടായിരിക്കും.
14ന് സന്ധ്യാപ്രാർഥനയെത്തുടർന്നാണ് നട അടക്കൽ ശുശ്രൂഷ നടക്കുക. ഇന്ന് രാവിലെ 7.30ന് മൂന്നിന്മേല് കുര്‍ബാനക്ക് അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലാധിപന്‍ ഏലിയാസ് മോർ യൂലിയോസും നാളെ രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര് മിലിത്തിയോസും പ്രധാന കാർമികത്വം വഹിക്കും.
14ന് രാവിലെ 7.30ന് മൂന്നിന്മേല് കുര്‍ബാനക്ക് ക്നാനായ അതിഭദ്രാസനം കല്ലിശ്ശേരി മേഖലാധിപന്‍ കുര്യാക്കോസ് മോര് ഗ്രിഗോറിയോസ് മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് സന്ധ്യാപ്രാർഥനക്കും തുടര്‍ന്നുള്ള നടയടക്കല്‍ ശുശ്രൂഷക്കും കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര് തീമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും.
മണർകാട്: കനൽവഴിയിലൂടെ സഞ്ചരിച്ചവളായിരുന്നു ദൈവമാതാവെന്ന് മലങ്കര മെത്രാപ്പോലീത്തയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോര് ഗ്രിഗോറിയോസ്. ത്യാഗത്തിന്റെയും സഹനതയുടെയും മാതൃകയാണ് കന്യാമറിയം കാണിച്ചുതരുന്നത്. ശ്രേഷ്ഠ ബാവയുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാനദിനത്തിൽ കത്തീഡ്രലിൽ മൂന്നിന്മേൽ കുർബാനയർപ്പിച്ചശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുർബാനക്കുശേഷം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് ആദ്യകാണിക്ക സമർപ്പിച്ചു. തുടർന്ന് വൈദികരും വിശ്വാസികളും കാണിക്ക സമർപ്പിച്ചു.
ഉച്ചക്ക് രണ്ടിന് പെരുന്നാളിന് സമാപനം കുറിച്ച് കരോട്ടെ പള്ളിയിലേക്കുള്ള റാസ നടന്നു. ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ജോർജ് കരിപ്പാൽ, ഫാ. എബ്രഹാം കരിമ്പന്നൂർ എന്നിവർ കാർമികത്വം വഹിച്ചു. റാസക്കുശേഷം നേർച്ച വിളമ്പും നടന്നു. തുടർന്ന് പള്ളിക്ക് ചുറ്റുമുള്ള വട്ടപ്പാട്ടും തളികയെടുക്കലും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.