കോട്ടയം: പാട്ടിലും നൃത്തത്തിലും മയങ്ങിയ നഗരം. പാതിര പകലാക്കി നഗരത്തിലൂടെ നടന്നുനീങ്ങുന്ന പെൺകുട്ടികൾ, മേക്കപ്പിട്ട് ചിലങ്ക കിലുക്കി ഗ്രീൻ റൂമിൽനിന്ന് ഓടിക്കിതച്ചെത്തുന്ന സുന്ദരികളും സുന്ദരന്മാരുമായ മത്സരാർഥികൾ. രാത്രിയും കടന്ന് പുലർച്ചയിലേക്കുനീണ്ട മത്സരങ്ങൾ... ഈ കാഴ്ചകൾകണ്ട് നഗരം പറഞ്ഞു; എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ. വെറുതെ പറയുന്നതല്ല; തിങ്കളാഴ്ച മുതൽ കോട്ടയം നഗരത്തിൽനിന്നുള്ള കാഴ്ചകൾ അത്രയേറെ മനോഹരങ്ങളാണ്. എം.ജി സർവകലാശാല കലോത്സവത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ച് ആഘോഷിക്കുകയാണ് നഗരം.
രാത്രി എട്ടോടെ ആളൊഴിയുന്ന സെൻട്രൽ ജങ്ഷനും തിരുനക്കര മൈതാനവും പാതിരാത്രിയിലും വിദ്യാർഥികൾ അവരുടേതാക്കി. മാറ്റംകണ്ട് അന്തംവിട്ട് ആസ്വദിക്കുകയാണ് നഗരവാസികളും. രണ്ടാം ദിനമായ ചൊവ്വാഴ്ച നാല് സ്റ്റേജ് ഇനങ്ങളിലും 11 സ്റ്റേജിതര ഇനങ്ങളിലുമാണ് മത്സരം നടന്നത്. രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സ്റ്റേജ് മത്സരങ്ങൾ വൈകി.
സി.എം.എസ് കോളജിൽ പെൺകുട്ടികളുടെ ഭരതനാട്യം ആരംഭിച്ചത് 11.45 നാണ്. മത്സരാർഥികളുടെ എണ്ണം കൂടുതലായതിനാൽ പല മത്സരങ്ങളും അവസാനിച്ചത് പുലർച്ചയോടെ. ഭരതനാട്യത്തിൽ 75 പേരും മോഹിനിയാട്ടത്തിൽ 50 പേരുമാണ് മത്സരിച്ചത്. പരിചമുട്ടിൽ മാത്രമായിരുന്നു കുറവ്. നാലു ടീം. കനത്ത ഉച്ചച്ചൂടും വകവെക്കാതെ തിരുനക്കരയിലെ മോണോആക്ട് സദസ്സും വേദിയും സജീവമായിരുന്നു.
കോട്ടയം: ഇത്തവണത്തെ എം.ജി സർവകലാശാല കലോത്സവത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ പേരാണ്. ‘വീ ദ പീപിൾ ഓഫ് ഇന്ത്യ’ എന്ന ആ പേരിനു പിന്നിലുള്ളത് ലോ അക്കാദമി അവസാനവർഷ വിദ്യാർഥിനി മീനാക്ഷി തമ്പിയാണ്.
രാജ്യത്തിന്റെ മതേതരത്വത്തെയും സഹോദര്യത്തെയും സമത്വത്തെയും തച്ചുടക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രതിഷേധമായി കല മാറുമ്പോൾ ഇതല്ലാതെ അനുയോജ്യമായ മറ്റൊരു പേരില്ലെന്ന് പറയുന്നു, മീനാക്ഷി. കലോത്സവത്തിന് പേര് ക്ഷണിച്ച അറിയിപ്പിൽ ആശയമായി നൽകിയത് ജനാധിപത്യമായിരുന്നു. അങ്ങനെയാണ് ആ പേരിലേക്ക് എത്തിയത്.
ഒമ്പതു വേദികൾക്കും ഭരണഘടന മൂല്യങ്ങളായ സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ജസ്റ്റിസ്, റിപ്പബ്ലിക്, സോവറൈൻ, ലിബർട്ടി, ഇക്വാളിറ്റി, ഫ്രറ്റേണിറ്റി എന്നീ പേരു നിർദേശിച്ചതും മീനാക്ഷിതന്നെ. ഭരതനാട്യത്തിൽ ഡിപ്ലോമ നേടിയ മീനാക്ഷി കേരള സർവകലാശാലക്കും എം.ജി സർവകലാശാലക്കും വേണ്ടി മത്സരിച്ച് സമ്മാനം നേടിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. അജിത് തമ്പിയും ജിജിയുമാണ് മാതാപിതാക്കൾ.
കോട്ടയം: എം.ജി കലോത്സവം പരിചമുട്ട് മത്സരത്തിൽ ആലുവ യു.സി കോളജ് നേടിയ ഒന്നാംസ്ഥാനം ചരിത്രമാണ്. ആദ്യമായാണ് എം.ജിയിൽ പരിചമുട്ട് മത്സര ഇനമാകുന്നത്. മണർകാട് കുഞ്ഞപ്പനാശാന്റെ ശിക്ഷണത്തിൽ അരങ്ങുതകർത്ത കുട്ടികൾ ഒന്നാംസ്ഥാനവുമായി മടങ്ങി. 40 വർഷമായി കുഞ്ഞപ്പനാശാൻ കലാരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.