കോട്ടയം: ജില്ലയിൽ പാൽ ഉൽപാദനത്തിൽ വൻ ഇടിവ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉൽപാദനത്തിൽ ശരാശരി 15,384 ലിറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറിൽ ശരാശരി പ്രതിദിന ഉൽപാദനം 87,693 ലിറ്ററായിരുന്നെങ്കിൽ ഇത്തവണ ഇത് 72,309 ലിറ്ററായി കുറഞ്ഞു. ഈ ആഗസ്റ്റിൽ 72,255 ലിറ്റായിരുന്നു ഉൽപാദനം. എന്നാൽ, കഴിഞ്ഞവർഷം ഇതേസമയത്ത് 91,359 ലിറ്ററായിരുന്നു.
കഴിഞ്ഞമാസങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഉൽപാദനം കുറയുകയാണ്. ഈവർഷം ഏപ്രിലിൽ 76,185.55 ലിറ്ററായിരുന്നെങ്കിൽ സെപ്റ്റംബറിലെത്തിയപ്പോൾ 72,309 ലിറ്ററായി കുറഞ്ഞു.
ക്ഷീരമേഖലയിൽനിന്നുള്ള കർഷകരുടെ കൊഴിഞ്ഞുപോക്ക് ഉൽപാദനത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. ചെലവ് കുത്തനെ കൂടിയതോടെ കന്നുകാലി വളര്‍ത്തല്‍ ഒട്ടേറെപ്പേര്‍ ഉപേക്ഷിച്ചിരുന്നു. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വില വലിയതോതിലാണ് വർധിച്ചത്. രണ്ടുവർഷത്തിനിടെ കാലിത്തീറ്റക്ക് ചാക്കിന് 1000 രൂപയിലധികമാണ് വർധിച്ചത്. വെറ്ററിനറി മരുന്നുകളുടെ വർധനയും തിരിച്ചടിയായി. വയ്ക്കോലിനും തോന്നുംപടിയാണ് വില. ഇതോടെ പശു വളർത്തൽ നഷ്ടത്തിലേക്ക് നീങ്ങുകയും പലരും മേഖലയിൽനിന്ന് പിൻവാങ്ങുകയുമായിരുന്നു. ഫാമുകളുടെ എണ്ണത്തിലും കുറവുണ്ടായി.
റബര്‍ വിലയിടിവിനെതുടർന്ന് നാല്-അഞ്ച് വർഷങ്ങൾക്ക് മുമ്പ് മലയോരമേഖലയിലെ കര്‍ഷകര്‍ കൂട്ടമായി പശു വളര്‍ത്തലിലേക്ക് തിരിഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കിയതോടെ വന്‍തോതില്‍ ഫാം മാതൃകയിലും കര്‍ഷകര്‍ രംഗത്തെത്തി. ഇതോടെ പാല് ഉല്പാദനം വര്‍ധിച്ചു. എന്നാൽ, തുടരെ പ്രതിസന്ധികൾ രൂപപ്പെട്ടതോടെ ഇവർ പിൻമാറി. വന്‍തുക വായ്പയെടുത്ത് ഫാം തുടങ്ങി പലരും കടക്കെണിയിലുമാണ്. അടുത്തിടെ തമിഴ്നാട്ടിലേക്ക് പശുക്കളെ കൂട്ടമായി ഇവിടെനിന്ന് വാങ്ങിക്കൊണ്ടുപോയതും പാലിന്റെ അളവ് കുറയാൻ ഇടയാക്കി. ഡെയറി ഫാമുകൾക്കായുള്ള കേന്ദ്ര സർക്കാറിന്റെ രാഷ്ടീയ ഗോകുൽ മിഷൻ പദ്ധതിക്കായാണ് ജില്ലയിൽനിന്നടക്കം പശുക്കളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. 200 പശുക്കളെവരെ വളർത്തുന്നതിന് നാലുകോടി അനുവദിക്കുന്ന പദ്ധതിയിൽ രണ്ടുകോടി കേന്ദ്രസബ്സിഡിയും രണ്ടുകോടി ബാങ്ക് വായ്പയുമാണ്. ഈ പദ്ധതിയിൽ പുതിയതായി ഫാമുകൾ ആരംഭിക്കാൻ ലക്ഷ്യമിട്ടായിരുന്നു എജന്റുമാരുടെ നേതൃത്വത്തിൽ പശുക്കളെ വാങ്ങിയത്.
(മാസം, ശരാശരി പ്രതിദിന ഉൽപാദനം)
എപ്രിൽ -76185. 55 ലി.
മേയ് -78531.49
ജൂൺ -73518.13
ജൂലൈ -72444.00
ആഗസ്റ്റ് -72255.00
സെപ്റ്റംബർ -72309.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.